മലയാളികളെ കുടുകുടാ ചിരിപ്പിച്ച ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘നൂലുണ്ട’ എന്ന കഥാപാത്രത്തെ ആരും മറന്നിട്ടുണ്ടാകില്ല. ചെറിയൊരു വേഷത്തിലൂടെ തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വിജീഷ് വിജയൻ, നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഖിൽ സത്യൻ സംവിധാനം ചെയ്ത ‘സർവ്വം മായ’യിലൂടെ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
നന്മ നിറഞ്ഞ സിനിമകളോടാണ് എപ്പോഴും പ്രത്യേക ഇഷ്ടമെന്ന് വിജീഷ് വിജയൻ പറയുന്നു. ‘പാച്ചുവും അത്ഭുതവിളക്കും’ തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.
സർവം മായ ടീസർ, Photo: YouTube/ Screen garab
യാതൊരു വിധ അശ്ലീല വാക്കുകളോ ബോഡി ഷെയ്‌മിങ്ങോ ഇല്ലാതെ, സാഹചര്യത്തിനനുസരിച്ചുള്ള തമാശകൾ മാത്രം ഉപയോഗിച്ച സിനിമയാണ് ‘സർവ്വം മായ’യെന്നും വിജീഷ് വിജയൻ പറഞ്ഞു. പണ്ട് ശ്രീനിവാസൻ ചെയ്തതുപോലെ, ‘ആലോചിച്ച് ചിരിക്കാവുന്ന’ കോമഡിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനോരമ ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
നിവിൻ പോളി, അജു വർഗീസ്, Photo: Nivin Pauly / Facebook
‘എനിക്ക് വളരെ ഇഷ്ടമുള്ള സിനിമയാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ‘സർവ്വം മായ’ ഞാൻ കണ്ടിടത്തോളം നല്ലൊരു സിനിമയാണ്. യാതൊരു അശ്ലീല വാക്കുകളും ഉപയോഗിക്കാതെ, അധികം കൗണ്ടർ കോമഡികളില്ലാത്ത ചിത്രമാണത്. കോമഡിക്കായി ബോഡി ഷെയ്മിങ് പോലുള്ള കാര്യങ്ങൾ ഉപയോഗിച്ചിട്ടില്ല. സാഹചര്യത്തിനനുസരിച്ചുള്ള തമാശകൾ മാത്രം. പണ്ട് ശ്രീനിവാസൻ സാർ ഉപയോഗിച്ചിരുന്നതുപോലെ, നമുക്ക് ആലോചിച്ച് ചിരിക്കാവുന്ന ഹ്യൂമർ,’ വിജീഷ് വിജയൻ പറയുന്നു.
അതേ നന്മയുടെ വഴിയിലാണ് ‘സർവ്വം മായ’യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഖിൽ സത്യൻ മികച്ച സംവിധായകനും എഴുത്തുകാരനും മാത്രമല്ല മികച്ച എഡിറ്ററുമാണെന്നും വിജീഷ് അഭിപ്രായപ്പെട്ടു.
‘സർവ്വം മായ’യിലെ ശ്രീക്കുട്ടൻ എന്ന കഥാപാത്രത്തെക്കുറിച്ചും വിജീഷ് വിശദീകരിച്ചു. അജു വർഗീസ് അവതരിപ്പിക്കുന്ന രൂപേഷിന്റെ സഹായിയായ ശ്രീക്കുട്ടൻ, പൈസയോട് ആർത്തിയുള്ള ഒരാളാണ്. കഥ മുന്നോട്ട് പോകുമ്പോൾ നിവിൻ പോളിയുടെ കഥാപാത്രത്തിന്റെ വരവോടെ ഉണ്ടാകുന്ന സംഘർഷങ്ങളും ഭീഷണി രംഗങ്ങളും ശ്രീക്കുട്ടന് കൂടുതൽ ഊർജം നൽകിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റണ്ട് രംഗങ്ങളിൽ അപകടകരമായ ഭാഗങ്ങൾ ഒഴികെ, ബാക്കി എല്ലാം താനാണ് ചെയ്തതെന്നും വിജീഷ് വിജയൻ പറഞ്ഞു.