കൊച്ചി: മീഡിയവണ്‍ ചാനലിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി നടന്‍ വിനായകന്‍. ചാനലിലെ ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയെ വിമര്‍ശിച്ചുകൊണ്ടാണ് വിനായകന്‍ രംഗത്തെത്തിയത്. പരിപാടിയിലെ അവതാരകരെ അടുപ്പൂട്ടികളെന്ന് വിശേപ്പിച്ചാണ് വിനായകന്റെ വിമര്‍ശനം.
എന്താണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍, എന്താണ് മള്‍ട്ടി റോള്‍ ഫൈറ്റര്‍ ജെറ്റ് എന്നൊക്കെ മനസിലാക്കണമെങ്കില്‍ കൊള്ളാവുന്ന ഇടത്ത് പോയി പഠിക്കണമെന്ന് വിനായകന്‍ കുറിച്ചു.
ഔട്ട് ഓഫ് ഫോക്കസിലെ ‘സ്റ്റാന്‍ഡ് വിടാത്ത എഫ് 35’ എന്ന എപ്പിസോഡിയനെയാണ് വിനായകന്‍ വിമര്‍ശിച്ചത്. പരീക്ഷണ പറക്കലിനിടെ അടിയന്തിരമായി തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ് 35ന്റെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.
‘ഈ അടുപ്പൂട്ടികള്‍ പറയുന്നത് കേള്‍ക്കരുത്. ഇവര്‍ക്ക് ഒന്നും അറിയില്ല. നിന്റെയൊക്കെ മക്കള്‍ക്കെല്ലാം സകല വിമാനങ്ങളെ കുറിച്ചും നിന്നേക്കാൾ കൂടുതല്‍ നന്നായി അറിയാം. കാശിനുവേണ്ടി സ്വന്തം അമ്മയും അച്ഛനും ഇങ്ങനെ വിവരക്കേട് വിളിച്ചു പറയുമ്പോള്‍ ആ മക്കള്‍ക്ക് എന്തൊരു നാണക്കേടായിരിക്കും. അമ്മേ… അച്ഛാ… ഞങ്ങളെ ജീവിപ്പിക്കാന്‍ നിങ്ങളിങ്ങനെ വിവരദോഷം പറയണമെന്നില്ല, പിച്ച എടുത്താണെങ്കിലും ജീവിച്ചോളാമെന്ന് മാപ്രകളോട് സ്വന്തം മക്കള്‍ പറയും,’ വിനായകന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം എം. സ്വരാജിനെതിരെ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ആരോപണത്തെ വസ്തുതാപരമായി തുറന്നുകാണിക്കുന്ന ന്യൂസ് ബുള്ളറ്റ് കേരളയുടെ വീഡിയോ കോപ്പി റൈറ്റ് ലംഘനമാണെന്ന് ആരോപിച്ച് മീഡിയാ വണ്‍ സ്‌ട്രൈക്ക് ചെയ്തിരുന്നു.
തൃപ്പുണിത്തുറ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഘര്‍വാപസി സെന്ററിന്റെ പ്രവര്‍ത്തനം തടയാന്‍ സ്വരാജ് ഇടപ്പെട്ടില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഈ സ്ഥാപനം പൂട്ടിച്ചതെന്നുമാണ് ഔട്ട് ഓഫ് ഫോക്കസില്‍ മീഡിയവണ്‍ സീനിയര്‍ ന്യൂസ് എഡിറ്ററായ അജിംസ് പറഞ്ഞത്. വിഷയത്തില്‍ പൊലീസ് കേസെടുത്തില്ലെന്നും അന്വേഷണം നടത്തിയില്ലെന്നും അജിംസ് പറഞ്ഞിരുന്നു.
എന്നാല്‍ ഈ വാദങ്ങളെ പൊളിച്ചുകൊണ്ട് 2017ല്‍ മീഡിയവണ്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകള്‍ നിരത്തിക്കൊണ്ടാണ് ന്യൂസ് ബുള്ളറ്റ് കേരള വീഡിയോ തയ്യാറാക്കിയത്. ഘര്‍വാപസി സെന്ററിനെതിരെ അന്നത്തെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധവും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സംബന്ധിച്ചും മീഡിയവണ്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു.
Content Highlight: Actor Vinayakan against mediaone