| Saturday, 5th September 2026, 7:54 am

എല്ലാവരും മാത്യുവിനെ പയ്യനായാണ് കാണുന്നത്, ആ കാഴ്ചപ്പാട് മാറണം; വിജയരാഘവൻ

അജ്മല്‍ കെ

മധു സി. നാരായണൻ സംവിധാനം ചെയ്ത കുമ്പളങ്ങി നെറ്റ്‌സ് എന്ന ചിത്രത്തിലൂടെ ബാല താരമായി എത്തിയ അഭിനേതാവാണ് മാത്യു തോമസ്. തുടർന്ന് തണ്ണീർ മത്തൻ ദിനങ്ങൾ, ഓപ്പറേഷൻ ജാവ, നെയ്മർ, പ്രേമലു, ജോ ആൻഡ് ജോ, ലിയോ തുടങ്ങിയ നിരവധി സിനിമകളിൽ താരം അഭിനയിച്ചു. ബാലതാരാമായി സിനിമയിലേക്ക് എത്തിയത് കൊണ്ട് സീരിയസ് റോളുകൾ ചെയ്യുമ്പോൾ പ്രേക്ഷകർക്ക് തന്നെ നായകനായി കാണുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് താരം മുന്നേ പറഞ്ഞിരുന്നു.

എന്നാൽ മാത്യുവിനെ കുറിച്ച്‌ നടൻ വിജയരാഘവൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാത്യുവിന്റെ മനസിൽ ഇപ്പോഴും കുട്ടിത്തമുണ്ടെന്നും അതുകൊണ്ടുതന്നെ പ്രേക്ഷകർ ഒരു പയ്യനായാണ് അദ്ദേഹത്തെ കാണുന്നതെന്നും വിജയരാഘവൻ പറയുന്നു. ഈ കാഴ്ചപ്പാട് മാറ്റുക എന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ മാത്യുവിന് മുന്നിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. Photo. Screen Grab/ Youtube

‘മാത്യു നല്ല മിടുക്കനായ പയ്യനാണ്. അവന് ആദ്യം ഒരു പ്രശ്നമുണ്ടായിരുന്നു. പൊലീസ് വേഷം ചെയ്യുമ്പോൾ ഇത്രയും വലിയ ഒരു കഥാപാത്രം എങ്ങനെ ചെയ്യും എന്നതായിരുന്നു അവന്റെ പ്രശ്നം. ഇവന്റെ മനസിൽ ഇപ്പോഴും കുട്ടിത്തമുണ്ട്. ‘ഞാൻ ഒരു പയ്യനാണ്’ എന്ന ചിന്തയുണ്ട്. എല്ലാവരും അവനെ പയ്യനായിട്ടല്ലേ കാണുകയുള്ളൂ. പക്ഷേ സിനിമയിൽ അങ്ങനെയൊന്നുമില്ല. ആ കാഴ്ചപ്പാട് നമ്മൾ മാറ്റണം. അതുകൊണ്ട് തന്നെ ഒരു ആക്ടർ എന്ന നിലയിൽ മാത്യുവിന് ഇത് വലിയൊരു വെല്ലുവിളിയായിരുന്നു. സ്വന്തം പ്രായത്തേക്കാൾ കൂടുതൽ പക്വതയുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കണം എന്നുള്ളത്,’ വിജയരാഘവൻ പറഞ്ഞു.

അഭിനേതാക്കൾ നേരിടുന്ന ടൈപ്പ്കാസ്റ്റിങ് എന്ന പ്രശ്നത്തെക്കുറിച്ചും വിജയരാഘവൻ തന്റെ നിലപാട് പങ്കുവച്ചു. ഒരു പ്രത്യേക തരത്തിലുള്ള കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നത് അഭിനേതാക്കൾക്ക് സ്വയം മറികടക്കാൻ കഴിയുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നു.

‘ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നത് നമുക്ക് തന്നെ ബ്രേക്ക് ചെയ്യാവുന്നതേയുള്ളൂ. ഇത്രയും വർഷം സിനിമയിലുള്ള അനുഭവം കൊണ്ട് പറയുകയാണ്. നമ്മൾ എപ്പോഴും സിനിമയിൽ ഇൻ ആയിരിക്കുക എന്നുള്ളതാണ്. ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ളത് മാത്രമല്ല, ഇഷ്ടമില്ലാത്തതും ചെയ്തിട്ടുണ്ട്. അതൊക്കെ അതിന്റെ വഴിക്ക് വിടുക. നമുക്ക് കിട്ടുന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിക്കുക എന്നുള്ളതാണ് പ്രധാനം,’വിജയരാഘവൻ പറഞ്ഞു.

പാർവതി തിരുവോത്ത്, പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ. Photo. Screen Grab/ Youtube/ IMDb

സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. ചിത്രത്തിൽ പാർവതി തിരുവോത്ത്, മാത്യു തോമസ്, വിജയ രാഘവൻ, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സെപ്തംബർ 11 ന് തിയേറ്റേറുകളിൽ എത്തും.

Content Highlight: Actor vijayaraghavan talks about Mathew thomas

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more