| Thursday, 29th December 2022, 10:34 am

വേണമെങ്കില്‍ അലക്കിയിട്ട് തരാമെന്ന് മമ്മൂക്ക, വേണ്ടെന്ന് ഞാന്‍; സെറ്റില്‍ എത്തിയ മമ്മൂക്കയുടെ ഷര്‍ട്ട് ഊരി വാങ്ങിയ കഥ പറഞ്ഞ് സൗബിന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യ സിനിമ മുതല്‍ മമ്മൂട്ടിയെ തനിക്ക് അടുത്തറിയാമെന്ന് നടന്‍ സൗബിന്‍ ഷാഹിര്‍. അദ്ദേഹത്തിന്റെ കുടുംബവും തന്നോട് വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നതെന്നും, ദുല്‍ഖറും മമ്മൂട്ടിയുമൊക്കെ അടിപൊളിയാണെന്നും സൗബിന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടിലൊക്കെ ചെല്ലുമ്പോള്‍ മമ്മൂട്ടിയുടെ ഭാര്യയും മകളുമൊക്കെ ഒരിക്കലും പ്രതീക്ഷിക്കാത്ത തരത്തിലുള്ള കെയറാണ് നല്‍കുന്നതെന്നും സൗബിന്‍ പറഞ്ഞു. വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘മമ്മൂക്കയും ദുല്‍ഖറും ഭയങ്കര അടിപൊളിയാണ്. ദുല്‍ഖര്‍ എനിക്ക് ഒരു അനിയനെ പോലെയാണ്. മമ്മൂക്കയെ എന്റെ ആദ്യ സിനിമ മുതല്‍ എനിക്കറിയാം. അന്നുമുതല്‍ അദ്ദേഹത്തിന് എന്നോട് ഭയങ്കര സ്‌നേഹമാണ്. നമ്മളെയൊക്കെ എപ്പോഴും വലിയ കാര്യമാണ് അദ്ദേഹത്തിന്. അതിപ്പോള്‍ മമ്മൂക്കയുടെ വീട്ടിലാണെങ്കിലും അങ്ങനെ തന്നെയാണ്. വളരെ സ്‌നേഹത്തോടെയാണ് എല്ലാരും പെരുമാറുന്നത്. ഉമ്മയും ഇത്താത്തയുമെല്ലാം വളരെ സ്‌നേഹത്തോടെയാണ് നമ്മളോട് പെരുമാറുന്നത്. നമ്മുക്ക് തന്നെ വിശ്വസിക്കാനാവാത്ത കെയറാണ് അവരില്‍ നിന്ന് കിട്ടുന്നത്,’ സൗബിന്‍ പറഞ്ഞു.

ഒരിക്കല്‍ മമ്മൂക്ക കലക്കനൊരു ഷര്‍ട്ട് ഇട്ടുകൊണ്ട് സെറ്റില്‍ വന്നു. അപ്പോള്‍ ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നുവെന്ന് ഞാന്‍ മമ്മൂക്കയോട് ചോദിച്ചു. പുള്ളിയുടെ കയ്യില്‍ രണ്ട് മൂന്ന് ഷര്‍ട്ടുണ്ട് മാറ്റി മാറ്റിയിടാന്‍. നിനക്ക് ഈ ഷര്‍ട്ട് വേണോയെന്ന് എന്നോട് മമ്മൂക്ക ചോദിച്ചു. തന്നാല്‍ ഇടാമെന്ന് ഞാനും പറഞ്ഞു. അപ്പോള്‍ മമ്മൂക്ക ചോദിച്ചു, ഈ ഷര്‍ട്ട് നിനക്ക് ലൂസായിരിക്കില്ലേയെന്ന്. ലൂസാണ് ഫാഷനെന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ തന്നെ അദ്ദേഹം ആ ഷര്‍ട്ട് ഊരി തന്നിട്ട് വേണമെങ്കില്‍ കഴുകി തരാമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു അതൊന്നും വേണ്ടെന്ന്. എന്നിട്ട് ആ ഷര്‍ട്ട് ഞാന്‍ അങ്ങനെ തന്നെ വാങ്ങി. മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ കഴിയുന്നതും സംസാരിക്കാന്‍ കഴിയുന്നതുമൊക്കെ വലിയ ഭാഗ്യമാണ്. പലപ്പോഴും സെറ്റിലൊക്കെ മമ്മൂക്ക എല്ലാവര്‍ക്കും ഭക്ഷണം വിളമ്പി കൊടുക്കും.

പ്രൊഡക്ഷന്‍ ഫുഡ് കൊണ്ടുവരട്ടെ എന്ന് അദ്ദേഹത്തിനോട് ചോദിക്കുമ്പോള്‍ വെയ്റ്റ് ചെയ്യാന്‍ പറയും. ഭയങ്കര സ്‌നേഹമാണ് മമ്മൂക്കക്ക് എല്ലാവരോടും. ഇടക്കൊക്കെ മമ്മൂക്ക കൂടുതല്‍ ഫുഡ് കൊണ്ടുവരും. എല്ലാവര്‍ക്കും കൊടുക്കാന്‍ വേണ്ടിയാണ് അങ്ങനെ കൊണ്ടുവരുന്നത്. മമ്മൂക്ക അഭിനയിക്കുന്ന എല്ലാ പടത്തിലും രണ്ട് മൂന്ന് ബിരിയാണിയെങ്കിലും എല്ലാവര്‍ക്കും കൊണ്ടുവന്ന് കൊടുക്കും,’ സൗബിന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം രണ്ട് സിനിമകളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. സി.ബി.ഐ5, ഭീഷ്മ പര്‍വം എന്നിവയാണ് ഒരുമിച്ച് അഭിനയിച്ച സിനിമകള്‍. രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ വലിയ വിജയമായിരുന്നു.

അതേസമയം സൗബിന്റെ ഏറ്റവും പുതിയ ചിത്രം ജിന്ന് റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായാണ് സൗബിന്‍ എത്തുന്നത്. ഈ മാസം 30നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

content highlight: actor soubin shahir talks about mammootty

Latest Stories

We use cookies to give you the best possible experience. Learn more