‘ആവേശം’, ‘രോമാഞ്ചം’ എന്നീ ചിത്രങ്ങൾക്കുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സീൻ’. സൂര്യ നായകനാകുന്ന ചിത്രത്തിൽ ഇമ്പരാജ് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നസ്രിയ നസീം മായയായും നസ്‌ലെൻ ഈശ്വരനായും ചിത്രത്തിലെത്തുന്നുണ്ട്. 12 വർഷത്തിനുശേഷം നസ്രിയ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നവംബർ 6ന് ചിത്രം തിയേറ്ററുകളിലെത്തും. ചെന്നൈയിൽ നടന്ന ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് പരിപാടിയിൽ നസ്രിയയെക്കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
സീൻ. Phot. Screen Grab/ Youtube
നസ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ സംസാരിച്ചത്. നസ്രിയ എങ്ങനെയാണ് അഭിനയിക്കുക എന്നതിനെക്കുറിച്ച് തനിക്ക് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും മായ എന്ന കഥാപാത്രത്തോട് ഇമ്പരാജ് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് സംവിധായകൻ ജിത്തു മാധവനോട് ചോദിച്ചിരുന്നുവെന്നും സൂര്യ പറഞ്ഞു.
‘മായയെ എങ്ങനെയാണ് കാണേണ്ടത്, അവരുമായി എങ്ങനെ ഇടപെടണം, എങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെയായിരുന്നു തന്റെ സംശയങ്ങൾ. അപ്പോൾ ജിത്തു മാധവൻ ഇൻസ്റ്റഗ്രാമിൽനിന്ന് ഒരു റീൽ കാണിച്ചുതന്നു. ഒരു അഭിമുഖത്തിൽ പർദ ധരിച്ചെത്തിയ ഒരു കൊച്ചുപെൺകുട്ടി സംസാരിക്കുന്ന വീഡിയോയായിരുന്നു അത്. നസ്രിയ ഇപ്പോഴും അങ്ങനെയാണെന്നും ആ കുട്ടിയോട് പെരുമാറുന്നതുപോലെ മായയോടും പെരുമാറിയാൽ മതിയെന്നാണ് ജിത്തു പറഞ്ഞത്; സൂര്യ പറഞ്ഞു.
സംവിധായകൻ നൽകിയ ആ നിർദേശം സിനിമയിലെ നസ്രിയയുമായുള്ള സീനുകളെയും സംഭാഷണങ്ങളെയും സ്വാധീനിച്ചെന്നും സൂര്യ വ്യക്തമാക്കി. മായ എന്ന കഥാപാത്രത്തോട് ഇമ്പരാജ് ഇടപെടുന്ന രീതി രൂപപ്പെടുത്താൻ ജിത്തു സഹായിച്ചെന്നും സൂര്യ കൂട്ടിച്ചേർത്തു. നസ്രിയയുടെ അഭിനയത്തിലെ സ്വാഭാവികതയെക്കുറിച്ചും സൂര്യ സംസാരിച്ചു.
സൂര്യ. Photo. Screen Grab/ Youtube
‘എല്ലാ അഭിനേതാക്കളും മികച്ചവരാണെങ്കിലും നസ്രിയയ്ക്ക് സംഭാഷണങ്ങൾ എഴുതിവെക്കാതെതന്നെ സ്വാഭാവികമായി ഹാസ്യം കൊണ്ടുവരാൻ കഴിയും. അവരുടെ നോട്ടവും ചിരിയും മുഖഭാവങ്ങളുമെല്ലാം സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ മായ എന്ന കഥാപാത്രത്തിന് നസ്രിയ ഏറെ അനുയോജ്യമാണ്,’ സൂര്യ പറഞ്ഞു.
12 വർഷത്തിനുശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തിയ നസ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് സൂര്യ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
Content Highlight: Actor Suriya speaking about Nazriya at the trailer launch event of the film ‘Scene