| Tuesday, 11th April 2023, 11:29 am

ഹിന്ദി സിനിമയിലെ പോലെ ലവ് യു മമ്മി, ലവ് യു ഡാഡി പരിപാടിയൊന്നും മലയാളിക്കില്ലല്ലോ: ടൊവിനോ തോമസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കേരളത്തെ അതിദാരുണമായി ബാധിച്ച 2018ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് 2018. ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ലാല്‍, അജു വര്‍ഗീസ്, സുധീഷ്, അപര്‍ണ ബാലമുരളി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണി നിരക്കുന്നുണ്ട്.

മലയാളികള്‍ ഒറ്റക്കെട്ടായി നിന്നാണ് പ്രളയത്തെ നേരിട്ടത്. അന്നത്തെ സാഹചര്യത്തെ കുറിച്ചും മലയാളിയുടെ പൊതുവായുള്ള ചില സ്വഭാവങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. സ്‌നേഹം പുറത്ത് അധികം പ്രകടിപ്പിക്കുന്നവരല്ല മലയാളികളെന്നും എന്നാല്‍ അത്യാവശ്യ ഘട്ടത്തില്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കുമെന്നും മനോരമ ന്യൂസിനോട് സംസാരിക്കവെ താരം പറഞ്ഞു.

‘മലയാളികള്‍ പൊതുവെ അത്ര ഡ്രാമാറ്റിക്കല്ലായെന്നാണ് എനിക്ക് തോന്നുന്നത്. നമ്മള്‍ അങ്ങനെ ആരോടും സ്‌നേഹം അധികം പ്രകടിപ്പിക്കില്ല. സ്‌നേഹത്തെ അങ്ങനെ വാക്കാലൊന്നും നമ്മള്‍ പറഞ്ഞ് അവതരിപ്പിക്കാറില്ല. ആ ഹിന്ദി സിനിമകളിലൊക്കെ കാണുന്നത് പോലെ ലവ് യു മമ്മി, ലവ് യു ഡാഡി പരിപാടിയൊന്നും ഇവിടെയില്ലല്ലോ. അതൊന്നും മലയാളികള്‍ക്ക് തീരെയില്ല.

എന്റെ അച്ഛനെയും അമ്മയെയും തന്നെ വല്ലപ്പോഴുമാണ് ഞാനൊന്ന് കെട്ടിപിടിക്കുന്നത്. നമുക്ക് ആഗ്രഹമില്ലാത്തത് കൊണ്ടോ സ്‌നേഹമില്ലാത്തത് കൊണ്ടോ ഒന്നുമല്ല. അതൊന്നും നമ്മള്‍ ശീലിച്ചിട്ടുള്ള കാര്യമല്ല. നമ്മളെ സംബന്ധിച്ചിടത്തോളം മറ്റുള്ള നാട്ടിലെ അത്തരം സ്‌നേഹ പ്രകടനങ്ങളൊക്കെ നമുക്ക് ഭയങ്കര നാടകീയമായിരിക്കും.

മലയാളികള്‍ ഭയങ്കര സട്ടില്‍. ഉള്ളില്‍ ഈ പറഞ്ഞപോലെ എല്ലാ സ്‌നേഹവും നമുക്കുണ്ട്. അതുകൊണ്ടാണല്ലോ ഇത്തരം കഷ്ടത നിറഞ്ഞ സാഹചര്യങ്ങളിലൊക്കെ നമ്മള്‍ ഒരുമിച്ച് നില്‍ക്കുന്നത്,’ ടൊവിനോ പറഞ്ഞു.

content highlight: actor tovino thomas about malayalees unity

We use cookies to give you the best possible experience. Learn more