| Monday, 16th March 2026, 1:25 pm

'തീർച്ചയായും ദുൽഖർ ഒരു പ്രോമിസിങ് ആക്ടർ'; വർഷങ്ങൾക്കുമുമ്പ് തിലകൻ പറഞ്ഞത് ഇന്ന് സത്യമായപ്പോൾ; വൈറലായി കുറിപ്പ്

നന്ദന എം.സി

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭയാണ് തിലകൻ. അദ്ദേഹം അവതരിപ്പിച്ച അനവധി കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകരുടെ മനസിൽ സജീവമാണ്.

അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയ്ക്ക് നികത്താനാകാത്ത നഷ്ടമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പഴയ അഭിമുഖത്തിൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിലെ കരീമിക്ക എന്ന കഥാപാത്രത്തെക്കുറിച്ചും നടൻ ദുൽഖർ സൽമാനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കരീമിക്ക എന്ന കഥാപാത്രം തനിക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന അഭിപ്രായത്തോട് താൻ യോജിക്കുന്നില്ലെന്ന് തിലകൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയുടെ തിരക്കഥ ആദ്യം വായിച്ചപ്പോൾ അത് ഒരു വലിയ വെല്ലുവിളിയായി തോന്നിയതായും അദ്ദേഹം പറയുന്നു.

ദുൽഖർ സൽമാൻ, Photo: IMDb

‘മുസ്‌ലിം സമുദായത്തിന്റെ സംസ്കാരം ആണ് കൂടുതലും ഉള്ളത്, ഭാഷ പോലും പറയാനായിട്ട് ഞാൻ ആദ്യം ഒന്ന് ഹോംവർക്ക് ചെയ്യണമെന്ന് കരുതിയെങ്കിലും സംവിധായകൻ പറഞ്ഞു അത് വേണ്ട ഈ കഥാപാത്രം പല ആൾക്കാരെ കാണുന്ന ഒരു ഹോട്ടൽ ഉടമയാണ് അതുകൊണ്ട് ഭാഷയുടെ കാര്യത്തിൽ മറ്റൊന്നും ചിന്തിക്കണ്ടയെന്ന് സംവിധായകൻ പറഞ്ഞു,’ തിലകൻ വ്യക്തമാക്കി.

സിനിമയിൽ സഹതാരങ്ങളായി അഭിനയിച്ചവരെക്കുറിച്ചും തിലകൻ സംസാരിച്ചു. പ്രത്യേകിച്ച് ദുൽഖർ സൽമാനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇന്നും ശ്രദ്ധേയമാണ്.

ഉസ്താദ് ഹോട്ടൽ, Photo: IMDb

‘ദുൽഖറിന്റെ പ്രായം നോക്കുമ്പോൾ വലിയൊരു സിനിമാനടൻ എന്ന് പറയാൻ ആയിട്ടില്ല. പക്ഷേ അത് എനിക്ക് വലിയ ഗുണമായിട്ടാണ് തോന്നിയത്. പുള്ളി എന്റെ മുന്നിൽ അഭിനയിക്കാൻ ശ്രമിച്ചില്ല പകരം സ്വാഭാവികമായി ‘ബീഹേവ്’ ചെയ്യുകയായിരുന്നു

അതാണ് ഒരു നല്ല സിനിമാനടന് വേണ്ട പ്രധാന ഗുണം. അത് ദുൽഖർ ഇതിനകം തന്നെ സ്വായത്തമാക്കിയിട്ടുണ്ട്. ദുൽഖർ തീർച്ചയായും ഒരു പ്രോമിസാണ്,’ എന്നായിരുന്നു തിലകന്റെ വാക്കുകൾ.

ആ സമയത്ത് ദുൽഖർ സൽമാന്റെ രണ്ടാമത്തെ സിനിമ മാത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. എന്നാൽ അന്നേ അദ്ദേഹത്തിലെ നടന്റെ കഴിവ് തിരിച്ചറിഞ്ഞ തിലകന്റെ നിരീക്ഷണമാണ് ഇപ്പോൾ ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

ഇന്ന് നിരവധി ഭാഷകളിൽ ശ്രദ്ധേയനായി മാറിയ ദുൽഖർ സൽമാൻ മലയാള സിനിമയെ പുതിയ തലത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ്.

സഹതാരങ്ങളുടെ ചെറിയ ചലനങ്ങൾ പോലും ശ്രദ്ധിച്ച് അവരുടെ കഴിവ് തിരിച്ചറിയാൻ കഴിയുന്ന അനുഭവസമ്പത്തായിരുന്നു തിലകനെ പോലുള്ള ലെജന്റുകളുടെ പ്രത്യേകതയെന്ന് സോഷ്യൽ മീഡിയയിൽ പലരും അഭിപ്രായപ്പെടുന്നു.

വർഷങ്ങൾക്കുമുമ്പ് തിലകൻ പറഞ്ഞ ദുൽഖറിനെ കുറിച്ചുള്ള ആ വാക്കുകൾ ഇന്ന് സത്യമായെന്ന് ആരാധകർ വീണ്ടും ഓർമിപ്പിക്കുകയാണ്.

Content Highlight: Actor Thilakan’s past remarks about Dulquer Salmaan have gone viral on social media again.

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more