മലയാള സിനിമയിൽ വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ട് ശ്രദ്ധേയനായ നടനാണ് സുധീർ സുകുമാരൻ. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമ മേഖലയിലേക്ക് എത്തിയത്. സി.ഐ.ഡി. മൂസ, കൊച്ചി രാജാവ്, ലയൺ, ഡ്രാക്കുള തുടങ്ങിവ അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളാണ്.
വിനയൻ സംവിധാനം ചെയ്ത് 2013ൽ പുറത്തിറങ്ങിയ ‘ഡ്രാക്കുള 2012’ നടന്റെ കരിയറിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു. ചിത്രത്തിൽ ഡ്രാക്കുളയായി എത്തിയ സുധീറിന് ആ കഥാപാത്രത്തിലൂടെ ‘ഡ്രാക്കുള സുധീർ’ എന്ന പേരും ലഭിച്ചു. വർഷങ്ങൾക്കിപ്പുറവും ആ കഥാപാത്രത്തെ പ്രേക്ഷകർ ഓർത്തിരിക്കുന്നതിന്റെ അനുഭവം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയാണ് താരം.
സുധീർ സുകുമാരൻ. Photo. Screen Grab/ Youtube
‘ലോക’ സിനിമ കണ്ടതിനുശേഷം പലരും തന്നോട് ഡ്രാക്കുളയെക്കുറിച്ച് ചോദിച്ചിരുന്നുവെന്നാണ് സുധീർ പറയുന്നത്. ചിത്രത്തിൽ ഡ്രാക്കുളയെ മിസ് ചെയ്തെന്നും താൻ കൂടി ഉണ്ടായിരുന്നെങ്കിൽ സിനിമ മറ്റൊരു തലത്തിലെത്തുമായിരുന്നുവെന്നും ചിലർ പറഞ്ഞതായി താരം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ലോക എന്ന സിനിമ ഇറങ്ങിയില്ലേ, അത് കണ്ടിട്ട് എത്രപേർ എന്നോട് ഡ്രാക്കുളയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നറിയാമോ. ഡ്രാക്കുള എവിടെ, എന്തേ കണ്ടില്ല, ഭയങ്കരമായി മിസ് ചെയ്യുന്നു എന്നൊക്കെ ഒരുപാട് പേർ ചോദിച്ചു. നിങ്ങൾ കൂടി വന്നിരുന്നെങ്കിൽ പടം അത് വേറൊരു ലെവലായേനെ എന്നും ആളുകൾ പറഞ്ഞിരുന്നു.
അതൊക്കെ കേൾക്കുമ്പോൾ ഡ്രാക്കുള എന്ന കഥാപാത്രത്തെ ആളുകൾ എത്രത്തോളം മനസിൽ എടുത്തുവെച്ചിട്ടുണ്ടെന്ന് മനസിലാകും. അതുകൊണ്ടാണല്ലോ എനിക്ക് ‘ഡ്രാക്കുള സുധീർ’ എന്നൊരു പേര് കിട്ടിയത്. ഞാൻ അതൊക്കെ ആസ്വദിക്കുന്നുണ്ട്,’ സുധീർ പറഞ്ഞു.
ഡ്രാക്കുള എന്ന കഥാപാത്രത്തെക്കുറിച്ച് പറയുമ്പോൾ ചിലർ അത് ട്രോളുകളായും നെഗറ്റീവ് കമന്റുകളായും കാണാറുണ്ട്. എന്നാൽ താൻ ചെയ്ത കഥാപാത്രത്തെക്കുറിച്ച് ആളുകൾ സംസാരിക്കുന്നതിൽ നെഗറ്റീവായി ഒന്നും കാണുന്നില്ലെന്നും സുധീർ വ്യക്തമാക്കി.
സുധീർ സുകുമാരൻ. Photo. Screen Grab/ Youtube
‘അതൊക്കെ നെഗറ്റീവും ട്രോളുമല്ലേ എന്ന് പറയുന്നവരുണ്ട്. പക്ഷേ അതിലൊന്നും ഒരു നെഗറ്റീവും ഇല്ല. ഞാൻ ചെയ്തിട്ടുള്ള കഥാപാത്രമല്ലേ,’ എന്നും സുധീർ കൂട്ടിച്ചേർത്തു.
Content Highlight: Actor Sudheer Sukumaran stated that many people asked him about Dracula after watching the movie ‘Loka’