| Sunday, 26th July 2026, 7:52 am

കഥ പറഞ്ഞ് വന്നപ്പോള്‍ ഞാന്‍ ചാക്കോച്ചന്റെ അച്ഛന്‍; രസകരമായ അനുഭവം പങ്കുവെച്ച് സുധീഷ്

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ അഭിനേതാവാണ് സുധീഷ്. 1987ല്‍ പുറത്തിറങ്ങിയ അനന്തരം എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച സുധീഷ് വ്യത്യസ്തമായ വേഷങ്ങളിലൂടെ ഇന്നും മലയാള സിനിമയില്‍ സജീവമാണ്. ഈ വര്‍ഷം പുറത്തിറങ്ങി ഇന്‍ഡസ്ട്രി ഹിറ്റടിച്ച വാഴ 2 എന്ന മലയാള ചിത്രത്തില്‍ അലന്റ അച്ഛനായി വേഷമിട്ട സുധീഷ് മികച്ച പ്രകടനമായിരുന്നു ചിത്രത്തില്‍ കാഴ്ചവെച്ചത്.

വാഴയ്ക്ക് ലഭിച്ച മികച്ച വിജയത്തിന് പിന്നാലെ സുധീഷിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉന്മാദം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന് ശേഷം ഷാഹി കബീറും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ജൂലൈ 31നാണ് തിയേറ്ററുകളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ സുധീഷ് പങ്കുവെച്ച രസകരമായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഉന്മാദം. Photo: IMDB

കുഞ്ചാക്കോ ബോബന്റെ സുഹൃത്തായി സിനിമയില്‍ വേഷമിട്ട തന്നെ താരത്തിന്റെ അച്ഛന്‍ കഥാപാത്രമായി വേഷം ചെയ്യാന്‍ വിളിച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെ കുറിച്ചാണ് സുധീഷ് സംസാരിച്ചത്. ഒപ്പമുണ്ടായിരുന്നു കുഞ്ചാക്കോ ഇതിന് നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെട്ടു.

‘ചാക്കോച്ചന്‍ നായകനായിട്ടുള്ള ഒരു ചിത്രത്തിന്റെ കഥ പറയാന്‍ എന്റെ അടുത്ത് ഒരാള്‍ വന്നിരുന്നു. ചിത്രത്തിലുടനീളം വേഷമുള്ള നല്ല ഒരു കഥാപാത്രമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. കഥ പറഞ്ഞ് പറഞ്ഞ് അവസാനം ഫ്‌ളാഷ് ബാക്കെല്ലാം കേട്ടപ്പോഴാണ് മനസിലാവുന്നത് ചാക്കോച്ചന്റെ അച്ഛനായിട്ടാണ് എന്റെ റോളെന്ന്. അതുവരെ പറഞ്ഞ് വന്നപ്പോള്‍ എല്ലാം ഓക്കെയായിരുന്നു. ഇത് കേട്ടപ്പോള്‍ എന്റെ മുഖത്തെ റിയാക്ഷന്‍ ഒന്ന് മാറി. അത് കണ്ടിട്ട് അദ്ദേഹം തന്നെ എന്നോട് പറഞ്ഞു നിങ്ങളിത് ചെയ്യേണ്ട എന്ന്. ഞങ്ങള്‍ ചെയ്യുന്നത് ക്രൂരമായി പോകുമെന്ന് അവര്‍ക്ക് തോന്നി,’ സുധീഷ് പറഞ്ഞു.

സുധീഷ്. Photo: IMDB

അനിയത്തി പ്രാവില്‍ ചാക്കോച്ചന്റെ കൂട്ടുകാരനായി അഭിനയിച്ച എന്നോടാണ് അദ്ദേഹത്തിന്റെ അച്ഛനായിട്ടുള്ള കഥാപാത്രത്തെ കുറിച്ച് പറഞ്ഞതെന്നും അദ്ദഹം പറഞ്ഞു. ചാക്കോച്ചനോട് ഈ കഥ വന്ന് പറഞ്ഞിരുന്നോ എന്ന് അവതാരകന്‍ ചോദിച്ചപ്പോള്‍ താനാണ് സുധീഷിന്റെ അടുത്തേക്ക് കഥ പറയാന്‍ അയാളെ പറഞ്ഞുവിട്ടതെന്നായിരുന്നു താരത്തിന്റെ മറുപടി.

Content Highlight: Actor Sudheesh Talks about his experience with Kunchako Boban

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more