| Friday, 6th November 2026, 1:25 pm

'ലോക'യില്‍ ഡെഡ്ബോഡി കണ്ട് പേടിച്ച് വീഴുന്ന നസ്‌ലെന്‍, 'സീനി'ല്‍ അതില്‍ കുത്തിയും വെട്ടിയും ഗവേഷണം നടത്തുന്നു: സൂര്യ

ആര്യ

സീന്‍ എന്ന ചിത്രത്തെ കുറിച്ചും സിനിമയിലെ നസ്‌ലെന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടന്‍ സൂര്യ. സിനിമയുടെ ഓഡിയോ ലോഞ്ചിലായിരുന്നു നസ്‌ലെന്റെ അഭിനയ മികവിനെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സൂര്യ സംസാരിച്ചത്.

‘ലോക’യില്‍ ഡെഡ്ബോഡി കണ്ട് പേടിച്ച് ബോധംകെട്ട് വീഴുന്ന നസ്‌ലെന്‍ ‘സീനി’ലെത്തുമ്പോള്‍ അതേ ഡെഡ്ബോഡിയില്‍ കുത്തിയും വെട്ടിയും ഗവേഷണം നടത്തുകയാണെന്നായിരുന്നു സൂര്യ പറയുന്നത്.

‘നസ്‌ലെനെ ഇവിടെ എല്ലാവരും ഒരുപാട് പ്രശംസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് കണ്ടു. ‘ലോക സിനിമ’യില്‍ ഡെഡ്ബോഡി കാണുമ്പോള്‍ പേടിച്ച് ബോധംകെട്ട് വീഴുന്ന നസ്‌ലെനെയാണ് നമ്മള്‍ കണ്ടത്. എന്നാല്‍ ‘സീനി’ല്‍ എത്തിയപ്പോള്‍ ഡെഡ്ബോഡിയില്‍ കുത്തിയും വെട്ടിയും ഗവേഷണം നടത്തുന്ന കഥാപാത്രമാണ് അദ്ദേഹത്തിന്റേത്,’ സൂര്യ പറഞ്ഞു.

നസ്‌ലെന്‍ മികച്ച പ്രതിഭയുള്ള നടനാണെന്നും ചിത്രീകരണത്തിനിടെ അദ്ദേഹത്തിന്റെ അഭിനയം കൗതുകത്തോടെയാണ് താന്‍ നോക്കിനിന്നതെന്നും സൂര്യ പറഞ്ഞു.

‘നസ്‌ലെന്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചുനോക്കുമായിരുന്നു. സ്റ്റേജില്‍ കാണുന്നതുപോലെയല്ല അദ്ദേഹം സിനിമയില്‍ അഭിനയിക്കുന്നത്. വളരെ ബുദ്ധിപരമായി അഭിനയിക്കുന്ന നടനാണ്. ഏത് മീറ്ററില്‍ അഭിനയിക്കണം, എങ്ങനെ ചെയ്യണം, എന്ത് ചെയ്യണം എന്നൊക്കെ അദ്ദേഹത്തിന് കൃത്യമായി അറിയാം. മാത്രമല്ല നസ്‌ലെന്റെ തമിഴ് ഡബ്ബിങ്ങും വളരെ ഗംഭീരമായിരുന്നു. ആദ്യമായി ഒരു തമിഴ് സിനിമ ചെയ്യുമ്പോള്‍ തന്നെ ഇത്ര മികച്ച പ്രകടനം കാഴ്ചവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,’ സൂര്യ പറഞ്ഞു.

12 വര്‍ഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്ന നസ്രിയയെയും സൂര്യ പ്രത്യേകം അഭിനന്ദിച്ചു. മായ എന്ന കഥാപാത്രത്തിന് നസ്രിയയല്ലാതെ മറ്റൊരു തെരഞ്ഞെടുപ്പില്ലായിരുന്നുവെന്നും അവരുടെ സ്വാഭാവികമായ അഭിനയശൈലി തന്നെയാണ് കഥാപാത്രത്തിന് അനുയോജ്യമെന്നും അദ്ദേഹം പറഞ്ഞു.

‘നസ്രിയ എപ്പോഴാണ് ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാന്‍ പോലും കഴിയില്ല. ഇമ്പരാജ് മായയോട് എങ്ങനെ പെരുമാറണം, മായയെ എങ്ങനെ ട്രീറ്റ് ചെയ്യണം’ എന്ന് ഞാന്‍ ജിത്തുവിനോട് ചോദിച്ചിരുന്നു. അപ്പോള്‍ ജിത്തു ഇന്‍സ്റ്റാഗ്രാമില്‍ പര്‍ദ്ദയിട്ട് ഒരു ചെറിയ പെണ്‍കുട്ടി സംസാരിക്കുന്ന ഒരു വീഡിയോ കാണിച്ചു തന്നിട്ട് ‘ഇപ്പോഴും അവരിങ്ങനെ തന്നെയാണ് ഇരിക്കുന്നത്, ഇതേപോലെ ട്രീറ്റ് ചെയ്താല്‍ മതി’ (ചിരി) എന്ന് പറഞ്ഞു.

സീനിലെ ഡയലോഗുകളൊന്നും അവരെ എഴുതിപ്പഠിക്കേണ്ട കാര്യമൊന്നുമില്ല. ഡയലോഗുകള്‍ ഇല്ലെങ്കില്‍ പോലും ഹ്യൂമറും ആ ചിരിക്കുന്ന ഭാവങ്ങളുമെല്ലാം സ്വഭാവികമായി വരും. മായ എന്ന കഥാപാത്രത്തിന് നസ്രിയ അല്ലാതെ മറ്റൊരു ചോയ്‌സ് ഇല്ലായിരുന്നു. തമിഴിലേക്ക് വീണ്ടും സ്വാഗതം, ഒത്തിരി നന്ദി!’, സൂര്യ പറഞ്ഞു.

Content Highlight: Actor Suriya compares Naslen’s characters in Lokah and Scene

ആര്യ

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more