| Sunday, 21st December 2025, 11:56 am

മലയാളത്തിന്റെ നാടോടിക്കാറ്റ് മാഞ്ഞു; ശ്രീനിവാസന്റെ സംസ്‌കാരം പൂര്‍ത്തിയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഓദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്‌കാരം. എറണാകുളം കണ്ടനാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്.

മലയാള സിനിമാ മേഖലയിലുള്ള നിരവധി ആളുകള്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. സംവിധായകന്മാരായ സത്യന്‍ അന്തിക്കാട്, രണ്‍ജി പണിക്കര്‍, അഖില്‍ സത്യന്‍, നടന്മാരായ നിവിന്‍ പൊളി, മുകേഷ്,  ടിനി ടോം, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ചിതയില്‍ കടലാസും പേനയും അര്‍പ്പിച്ചാണ് ശ്രീനിവാസന്റെ ഏറ്റവും അടുത്ത സുഹൃത്തായ സത്യന്‍ അന്തിക്കാട് യാത്രാമൊഴി നല്‍കിയത്.

ഇന്നലെ (ശനി) എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, മണിയന്‍പിള്ള രാജു, ഇടവേള ബാബു തുടങ്ങിയവര്‍ ശ്രീനിവാസന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

തമിഴ് സിനിമാലോകവും ശ്രീനിവാസന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു. രജനികാന്ത്, കമല്‍ ഹാസന്‍ എന്നിവരാണ് അനുശോചനം അറിയിച്ചത്. ഇന്ന് രാവിലെയോടെ നടന്‍ സൂര്യ കണ്ടനാട്ടെ വീട്ടില്‍ നേരിട്ടെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

ഇന്നലെ രാവിലെയോടെയാണ് ശ്രീനിവാസന്‍ മരണപ്പെട്ടത്. തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിയുരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതനായി വിശ്രമത്തിലായിരുന്നു ശ്രീനിവാസന്‍. 48 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു അദ്ദേഹം.

1951 ഏപ്രില്‍ നാലിന് കണ്ണൂരിലെ പാട്യത്താണ് ശ്രീനിവാസന്‍ ജനിച്ചത്. നടന്‍, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ മേഖലയില്‍ തന്റെ കഴിവ് തെളിയിച്ച ശ്രീനിവാസന്‍ അഞ്ച് തവണ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി.

ചിന്താവിഷ്ടയായ ശ്യാമള, സന്ദേശം, നാടോടിക്കാറ്റ്, അക്കരെ അക്കരെ ഇക്കരെ, വടക്കുനോക്കിയന്ത്രം, വരവേല്‍പ്പ്, പട്ടണ പ്രവേശം, ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് തുടങ്ങിയവയാണ് ശ്രീനിവാസന്റെ പ്രധാന സിനിമകള്‍.

ഭാര്യ: വിമല, മക്കള്‍: വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, മരുമക്കള്‍ ദിവ്യ വിനീത്, അര്‍പ്പിത

Content Highlight: Actor Sreenivasan’s funeral completed

We use cookies to give you the best possible experience. Learn more