ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധേയനായ നടനാണ് വിജയ് സേതുപതി. തമിഴിനൊപ്പം മറ്റ് ഭാഷകളിലെ സിനിമകളിലും സജീവമായ താരം അവസാനമായി അഭിനയിച്ച മലയാളചിത്രം 2019ൽ പുറത്തിറങ്ങിയ മാർക്കോണി മത്തായി ആണ്.
ജയറാമിനൊപ്പം പ്രധാന വേഷത്തിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടാനായില്ല. ഇപ്പോഴിതാ രേഖ മേനോനുമായുള്ള അഭിമുഖത്തിൽ മലയാള സിനിമയിൽ വീണ്ടും അഭിനയിക്കാത്തതിന്റെ കാരണം തുറന്നു പറയുകയാണ് വിജയ് സേതുപതി.
‘മാർക്കോണി മത്തായി കഴിഞ്ഞ് മലയാളത്തിൽ നിന്ന് നിരവധി കഥകൾ കേട്ടു. പക്ഷേ അവയിൽ ഒന്നും ഇഷ്ടമായില്ല. പലരുടെയും അടുത്ത് നിന്ന് കഥ കേൾക്കും, ചിലപ്പോൾ ഞാൻ ഒക്കെ പറയും. എന്നാൽ പിന്നീട് അവർ വീണ്ടും വരാറില്ല. എന്തുകൊണ്ടാണെന്ന് അറിയില്ല.
വിജയ് സേതുപതി , Photo: IMDb
മലയാളം, തെലുങ്ക്, ഹിന്ദി എന്നിവിടങ്ങളിൽ നിന്ന് നിരവധി കഥകൾ വരാറുണ്ട്. എന്നാൽ എനിക്ക് ഇഷ്ടപ്പെടുന്ന കഥകൾ ഇതുവരെ കിട്ടിയിട്ടില്ല,’ വിജയ് സേതുപതി പറഞ്ഞു.
അതേസമയം ചില മലയാള സിനിമകൾ തനിക്ക് വളരെ ഇഷ്ടമാണെന്നും താരം പറഞ്ഞു. ‘തുടരും എന്ന സിനിമ എനിക്ക് വളരെ ഇഷ്ടമായി. അതുപോലെ മമ്മൂട്ടി സാറിന്റെ കളങ്കാവൽ സിനിമയും വളരെ നന്നായി തോന്നി,’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താൻ വളരെ സെൻസിറ്റീവ് സ്വഭാവമുള്ള ആളാണെന്നും അതുകൊണ്ട് നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കാറില്ലെന്നും വിജയ് സേതുപതി വ്യക്തമാക്കി. ‘എന്റെ മകൻ പലപ്പോഴും സിനിമ നല്ലതാണ്, നെഗറ്റീവ് കമന്റുകൾ ശ്രദ്ധിക്കേണ്ടെന്ന് എന്നോട് പറയും. ഞാൻ സെൻസിറ്റീവ് ആയിട്ടുള്ള ആളാണെന്ന് അവന് അറിയുന്നതിനാലാണ് അങ്ങനെ പറയുന്നത്,’ എന്നും താരം കൂട്ടിച്ചേർത്തു.
മാർക്കോണി മത്തായി, Photo:” IMDb
നടൻ മണികണ്ഠൻ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസായ മുത്തു എങ്കിറ കാട്ടാൻ എന്ന പ്രോജക്റ്റിലും വിജയ് സേതുപതി ശക്തമായ കഥാപാത്രമായെത്തുന്നുണ്ട്.
മുത്തു എന്ന വ്യക്തിയുടെ തല മാത്രം പൊലീസിന് ലഭിക്കുന്നതും തുടർന്ന് അദ്ദേഹത്തെക്കുറിച്ച് നടക്കുന്ന അന്വേഷണവുമാണ് കഥയുടെ പ്രമേയം. വിജയ് സേതുപതിക്കൊപ്പം മിലിന്ദ് സോമൻ, സിങ്കം പുലി, ഇർഷാദ് തുടങ്ങിയവരും സീരീസിൽ അഭിനയിക്കുന്നു. മാർച്ച് 27ന് കാട്ടാൻ റിലീസ് ചെയ്യും.
Content Highlight: Actor Vijay Sethupathi reveals why he didn’t act in Malayalam movies