മലയാള സിനിമയിലെ പ്രമുഖ സംവിധായകനും നടനുമാണ് ശ്രീകാന്ത് മുരളി. തന്റെ പതിനാറാം വയസിൽ പ്രശസ്ത സംവിധായകൻ കെ.ജി. ജോർജിന്റെ അസിസ്റ്റന്റായാണ് അദ്ദേഹം ചലച്ചിത്ര ജീവിതത്തിന് തുടക്കമിടുന്നത്. പിന്നീട് 1996 മുതൽ 2006 വരെ സംവിധായകൻ പ്രിയദർശന്റെ പ്രൊജക്റ്റുകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ചു.
തുടർന്ന് ഫ്രീലാൻസ് ഫിലിം മേക്കറായി മാറിയ അദ്ദേഹം 2016-ൽ അഭിനയരംഗത്തും സജീവമായി. 2017-ൽ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത എബി എന്ന ചിത്രത്തിലൂടെയാണ് ശ്രീകാന്ത് സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. സംവിധാനത്തിന് പുറമെ ആക്ഷൻ ഹീറോ ബിജു, വൈറസ്, ലൂക്ക, ഹോം, രേഖാചിത്രം തുടങ്ങിയ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും ശ്രീകാന്തിന് സാധിച്ചു.
ഇപ്പോഴിതാ ‘സ്പാ’ താൻ ഏറ്റവും ആസ്വദിച്ച് ചെയ്ത സിനിമയാണെന്ന് തുറന്നു പറയുകയാണ് നടൻ ശ്രീകാന്ത് മുരളി. വ്യത്യസ്തമായ സിനിമകൾ ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്ന സമയത്താണ് സംവിധായകൻ എബ്രിഡ് ഷൈൻ തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്നും, അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കുമ്പോൾ ഒരു പ്രത്യേക വിശ്വാസമുണ്ടെന്നും ശ്രീകാന്ത് മുരളി പറയുന്നു.
‘നമുക്ക് ഇത്തരത്തിലുള്ള സിനിമകൾ ചെയ്യണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചിരിക്കുമ്പോഴാണ് എബ്രിഡ് ഷൈൻ എന്നെ വിളിക്കുന്നത്. നടനെന്ന നിലയിൽ എന്നെ കണ്ടെത്തിയ ആളാണ് എബ്രിഡ്. അദ്ദേഹത്തിന്റെ സിനിമകളിലേക്ക് വിളിക്കുമ്പോൾ എനിക്ക് ഒരു ഉറപ്പുണ്ട്. എന്തായാലും അത് ചെയ്യണം എന്ന് വിചാരിച്ചിരുന്നു. നിങ്ങൾക്ക് വേണമെങ്കിൽ ഇത് റിജക്ട് ചെയ്യാം, പക്ഷേ നിങ്ങൾ ചെയ്താൽ നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു,’ ശ്രീകാന്ത് മുരളി പറഞ്ഞു.
ഒരു പെർഫോമർ എന്ന നിലയിൽ എല്ലാ നടന്മാരും ആഗ്രഹിക്കുന്ന തരത്തിലുള്ള ചലഞ്ചിങ് കഥാപാത്രമാണ് ‘സ്പാ’യിൽ ലഭിച്ചതെന്നും അദ്ദേഹം പറയുന്നു. നാല് ദിവസം നീണ്ടുനിന്ന ഷൂട്ടായിരുന്നു തന്റേതെന്നും ശ്രീകാന്ത് മുരളി വ്യക്തമാക്കി.
‘ഒരു പെർഫോമർ എന്ന നിലയിൽ എല്ലാ നടന്മാരും ആഗ്രഹിക്കുന്ന വേഷങ്ങളാണത്. അങ്ങനെയുള്ള ചലഞ്ചിങ് റോളുകൾ കിട്ടുന്നത് വലിയ ഓപ്പർച്യൂണിറ്റിയായാണ് ഞാൻ കാണുന്നത്. ശരിക്കും ആസ്വദിച്ചാണ് ഞാൻ ആ സിനിമ ചെയ്തത്. അതിന്റെ പിന്നിൽ നല്ല റിസർച്ചുമുണ്ടായിരുന്നു. എബ്രിഡ് ഷൈനും ടീമും നന്നായി റിസർച്ച് ചെയ്തിട്ട് കൃത്യമായിട്ട് അതിന്റെ ബ്രീഫ് തന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.
സ്പായിലെ കഥാപാത്രങ്ങളിലും സാഹചര്യങ്ങളിലും പ്രേക്ഷകർക്ക് പരിചിതമായ പലതും ഉണ്ടാകുമെന്നും ശ്രീകാന്ത് മുരളി അഭിപ്രായപ്പെട്ടു.
ശ്രീകാന്ത് മുരളി,സ്പാ. photo. Screen Grab/ IMDb
‘ആ സിനിമയിൽ അഭിനയിച്ചവർക്കൊക്കെ ഞാൻ പറഞ്ഞതുപോലെ തന്നെ ഇതിനെക്കുറിച്ച് നല്ല അഭിപ്രായം തന്നെയാകും. സിനിമയിലുള്ളതുപോലെയുള്ള പല എലമെന്റുകളും നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുണ്ട്. എന്തിനാണ് നമ്മളൊക്കെ അത് മറച്ചുവെക്കുന്നത്. അതിലെ പല കഥാപാത്രങ്ങളുടെയും പല എലമെന്റുകളും നമ്മളിൽ എല്ലാവരിലുമുണ്ട്. പുറത്തുനിന്നുള്ള ഏതെങ്കിലും ഒരു ഏലിയൻ കഥയല്ല നമ്മൾ പറഞ്ഞത്. അതായിരുന്നു ആ സിനിമയുടെ ഭാഗമാകണമെന്ന് ഞാൻ ആഗ്രഹിക്കാൻ കാരണം,’ ശ്രീകാന്ത് മുരളി പറഞ്ഞു.
Content Highlight: Actor Sreekanth Murali Reveals that ‘spa’ is the movie he enjoyed working on the most