| Wednesday, 20th September 2023, 11:29 pm

മന്ത്രിയെ പിന്തുണച്ചു, നടന്‍ സുബീഷിന് സൈബര്‍ ആക്രമണം; കല്യാണ വേദിയിലെ മാറ്റിനിര്‍ത്തലിനെക്കുറിച്ച് വെളിപ്പെടുത്തി താരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മന്ത്രി കെ. രാധാകൃഷ്ണന്‍ നേരിട്ട ജാതി വിവേചനത്തിനെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം നേരിട്ടതായി നടന്‍ സുബീഷ് സുധി. എത്രയൊക്കെ തെറിവിളികള്‍ നേരിട്ടാലും തനിക്ക് പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും സുബീഷ് പറഞ്ഞു.

ഒരു കല്യാണ ചടങ്ങില്‍ സുഹൃത്തുക്കളുടെകൂടെ ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പോയപ്പോള്‍ കല്യാണം കഴിക്കുന്നയാള്‍ തന്നെമാത്രം മാറ്റിനിര്‍ത്തിയത് പൊള്ളുന്ന ഓര്‍മയായി ഇന്നും നീറ്റലുണ്ടാക്കുന്നുണ്ടെന്നും താരം പറഞ്ഞു.

തന്നെ പിന്തുണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ, മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും താനെന്നും പ്രതികരിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മന്ത്രി രാധാകൃഷ്ണനുമായി ബന്ധപ്പെട്ട് ഇന്നലെ ഞാനിട്ട പോസ്റ്റിന് മറുപടിയായി ഇന്‍ബോക്‌സിലൂടെയും അല്ലാതെയും ഭീകരമായ തെറിവിളികളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.




ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നിടത്തോളം കാലം ഈ തെറിവിളികളെ ഭയക്കുന്നില്ല. കാരണം, ഞാന്‍ ഈ സമൂഹത്തില്‍ നിന്ന് ഒരുപാട് വിവേചനങ്ങളും മാറ്റിനിര്‍ത്തപ്പെടലുകളും അനുഭവിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, അടുത്ത സുഹൃത്തിന്റെ കല്യാണത്തിന് പോയപ്പോള്‍ ഉണ്ടായ അനുഭവം ഇന്നും വേദനയോടെ മനസിലുണ്ട്.

സുഹൃത്തുക്കളുടെകൂടെ ചെന്ന് ഫോട്ടോക്ക് പോസ് ചെയ്യാന്‍ പോയപ്പോള്‍ കല്യാണം കഴിക്കുന്നയാള്‍ എന്നെമാത്രം മാറ്റി നിര്‍ത്തിയത് പൊള്ളുന്ന ഓര്‍മയായി ഇന്നും നീറ്റലുണ്ടാക്കുന്നു. ചിലപ്പോള്‍ ഞാന്‍ ഉള്‍ക്കൊള്ളുന്ന ജാതിയോ എന്റെ രൂപമോ ആയിരുന്നിരിക്കാം അയാളുടെ പ്രശ്‌നം. ജാതി ഭേദമന്യേ മറ്റുള്ളവരെ സ്‌നേഹിക്കുന്ന ഒരാളാണ് ഞാന്‍.

സമൂഹത്തില്‍ നിന്ന് പല നിലയില്‍ അകറ്റിനിര്‍ത്തപ്പെട്ട ഞാന്‍ സമാനമായ അനുഭവമുണ്ടായ മറ്റൊരു മനുഷ്യന്റെ വേദനയില്‍ സ്വാഭാവികമായും പ്രതികരിക്കും. അത് മന്ത്രിയായതുകൊണ്ട് മാത്രമല്ല. ഫേസ്ബുക്ക് പോസ്റ്റിലൂടെ മാത്രമല്ല. അല്ലാതെയും അവരുടെ കൂടെ നില്‍ക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് എന്നെ തെറി വിളിക്കുന്ന സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. എന്നെ പിന്തുണക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളോ, മറ്റുള്ളവരോ ഇല്ല. സമൂഹത്തിലെ നിരാലംബരായ മനുഷ്യര്‍ക്ക് വേണ്ടിയും സമൂഹത്തില്‍ മാറ്റി നിര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും ഞാനെന്നും പ്രതികരിച്ചുകൊണ്ടിരിക്കും. എനിക്കെതിരെ വാളെടുക്കുന്ന നിങ്ങള്‍ ആദ്യം എന്നെയൊന്ന് മനസിലാക്കുക.

ഒരു മനുഷ്യന് മറ്റുള്ളവന്റെ വിഷമം മനസ്സിലാക്കി അതിലിടപെടാനുള്ള, പ്രതികരിക്കാനുള്ള അവകാശം ഈ ഇന്ത്യാ മഹാരാജ്യത്തുണ്ട്. അത് ഞാന്‍ തുടര്‍ന്നുകൊണ്ടേയിരിക്കും,’ സുബീഷ് പറഞ്ഞു.

മന്ത്രിയെ പിന്തുണച്ച് സുബീഷ് ആദ്യം എഴുതിയ കുറിപ്പിന്റെ പൂര്‍ണരൂപം

പ്രിയപ്പെട്ട സഖാവേ, മനുഷ്യത്വത്തിന് മുന്നില്‍ ജാതിയും മതവുമില്ലെന്ന് എന്നെപ്പഠിപ്പിച്ച പയ്യന്നൂരില്‍ നിന്ന് താങ്കള്‍ക്കുണ്ടായ ദുരനുഭവത്തിന്‍ വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു.

പയ്യന്നൂര്‍ പെരുമാള്‍ക്ക് നേദിക്കാന്‍ മുസ്‌ലിം കുടുംബത്തില്‍ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അമ്പലവും പള്ളിയും ചര്‍ച്ചും ഞങ്ങള്‍ക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാന്‍ തൊഴാന്‍ പോയിട്ടുള്ള അമ്പലത്തില്‍ നിന്ന് താങ്കള്‍ക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ഞാന്‍ ലജ്ജിക്കുന്നു.

ഇത്തരം വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി ഞാന്‍ പോകില്ല. പയ്യന്നൂര്‍ എന്ന് ഏതവസരത്തിലും ഉയിര് പോലെ ഉയര്‍ത്തിക്കാട്ടുന്ന എനിക്ക് താങ്കള്‍ക്കുണ്ടായ പ്രയാസത്തില്‍ അതീവ ദുഖമുണ്ട്. ഏതെങ്കിലും രണ്ട് കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസായോ ആരും ഉയര്‍ത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേര്‍ക്കാന്‍ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണന്‍ സര്‍ നിങ്ങള്‍ക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്

Content Highlight: Actor Subish Sudhi has faced cyber attacks

Latest Stories

We use cookies to give you the best possible experience. Learn more