അന്തരിച്ച നടന്‍ ശ്രീനിവാസന് ആദരമര്‍പ്പിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. ശ്രീനിവാസന്റെ ഉദയംപേരൂറിലെ കണ്ടനാട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് സൂര്യ മലയാളത്തിന്റെ സ്വന്തം നടന് അന്ത്യാഞ്ജലിയര്‍പ്പിച്ചത്.
താന്‍ സിനിമാ അഭിനയം തുടങ്ങുന്നതിന് മുമ്പ് തന്നെ ശ്രീനിവാസന്‍ സാറിന്റെ വര്‍ക്കുകള്‍ കണ്ടു തുടങ്ങിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ എപ്പോഴും എല്ലാവരുടെയും ഓര്‍മയിലുണ്ടാകുമെന്നും സൂര്യ പറഞ്ഞു. ഷൂട്ടിന്റെ ഭാഗമായി കൊച്ചിയില്‍ ഉണ്ടായതുകൊണ്ട് അവസാനമായി കാണാന്‍ സാധിച്ചുവെന്നും അദ്ദേഹത്തിന് ആത്മശാന്തി നേരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശ്രീനിവാസന്‍. Photo: business line
സൂര്യക്കു പുറമെ തമിഴിലെ സീനിയര്‍ താരങ്ങളായ കമല്‍ഹാസനും രജിനികാന്തും നേരത്തേ അനുശോചനം രേഖപ്പെടുത്തിയിരുന്നു. അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശ്രീനിവാസന്റെ സഹപാഠി കൂടിയായിരുന്ന രജിനികാന്ത് ശബ്ദസന്ദേശത്തിലൂടെയാണ് താരത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചത്.
ശ്രീനിവാസന്‍ ഇനി നമുക്കൊപ്പമില്ല എന്നറിഞ്ഞപ്പോള്‍ ഞെട്ടലുണ്ടാക്കിയെന്നും അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്റെ സഹപാഠിയായിരുന്നെന്നും പറഞ്ഞ രജിനികാന്ത് മികച്ച നടനും മനുഷ്യ സ്‌നേഹിയുമായ അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെ എന്നും കൂട്ടിച്ചേര്‍ത്തു.
ഫെയ്‌സ്ബുക്കില്‍ ശ്രീനിവാസന്റെ ഫോട്ടോ പങ്കുവെച്ചാണ് കമല്‍ഹാസന്‍ ശ്രീനിവാസന് അനുശോചനം അറിയിച്ചത്. ‘ചിലര്‍ പ്രേക്ഷകരെ എന്റര്‍ടെയിന്‍ ചെയ്യും ചിലര്‍ ചിന്തിപ്പിക്കും, ചിലര്‍ നമ്മളെ ദേഷ്യം പിടിപ്പിക്കും എന്നാല്‍ ശ്രീനിവാസന്‍ മുഖത്തൊരു ചിരിയോടെ ഇതെല്ലാം ചെയ്തു. ശ്രീനിവാസന് എന്റെ എല്ലാവിധ ആദരവുകളും,’ കമല്‍ഹാസന്‍ കുറിച്ചു.
ശ്രീനിവാസനും രജിനികാന്തും.
ശ്രീനിവാസന്റെ കണ്ടനാട്ടെ പാലാഴി എന്ന വീട്ടിലേക്ക് നൂറുകണക്കിനാളുകളാണ് അദ്ദേഹത്തിന് അവസാനമായ് ആദരമര്‍പ്പിക്കാനെത്തുന്നത്. വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് രാവിലെ പത്തോടെയാവും സംസ്‌കാര ചടങ്ങുകള്‍.
Content Highlight: actor surya pay final respect to actor sreenivasan