| Monday, 9th January 2023, 4:25 pm

തല്ലുമാലയില്‍ കോസ്റ്റിയൂമിന് മാത്രം ചെലവായ തുക കേട്ട് ഞാന്‍ ഞെട്ടി, അതില്‍ ഒന്നും ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസിനെയും കല്യാണി പ്രിയദര്‍ശനേയും കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. 2022 ആഗസ്റ്റ് 12നായിരുന്നു ചിത്രം തിയേറ്ററില്‍ എത്തിയത്. സിനിമയിലെ കളര്‍ഫുള്‍ കോസ്റ്റിയൂമുകള്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചയായിരുന്നു.

തല്ലുമാല സിനിമയിലെ കോസ്റ്റിയൂംസിന് മാത്രം 40 ലക്ഷം രൂപയോളം ചെലവായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. കോസ്റ്റിയൂമിന്റെ കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നുവെന്നും താരം പറഞ്ഞു. സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് തല്ലുമാലയെക്കുറിച്ച് ടൊവിനോ സംസാരിച്ചത്.

”ശരാശരി ഒരു സിനിമയുടെ കോസ്റ്റിയൂം ബഡ്ജറ്റിനെക്കാള്‍ കൂടുതലായിരുന്നു തല്ലുമാലയിലെ കോസ്റ്റിയൂം ബഡ്ജറ്റ്. 40 ലക്ഷം രൂപ എന്റെ കോസ്റ്റിയൂമിന് മാത്രം ചെലവാക്കിയിട്ടുണ്ട്. കോസ്റ്റിയൂമിന്റെ കാര്യത്തിലൊന്നും ഒരു വിട്ടുവീഴ്ചയും ഇല്ലായിരുന്നു.

കല്യാണവീട്ടിലെ സീനിനായി വന്ന ഓരോ ആര്‍ട്ടിസ്റ്റിനും കൊടുത്ത വേഷങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും. അതിന്റെ അകത്ത് വന്നിട്ടുള്ള എക്‌സട്രാ ആക്ടേര്‍സിന് പോലും ഡിസൈന്‍ ചെയ്ത് കൊടുക്കുകയായിരുന്നു. ക്വാളിറ്റിയില്‍ ഒന്നും ഒരു വിട്ടു വീഴ്ചയും ഇല്ലായിരുന്നു.

സ്റ്റൈലില്‍ കാസര്‍ഗോഡ് ഒക്കെ എത്രയോ മുന്നിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിനിമയില്‍ എഡിറ്റിങ്, മ്യൂസിക് ഒക്കെ ഭയങ്കര പ്രാധാന്യമുള്ളതാണ്. അതുപോലെ തന്നെയാണ് കോസ്റ്റിയൂമിന്റെ കാര്യത്തിലും. നല്ല പ്രാധാന്യം കൊടുത്തിട്ടാണ് ചെയ്തത്,” ടൊവിനോ തോമസ് പറഞ്ഞു.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ഓസ്റ്റിന്‍ അദ്രി ജോയ്, ഗോകുലന്‍, ബിനു പപ്പു, ചെമ്പന്‍ വിനോദ്, ജോണി ആന്റണി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് മുഹ്‌സിന്‍ പരാരിയാണ്. തിരക്കഥാ രചന മാത്രമല്ല സിനിമയിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നതും മുഹ്‌സിന്‍ തന്നെയായിരുന്നു. ആഷിഖ് ഉസ്മാനായിരുന്നു ചിത്രം നിര്‍മിച്ചത്. ആഗോളതലത്തില്‍ 72 കോടി നേടിയിട്ടുണ്ട്. 20 കോടി ചെലവിലാണ് തല്ലുമാല നിര്‍മിച്ചത്.

content highlight: actor tovino thomas about thallumala costumes

Latest Stories

We use cookies to give you the best possible experience. Learn more