| Friday, 23rd September 2022, 6:03 pm

എല്ലാം പറഞ്ഞിട്ട് അത് ഫണ്‍ അല്ലേ ബ്രോ എന്ന് ചോദിക്കുന്നതിന് പകരം എന്നെ ഇരുത്തി തെറി വിളിച്ചാല്‍ പോരേ; ശ്രീനാഥ് ഭാസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡാ തടിയാ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ നടനാണ് ശ്രീനാഥ് ഭാസി. ഫ്രീക്ക് പയ്യാനായും മെച്വര്‍ കഥാപാത്രമായും ഭാസി തന്റെ അഭിനയ മികവ് തെളിയിച്ച നടന്‍ കൂടിയാണ് താരം. അഭിനയത്തിന് പുറമേ ഗായകനായും ഭാസി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നാല്‍പ്പതോളം ചിത്രങ്ങളില്‍ താരം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. പല രൂപത്തിലും ഭാവത്തിലും വെള്ളിത്തിരയില്‍ വന്ന ഭാസിയുടെ ആദ്യ സോളോ ഹീറോ ചിത്രമാണ് ചട്ടമ്പി.

ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും അഭിമുഖങ്ങളെക്കുറിച്ചും പറയുകയാണ് ശ്രീനാഥ് ഭാസി. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാസിയുടെ പ്രതികരണം.

ചില ചോദ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കാറുണ്ടെന്നും പേഴ്‌സണലി ഒരാളെ അറ്റാക്ക് ചെയ്യുന്നത് ശരിയല്ലെന്നും പറയുകയാണ് താരം. മുന്‍പിലിരിക്കുന്ന വ്യക്തിക്ക് റെസ്‌പെക്ട് കൊടുക്കണം എന്നാലേ നന്നായി സംസാരിക്കാന്‍ പറ്റൂ. കണ്ടന്റിന് വേണ്ടി ഒന്നും ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും താരം പറയുന്നു.

‘പേഴ്‌സണലി അറ്റാക്ക് ചെയ്യുന്ന ചോദ്യങ്ങളോട് പണ്ടേ വെറുപ്പാണ്. അപ്പോ തന്നെ ഞാന്‍ റിയാക്ട് ചെയ്യാറുണ്ട്. ‘ഭാസി ഇങ്ങനെയാണല്ലോ, എന്താണ് അതിനെ കുറിച്ച് പറയാനുള്ളത്, കുറേപേര് പറഞ്ഞിട്ടുണ്ട്, എന്റെ ചോദ്യമല്ലേ’ എന്നൊക്കെ ചോദിക്കാറുണ്ട്. അതിനേക്കാള്‍ ഭേദം എന്നെ വെറുതെ ഇരുത്തി തെറി വിളിച്ചാല്‍ പോരേ. ഇതൊന്നും ഒരു രീതിക്കും അംഗീകരിക്കാന്‍ പറ്റില്ല. ഞാനും ഈ ഫീല്‍ഡില്‍ നിന്നയാളാണ്. എനിക്ക് മനസിലാകും മുമ്പിലിരിക്കുന്നയാള്‍ എന്നെക്കുറിച്ച് ഒന്നും പഠിക്കാനോ ഒന്നും അറിയാനോ ശ്രമിച്ചിട്ടില്ലെന്ന്. പണിയെടുത്ത് കഴിഞ്ഞാല്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ പറ്റും.

ഇങ്ങനെ ചോദ്യങ്ങള്‍ വരുമ്പോ ഞാന്‍ പറയാറുണ്ട്. ഒരു ഇന്‍ര്‍വ്യൂവിന് വന്ന് നില്‍ക്കുമ്പോ ചിലര്‍ ഒരു റെസ്‌പെക്ടും തരുന്നില്ല എന്ന ചില സമയത്ത് നമുക്ക് മനസിലാകും. ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞ് തീരും മുമ്പേ വരും അടുത്ത ചോദ്യം. അവര്‍ക്ക് യൂട്യൂബില്‍ അവരുടെ മുഖം കാണണം എന്നേയുള്ളൂ. ക്ലിക്ക് ബൈറ്റ് മാത്രമാണ് വേണ്ടത്. കണ്ടന്റ് വേണമെങ്കില്‍ നല്ല ചോദ്യങ്ങള്‍ ചോദിക്കണം. ഇങ്ങോട്ട് ഒരു റെസ്‌പെക്ട് ഇല്ലാത്ത സ്ഥലത്ത് പോയിരുന്ന് സംസാരിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്. കണ്ടന്റ് കിട്ടാന്‍ വേണ്ടി ഒരാളെ പേഴ്‌സണലി അറ്റാക്ക് ചെയ്യരുത്. അങ്ങനെ പേഴ്‌സണലി അറ്റാക്ക് ചെയ്തിട്ട് ഫണ്‍ അല്ലേ ബ്രോ എന്ന ചോദിച്ചാല്‍.. എനിക്കത് അത്ര ഫണ്‍ ആയി തോന്നാറില്ല,’ ഭാസി പറയുന്നു.

അഭിലാഷ് എസ്. കുമാറിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചട്ടമ്പിയാണ് ഭാസിയുടെ പുതിയ ചിത്രം. സെപ്റ്റംബര്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും. കറിയ എന്ന കഥാപാത്രത്തെയാണ് ഭാസി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ സിനിമാ ജീവിതത്തിലെ ഇതുവരെ വന്നതില്‍ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമായിരിക്കും കറിയ എന്ന ചട്ടമ്പിയിലെ നായകന്‍.

ഡോണ്‍ പാലത്തറയുടെ കഥക്ക് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ കൂടിയായ അലക്‌സ് ജോസഫാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീനാഥ് ഭാസിയെകൂടാതെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി തുടങ്ങിയവര്‍ അഭിനയിക്കുന്നു.

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കള്‍ ആയ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍.

Content Highlight: Actor sreenath bhasi says some inetrviews have made him irritated

Latest Stories

We use cookies to give you the best possible experience. Learn more