| Tuesday, 28th April 2026, 9:43 pm

സിനിമ പരാജയപ്പെട്ടാല്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കാന്‍ പറ്റുമോ എന്നാണ് ആദ്യം ആലോചിക്കാറുള്ളത്: വിജയ് ബാബു

അശ്വിന്‍ രാജേന്ദ്രന്‍

ഫ്രൈഡേ ഫിലിം ഹൗസ് എന്ന ബാനറിലൂടെ മലയാളികള്‍ക്ക് പരിചിതനായ നിര്‍മാതാവും അഭിനേതാവുമാണ് വിജയ് ബാബു. 1982ല്‍ പുറത്തിറങ്ങിയ സൂര്യന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് 2010 ന് ശേഷം ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാണ്. താരത്തിന്റെ ആക്ടിങ് കരിയറില്‍ ഏറെ ഫാന്‍ബേസുള്ള കഥാപാത്രമാണ് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് ഫ്രാഞ്ചൈസിലെ സര്‍ബത്ത് ഷമീര്‍. വിജയ് ബാബു തന്നെയായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.

2015 ല്‍ പുറത്തിറങ്ങിയ ആട് പരാജയമായിട്ടും പുറത്തിറക്കിയ രണ്ടും മൂന്നും ഭാഗങ്ങള്‍ മലയാള സിനിമ കണ്ട വലിയ വിജയങ്ങളാക്കി മാറ്റുന്നതില്‍ നിര്‍മാതാവായ വിജയ് ബാബു വലിയ പങ്ക് വഹിച്ചിരുന്നു. ഇപ്പോഴിതാ നിര്‍മാതാവായി ഒരു സിനിമയെ സമീപിക്കുമ്പോഴുള്ള തന്റെ മനോഭാവത്തെക്കുറിച്ച് വിജയ് ബാബു പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്‍ഡിവുഡിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

വിജയ് ബാബു. Photo: X.com

‘നിര്‍മാതാവെന്ന നിലയില്‍ ഒരു പ്രെഷര്‍ എനിക്ക് ഫീല്‍ ചെയ്തത് ആട് 3യിലാണ്. അല്ലെങ്കില്‍ എനിക്കത് ഈസിയാണ്. കാരണം ഇതുവരെയുള്ള ഞങ്ങളുടെ പ്രൊഡക്ഷനെല്ലാം സ്‌മോള്‍ അല്ലെങ്കില്‍ മീഡിയം ബഡ്ജറ്റില്‍ റിസ്‌ക് എടുക്കാതെയാണ് ചെയ്തിട്ടുള്ളത്. കാരണം ഈ സിനിമ പരാജയപ്പെട്ടാല്‍ ഞങ്ങള്‍ ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുമോ എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ഒന്ന് പരാജയപ്പെട്ടാലും അടുത്ത സിനിമ ചെയ്യാനുള്ള ബാങ്ക് ബാലന്‍സ് എന്റെ കൈയില്‍ ഉണ്ടാകുമോ എന്നാണ് ഞാന്‍ ആലോചിക്കാറുള്ളത്.

പരാജയപ്പെട്ടാലും എത്ര പരാജയപ്പെടും എന്ന് ആദ്യം നോക്കും. ഇതിന് മുമ്പ് നല്ല സിനിമകള്‍ ഒ.ടി.ടി.കള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും നല്‍കിയിട്ടുള്ളതിനാല്‍ ആരും നമ്മളെ തഴയില്ല എന്ന ഒരു ഉറപ്പുണ്ട്. നല്ലതുപോലെ ജോലി അറിയുന്ന ടീമാണ് എന്റെത്. അതുകൊണ്ട് ഞാനഭിനയിക്കുന്ന സിനിമകളില്‍ ക്രിയേറ്റീവ് ടീമിനൊപ്പം ജോയിന്‍ ചെയ്യും. പക്ഷേ ഇതൊരു സ്‌ട്രെസ്സായി ആദ്യമായി എനിക്ക് ഫീല്‍ ചെയ്തത് ആട് 3യിലാണ്. എന്റെ പല സീനുകളും വേണോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു,’ വിജയ് ബാബു പറഞ്ഞു.

ആട് 3. Photo: Friday Film House

2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ ആണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ പ്രൊഡക്ഷനില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രം. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍, അടി കപ്യാരെ കൂട്ടമണി, തെരി,  ജല്ലിക്കെട്ട്, പടക്കളം തുടങ്ങിയ ചിത്രങ്ങളും ഈ ലിസ്റ്റില്‍ പെടുന്നു.

Content Highlight: Actor Vijay Babu talks about his production house and Aadu 3 Movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more