മലയാളികളുടെ പ്രിയ താരമാണ് വിനീത്. 1986ൽ പുറത്തിറങ്ങിയ നഖക്ഷതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വിനീത് ശ്രദ്ധിക്കപ്പെട്ടത്. അഭിനയത്തോടൊപ്പം നൃത്തകലയിലെ അദ്ദേഹത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ വർഷം വൻ വിജയമായി മാറിയ എക്കോയിലും സർവ്വം മായയിലും ശക്തമായ അഭിനയമാണ് വിനീത് കാഴ്ചവെച്ചത്.
എക്കോയിൽ നെഗറ്റീവ് ഷെയ്ഡുള്ള പോത്തൻ എന്ന കഥാപാത്രമായി എത്തിയപ്പോൾ, സർവ്വം മായയിൽ ഒരു സ്‌നേഹമുള്ള കുടുംബനാഥനായും മകളോട് വാത്സല്യവും സ്നേഹവും എല്ലാ കാര്യങ്ങൾക്കും സപ്പോർട്ടായി നിൽക്കുന്ന അച്ഛനെയുമാണ് നമ്മൾ കണ്ടത്.
ഡെലൂലുവിന്റെ അച്ഛനായി താരം ചിത്രത്തിൽ എത്തിയപ്പോൾ, അതുപോലെയൊരു അച്ഛനെ വേണമെന്നായിരിക്കും ഓരോ മലയാളി കുട്ടികളും ആഗ്രഹിക്കുക. കാരണം അത്രയും സപ്പോർട്ടായി നിൽക്കുന്ന ഒരു അച്ഛൻ കഥാപാത്രത്തെയാണ് നാം അതിൽ കണ്ടത്. ഇപ്പോളിതാ ജീവിതത്തിലും താനൊരു ഡെലൂലുവിന്റെ അച്ഛനാണ് എന്ന് പറയുകയാണ് വിനീത്. മൂവി വേൾഡ് ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.
സർവ്വം മായാ, Photo: Instagram/ Screengrab
‘റിയൽ ലൈഫിൽ ഞാനൊരു ഡെലൂലുവിന്റെ അച്ഛനാണ്. വീട്ടിൽ ഞങ്ങൾക്കിടയിൽ ഒരുപാട് ഡെലൂലു നിമിഷങ്ങൾ ഉണ്ടാകാറുണ്ട്. അങ്ങനെ കേൾക്കുമ്പോൾ അതൊരു നല്ല ഫീലിങ്ങാണ്.
ആ ഒരു ഫീൽ ഗുഡ് ഫാമിലി എന്റർടൈനർ, ആ ഒരു ഹാപ്പിനസ്, കുടുംബത്തിന്റെ ആ ഇമ്പം വളരെ രസകരമാണ്. നമ്മൾ ആക്ടേഴ്സിന് അത് അഭിനയിക്കുമ്പോളും എക്സ്‌പീരിയൻസ് ചെയ്യാൻ കഴിയും. അതൊരു വളരെ സന്തോഷമുള്ള കാര്യമാണ്. റിയൽ ലൈഫിലും അങ്ങനത്തെ ഒരുപാട് മൊമെന്റ്സ് ഉണ്ടായിട്ടുണ്ട്,’ വിനീത് പറഞ്ഞു.
വിനീത്, Photo: IMDb
ജിയോഹോട്ട്സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ‘ ആണ് താരത്തിന്റേതായി വരാനിരിക്കുന്ന സീരീസ്. ഈ സീരീസിലും ഡെലൂലുവിനെ പോലെ ഒരു മകൾ തനിക്കുണ്ടെന്നും അതുപോലെ കുറെ മുഹൂർത്തങ്ങൾ ഈ സീരീസിലുമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ വിനീതിന്റെ മകളായി വേഷമിടുന്ന റോസ്ലിൻ യഥാർത്ഥത്തിൽ ഒരു ഡെലൂലുവാണെന്നും താരം പറഞ്ഞു. ഫെബ്രുവരി 27ന് സ്ട്രീമിങ് ആരംഭിക്കുന്ന സീരീസിന്റെ തിരക്കഥ എഴുതിയത് ഗാനരചയിതാവ് വിനായക് ശശികുമാർ ആണ്. ഈ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫ് ആണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന ഈ സീരീസ് നിർമ്മിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിൽ മാത്യു ജോർജ്ജാണ്.
റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ഈ സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.
Content Highlight: Actor Vineeth talk about the movie sarvam maya