| Monday, 22nd December 2025, 7:15 pm

പൂക്കിയായി വിജയ്; വൈറലായി കുട്ടികള്‍ക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷം

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് സിനിമാരംഗത്ത് ജയലളിതയുടെയും എം.ജി.ആറിന്റെയും പാത പിന്തുടര്‍ന്ന് തമിഴ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച സൂപ്പര്‍ താരമാണ് വിജയ്. തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സിനിമാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് താരം. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒട്ടനവധി പൊതുപരിപാടികളില്‍ താരം പ്രത്യക്ഷപ്പെടാറുണ്ട്.

കഴിഞ്ഞ ദിവസം ജാതി-മത സൗഹാര്‍ദം പ്രോത്സാഹിപ്പിക്കാനുള്ള തന്റെ പാര്‍ട്ടിയുടെ നയം വ്യക്തമാക്കിക്കൊണ്ട് മഹാബലിപുരത്ത് സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. വേദിയില്‍ ചെറിയ കുട്ടികളോടൊപ്പം മുഖംമൂടി ധരിച്ചും കളിക്കോപ്പുകള്‍ പിടിച്ചുമുള്ള താരത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

വിജയ് ചടങ്ങില്‍.Photo: screen grab/ x.com

സമൂഹമാധ്യമമായ എക്‌സിലെ പല പേജുകളും പുറത്തുവിട്ട വീഡിയോകളില്‍ കുട്ടികള്‍ക്കൊപ്പം കേക്ക് മുറിക്കുകയും ക്രിസ്മസ് ട്രീ തെളിയിക്കുകയും ചെയ്യുന്ന വിജയിയെ കാണാം. വേദിയിലേക്കെത്തിയ കുട്ടികളുടെ കൈയ്യില്‍ നിന്നും മുട്ടുകുത്തിയിരുന്ന് പൂക്കള്‍ വാങ്ങിയ വിജയ് എല്ലാവരെയും തനിക്കൊപ്പം ചേര്‍ത്ത് നിര്‍ത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്.കേക്ക് മുറിച്ചതിനു ശേഷം താരം പറഞ്ഞ വാക്കുകള്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ നയങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു.

‘നമ്മുടെ ജീവിതരീതികളും ആരാധന രീതികളും വ്യത്യസ്തമാണെങ്കിലും നമ്മളെല്ലാവരും സഹോദരങ്ങളാണ്. മത-ജാതി സൗഹൃദങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണ് തമിഴ്‌നാട്. ഈ അവസരത്തില്‍ ഒരു കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരാം, തമിഴ്‌നാടിന്റെ സാമൂഹികവും മതപരവുമായ ഐക്യം സംരക്ഷിക്കുന്നതില്‍ ഞാനും എന്റെ പാര്‍ട്ടിയായ ടി.വി.കെ യും എപ്പോഴും പ്രതിജ്ഞാബദ്ധമായിരിക്കും’ വിജയ് പറഞ്ഞു.

ബൈബിളിലെ ഒരു വചനത്തെ ഉദ്ധരിച്ച് സംസാരിച്ച വിജയ് നമുക്കായി ഒരു വെളിച്ചം ഉദിക്കുമെന്നും ആ വെളിച്ചം നമുക്കായി വഴി കാട്ടിതരുമെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേരുന്നുവെന്ന് പറഞ്ഞ വിജയ് പ്രെയസ് ദ ലോര്‍ഡ് എന്ന് പറഞ്ഞാണ് പ്രസംഗം അവസാനിപ്പിച്ചത്.

വിജയ്. Photo: theatrical poster

ജനുവരി 9 ന് പൊങ്കല്‍ റിലീസായെത്തുന്ന ജനനായകനാണ് വിജയിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന അവസാന സിനിമ. വലിയ പ്രതീക്ഷയോടെ ആരാധകര്‍ നോക്കിക്കാണുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 27 ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കും. എച്ച്. വിനോദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം പൊളിറ്റിക്കല്‍ ഡ്രാമ ഴോണറില്‍ പെടുന്നു.

അതേസമയം വമ്പന്‍ ക്ലാഷിനാണ് തമിഴ് സിനിമാലോകം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം പരാശക്തിയും ജനനായകന് വെല്ലുവിളിയായി രംഗത്തുണ്ട്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുക.

Content Highlight: actor vijay celebrates Christmas with children

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more