| Saturday, 12th July 2025, 1:05 pm

കള്ളൻ വേഷം എനിക്ക് പുത്തരിയല്ല, മോഷണം ഒരു കലയാണെന്ന് പറയുന്നുണ്ട്: സുധീഷ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളികള്‍ക്ക് സമ്മാനിച്ച നടനാണ് സുധീഷ്. അനന്തരം എന്ന ചിത്രത്തില്‍ ബാലതാരമായി സിനിമാലോകത്തേക്കെത്തിയ സുധീഷ് വളരെ വേഗത്തില്‍ മലയാളസിനിമയിലെ സ്ഥിരം സാന്നിധ്യമായി. പിന്നീട് മുദ്ര, വേനൽക്കിനാവുകൾ , വല്യേട്ടൻ എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായി.

മണിച്ചിത്രത്താഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, അനിയത്തിപ്രാവ് തുടങ്ങിയ സിനിമകളിൽ സുധീഷ് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തീവണ്ടി എന്ന ചിത്രത്തിലൂടെ ക്യാരക്ടര്‍ റോളുകളും തനിക്കിണങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. എന്നിവര്‍ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവനടനുള്ള സംസ്ഥാന അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.

തിയേറ്ററിൽ പ്രദർശനം നടന്നുകൊണ്ടിരിക്കുന്ന ധീരൻ എന്ന ചിത്രത്തിലും സുധീഷ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചു. ചിത്രത്തിൽ ചെറിയ മോഷണങ്ങൾ നടത്തുന്ന കഥാപാത്രമായിട്ടാണ് സുധീഷ് അഭിനയിച്ചത്. ഇപ്പോൾ കള്ളൻ വേഷത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

കള്ളന്‍ വേഷങ്ങള്‍ തനിക്ക് പുത്തരിയല്ലെന്നും ആധാരം സിനിമയില്‍ തുടങ്ങിയതാണെന്നും സുധീഷ് പറയുന്നു. മറ്റൊരു പ്രധാനപ്പെട്ട സിനിമയായ ചെപ്പടിവിദ്യയിലും മോഷണം കലയാണെന്ന് പറയുന്നുണ്ടെന്നും ശ്രീനിവാസന്റെ കൂടെ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയുള്ള കള്ളന്‍വേഷങ്ങള്‍ തന്റെ സിനിമാകരിയറില്‍ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂവി വേൾഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കള്ളന്‍ വേഷങ്ങള്‍ എനിക്ക് അത്ര പുത്തരിയൊന്നും അല്ല. ആധാരത്തില്‍ തുടങ്ങി പിന്നെ മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ചെപ്പടി വിദ്യ എന്നുപറഞ്ഞ സിനിമ. അതിലും മോഷണം ഒരു കലയാണെന്ന് പറഞ്ഞിട്ട് ശ്രീനിയേട്ടന്റെ കൂടെ കൂടുന്നതാണ്. അപ്പോള്‍ അങ്ങനെയുള്ള കള്ളന്‍ വേഷങ്ങള്‍ പുറകില്‍ കിടക്കുന്നുണ്ട്,’ സുധീഷ് പറയുന്നു.

ധീരൻ

രാജേഷ് മാധവൻ മുഖ്യകഥാപാത്രമായി എത്തുകയും ഒപ്പം മനോജ് കെ. ജയൻ, അശോകൻ, സുധീഷ്, വിനീത്, ജഗദീഷ്, അരുൺ ചെറുകാവിൽ, അശ്വതി മനോഹരൻ, സിദ്ധാർഥ് ഭരതൻ, ശബരീഷ് വർമ, അഭിറാം രാധാകൃഷ്ണൻ, ഉണ്ണിമായ നാലപ്പാടം എന്നീ അഭിനേതാക്കൾ പ്രധാനകഥാപാത്രത്തിലെത്തിയ സിനിമയാണ് ധീരൻ. വിൻ്റേജ് താരങ്ങളുടെ റീയൂണിയൻ എന്ന പോലെയാണ് ഈ സിനിമ പ്രേക്ഷകർക്ക് കാണാൻ സാധിക്കുക.

Content Highlight: Actor Sudheesh talks about the thief characters he played

We use cookies to give you the best possible experience. Learn more