| Saturday, 17th October 2026, 9:26 pm

പാർവതിയിൽ നിന്നും ഞാൻ അത് പ്രതീക്ഷിച്ചിരുന്നില്ല; വിനയ് ഫോർട്ട്

അജ്മല്‍ കെ

2009-ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് വിനയ് ഫോർട്ട്. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ നിവിൻ പോളി ചിത്രം പ്രേമത്തിലെ വിമൽ സാർ എന്ന കഥാപാത്രമാണ് വിനയ് ഫോർട്ടിനെ പ്രേക്ഷകർക്കിടയിൽ സുപരിചിതനാക്കുന്നത്. പിന്നീട് തമാശ, മാലിക്, ചുരുളി, ആട്ടം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ വിനയ് കൈയടി നേടുകയായിരുന്നു.

നിവിൻ പോളി – മമിത ബൈജു കൂട്ടുകെട്ടിൽ ഇൻഡസ്ട്രി ഹിറ്റടിച്ച ഗിരീഷ് എ.ഡി. ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റിൽ ബാങ്ക് ഉദ്യോഗസ്ഥനായ അമ്മാവനായി വിനയ് ഫോർട്ട് അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രത്തിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇതിനുപുറമെ ദുൽഖർ ചിത്രമായ ഐ ആം ഗെയിം, യുവ സംവിധായകൻ ഷഹദ് റഹ്മാൻ സംവിധാനം ചെയ്ത പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്നീ ചിത്രങ്ങളിലും വിനയ് ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

വിനയ് ഫോർട്ട്,പാർവതി. Photo. Screen Grab/ Youtube

ഇപ്പോഴിതാ നടിയും സഹപ്രവർത്തകയുമായ പാർവതി തിരുവോത്തിനെക്കുറിച്ച് ഐയാം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് നടൻ വിനയ് ഫോർട്ട്. സഹതാരങ്ങളുടെ പ്രകടനത്തെ അഭിനന്ദിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും പാർവതി തിരുവോത്ത് കാണിക്കുന്ന മനസ് എടുത്തുപറയുകയാണ് നടൻ.

ഒരുമിച്ച് അഭിനയിക്കുമ്പോൾ ഒരു രംഗം പൂർത്തിയായാൽ തന്റെ പ്രകടനത്തെക്കുറിച്ച് പാർവതി നേരിട്ടെത്തി നല്ല വാക്കുകൾ പറയാറുണ്ടെന്നും മറ്റ് അഭിനേതാക്കളോടും താരം ഇതേ രീതിയിലാണ് പെരുമാറുന്നതെന്നും വിനയ് ഫോർട്ട് പറഞ്ഞു.

‘പാർവതി ഒരു കോ ആക്ടറെ അപ്രിഷ്യേറ്റ് ചെയ്യുന്ന രീതിയുണ്ട്. ഞാനും പാർവതിയും ഒരുമിച്ച് അഭിനയിക്കുമ്പോൾ ഒരു ടേക്ക് കഴിഞ്ഞാൽ പാർവതി അടുത്തുവന്ന് പറയും, ‘വിനയ്, ഇത് എങ്ങനെയാണ് ചെയ്യുന്നത്? ഭയങ്കര നല്ല പരിപാടിയായിട്ട് ചെയ്തു’ എന്നൊക്കെ. അത് എന്നോട് മാത്രമല്ല, ഒട്ടുമിക്ക ആർട്ടിസ്റ്റുകളോടും പാർവതി ഇങ്ങനെ നേരിട്ട് പോയി സംസാരിക്കുകയും അവരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യും. സിനിമ കഴിഞ്ഞാലും സഹപ്രവർത്തകരോടുള്ള ആ കരുതൽ പാർവതി കാണിക്കാറുണ്ട്. ഒരു കോ-ആക്ടറെ ഇത്രത്തോളം ഉൾക്കൊള്ളുന്ന ഒരു ആർട്ടിസ്റ്റിനെ ഞാൻ കണ്ടിട്ടില്ല,’ വിനയ് പറഞ്ഞു.

വർഷങ്ങൾക്കുമുമ്പ് ഒരു വിവാഹച്ചടങ്ങിൽവെച്ച് കണ്ടപ്പോഴും പാർവതി തന്നെ അഭിനന്ദിച്ച അനുഭവം വിനയ് പങ്കുവെച്ചു. അന്ന് ഷട്ടർ എന്ന സിനിമയിൽ മാത്രമായിരുന്നു താൻ അഭിനയിച്ചിരുന്നതെന്നും എന്നിട്ടും പാർവതി പരസ്യമായി തന്റെ പ്രകടനത്തെ അഭിനന്ദിച്ചത് മറക്കാനാകില്ലെന്നും താരം പറയുന്നു.

പാർവതി തിരുവോത്ത്. Photo. Screen Grab/ Youtube

‘ഒരുപാട് വർഷങ്ങൾക്കുമുമ്പ് ഒരു കല്യാണത്തിന് വെച്ച് പാർവതിയെ കണ്ടപ്പോൾ, ‘വിനയ്, കണ്ടതിൽ ഭയങ്കര സന്തോഷം. ഇയാൾ നല്ലൊരു ആക്ടറാണ്’ എന്നൊക്കെ പറഞ്ഞു. അന്ന് ഞാൻ ഷട്ടർ മാത്രമേ ചെയ്തിട്ടുള്ളൂ. ആ സിനിമ കഴിഞ്ഞ സമയത്ത് പാർവതി എന്നെ പരസ്യമായി ഒരുപാട് അഭിനന്ദിച്ചിട്ടുണ്ട്. എന്റെ കൂടെ അന്ന് വേറെയും ആർട്ടിസ്റ്റുകളുണ്ടായിരുന്നു. പാർവതിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു അഭിനന്ദനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,’ വിനയ് ഫോർട്ട് പറഞ്ഞു.

Content Highlight: Actor Vinay Forrt highlighted the willingness shown by Parvathy Thiruvothu to appreciate and encourage the performances of her co-stars

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more