| Friday, 14th September 2018, 2:21 pm

'അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം'; നമ്പി നാരായണന് അനുകൂലമായ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് സൂര്യയും മാധവനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായ സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി തെന്നിന്ത്യന്‍ നടന്‍മാരായ സൂര്യയും മാധവനും. “അവസാനം കുറ്റവിമുക്തി, ഇതൊരു പുതിയ തുടക്കം”മാധവന്‍ ട്വീറ്റ് ചെയ്തു. വിധിക്കായി കാത്തിരിക്കുകയായിരുന്നെന്ന് മാധവന്റെ ട്വീറ്റിന് മറുപടിയായി തമിഴ് താരം സൂര്യയും പ്രതികരിച്ചു.

നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ മാധവനാണ് നായകനായി എത്തുന്നത്. നമ്പി നാരായണന്റെ 27 മുതല്‍ 75 വയസ് വരെയുള്ള കാലമാണ് ചിത്രീകരിക്കുന്നത്. ആനന്ദ് മഹാദേവനാണ് സംവിധാനം.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു സുപ്രീം കോടതി വിധി. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്.

ALSO READ: “ചാരക്കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന; പിന്നില്‍ അഞ്ച് സജീവ രാഷ്ട്രീയ നേതാക്കള്‍”; കരുണാകരന്‍ ഈ ഗൂഢാലോചനയുടെ ഇരയാണെന്നും പത്മജ വേണുഗോപാല്‍

അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. റിട്ട: ജസ്റ്റിസ് ഡി.കെ ജയിന്‍ അധ്യക്ഷനായ സമിതിയാണ് കേസ് അന്വേഷിക്കുക. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

മൂന്നുവര്‍ഷമായി സുപ്രീംകോടതിയിലുള്ള കേസിലാണ് വിധി. നഷ്ടപരിഹാര തുക ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും കോടതി ഉത്തരവിട്ടു.

തന്റെ ഭാവി തകര്‍ത്ത ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി. സിബി മാത്യൂസ്, മുന്‍ എസ്.പി.മാരായ കെ.കെ. ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരേ നടപടിവേണമെന്നായിരുന്നു നമ്പി നാരായണന്റെ ആവശ്യം. സുപ്രീംകോടതിയുടെ ഉത്തരവ് അംഗീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

നഷ്ടപരിഹാരമല്ല, തന്നെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയാണ് വേണ്ടതെന്നായിരുന്നു നമ്പി നാരായണന്റെ മുഖ്യവാദം.

ALSO READ: മല്യ രാജ്യം വിടുന്നത് തടയാന്‍ ഉടന്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന തന്റെ നിര്‍ദേശം എസ്.ബി.ഐ നിരാകരിച്ചു; ഗുരുതര ആരോപണങ്ങളുമായി ദുഷ്യന്ത് ദവെ

1994 നവംബര്‍ 30-നാണ് നമ്പി നാരായണന്‍ ചാരക്കേസില്‍ അറസ്റ്റിലായത്. എന്നാല്‍, അദ്ദേഹത്തിനെതിരായ കേസ് തെറ്റാണെന്ന് സി.ബി.ഐ. നല്‍കിയ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. കുറ്റക്കാരായ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സി.ബി.ഐ. ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍, കേസ് അവസാനിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കുകയായിരുന്നു.

സുപ്രീംകോടതി വിധിയിലും അന്വേഷണത്തിന് സമിതിയെ നിയോഗിച്ചതിലും സന്തോഷമുണ്ടെന്ന് നമ്പി നാരായണന്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. സമിതിക്ക് പകരം സി.ബി.ഐ അന്വേഷണമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more