ദൂരദർശനിൽ ടെലികാസ്റ്റ് ചെയ്ത സീരിയിലിലൂടെ അഭിനയത്തിലേക്ക് കടന്നുവരികയും പിന്നീട് സിനിമയിൽ സജീവമാകുകയും ചെയ്ത അഭിനേതാവാണ് സുരേഷ് കൃഷ്ണ. 1993ൽ പുറത്തിറങ്ങിയ ചമയം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തുടർച്ചയായി ചെയ്ത വില്ലൻ വേഷങ്ങളിലെ സാമ്യത കാരണം കൺവിൻസിങ് സ്റ്റാർ എന്ന ടൈറ്റിലും താരത്തിന് പ്രേക്ഷകർ ചാർത്തി നൽകിയിരുന്നു. ഈ വർഷം തിയേറ്ററിൽ ചരിത്ര വിജയം നേടിയ ബെത്ലഹേം കുടുംബ യൂണിറ്റിലും ബൈജു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് താരം പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു.
സുരേഷ് കൃഷ്ണ. Photo. Screen Grab/ Youtube
ഇപ്പോഴിതാ ഭാര്യയ്ക്ക് തന്നെ കുറിച്ച് ഒരു പരാതിയും പറയാൻ ഉണ്ടാകില്ലെന്ന് പറയുകയാണ് നടൻ സുരേഷ് കൃഷ്ണ. വീട്ടിലെത്തിയാൽ റിമോട്ടുമായി സോഫയിൽ ഇരിക്കുന്ന കുടുംബനാഥനല്ല താനെന്നും വീട്ടിലായിരിക്കുമ്പോൾ ഭക്ഷണം പാകം ചെയ്യുന്നത് താനാണെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. വിദേശ സർവകലാശാലയിൽ റിസർച്ച് പ്രൊഫസറായ ഭാര്യ ഡോ. ശ്രീലക്ഷ്മിയുടെ ജോലിത്തിരക്കുകൾക്കിടയിലും ഇരുവരും പരസ്പരം വ്യക്തിസ്വാതന്ത്ര്യത്തിന് വില നൽകിയാണ് മുന്നോട്ടുപോകുന്നതെന്നും താരം വനിതക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
‘പരാതി പറയണമെങ്കിൽ ഒരു കാരണം ഉണ്ടാകണമല്ലോ. വീട്ടിൽ ചെന്നാൽ റിമോട്ടുമായി സോഫയിൽ കയറിയിരിക്കുന്നയാളല്ല ഞാൻ. വീട്ടിലുള്ളപ്പോഴെല്ലാം ഭക്ഷണം പാകം ചെയ്യുന്നത് ഞാനാണ്. ഞങ്ങൾ രണ്ടുപേരും സ്വന്തം സ്പേസിന് വില കൊടുക്കുന്നവരാണ്. യാത്രയ്ക്കുള്ള വസ്ത്രങ്ങളും മരുന്നുകളുമൊക്കെ എനിക്ക് മാത്രമേ അറിയൂ. നല്ല ക്ഷമയുള്ളതുകൊണ്ട് പ്രശ്നങ്ങളുണ്ടായാൽ കൈകാര്യം ചെയ്യാൻ കഴിയുമെന്ന വിശ്വാസവുമുണ്ട്,’ സുരേഷ് കൃഷ്ണ പറഞ്ഞു.
സാമ്പത്തിക കാര്യങ്ങളിൽ അനാവശ്യമായ സമ്മർദ്ദമില്ലാതെ ജീവിക്കാൻ കഴിയുന്നതും കുടുംബത്തിന് ആശ്വാസമാണെന്ന് താരം പറയുന്നു. ഇരുവരുടെയും മാതാപിതാക്കൾ സർക്കാർ ഉദ്യോഗസ്ഥരായിരുന്നതിനാൽ പെൻഷനും വീടുമുണ്ട്. അതുകൊണ്ട് വലിയ കാറുകളും ഫ്ലാറ്റുകളും വാങ്ങി ഇഎംഐ അടയ്ക്കാൻ കഴിയാതെ ടെൻഷനടിക്കുന്ന സാഹചര്യം ഒഴിവാക്കാനായെന്നും സുരേഷ് കൃഷ്ണ വ്യക്തമാക്കി.
കുടുംബത്തിലെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും മക്കളുടെ തീരുമാനങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും താരം സംസാരിച്ചു. ഒൻപതാം ക്ലാസിൽ പഠിക്കുന്ന മകൾ ഉണ്ണിമായയെ വീട്ടിലുള്ളപ്പോൾ സ്കൂളിൽ കൊണ്ടുപോകുന്നത് താനാണ്. ചൈനയിലെ ബീജിങ്ങിൽ സിനിമ പഠിക്കുന്ന മകൻ അനന്തകൃഷ്ണൻ ചൈനീസ് ഭാഷ പഠിച്ച് പരീക്ഷ എഴുതി അഡ്മിഷൻ നേടിയ ശേഷമാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും സുരേഷ് കൃഷ്ണ ഓർത്തെടുത്തു.
സുരേഷ് കൃഷ്ണ. Photo. Screen Grab/ Youtube
‘പഴയ കാലമായിരുന്നെങ്കിൽ ഇതിന് നല്ല അടി കിട്ടിയേനെ. എന്നാൽ ഇന്ന് അവന്റെ ഇഷ്ടത്തിന് പിന്തുണ നൽകാൻ കഴിയുന്നുണ്ടല്ലോ എന്നതിൽ അഭിമാനമേയുള്ളൂ,’ താരം പറഞ്ഞു.
Content Highlight: Actor Suresh Krishna says that his wife would not have any complaints about him