| Wednesday, 8th September 2021, 5:33 pm

ആക്‌സിലേറ്റര്‍ കൊടുത്തതും വണ്ടിയതാ പിന്നോട്ട് പോവുന്നു, ഇതോടെ സൗബിന്‍ ചാടിയിറങ്ങി, പിന്നാലെ ഞാനും; ഷൂട്ടിങ്ങ് അനുഭവം പങ്കുവെച്ച് നവാസ് വള്ളിക്കുന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലെത്തി മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നവാസ് വള്ളിക്കുന്ന്.

സുഡാനി ഫ്രം നൈജീരിയയിലെ ഓട്ടോക്കാരനായും പിന്നീട് തമാശയിലെ റഹീം എന്ന സ്‌കൂള്‍ പ്യൂണായും വളരെ സ്വാഭാവികമായ അഭിനയം കാഴ്ചവെച്ച നവാസിന്റെ തികച്ചും വ്യത്യസ്തമായ ഒരു ഗെറ്റപ്പായിരുന്നു കുരുതിയില്‍ പ്രേക്ഷകര്‍ കണ്ടത്.

പ്രേക്ഷകരെ ചിരിപ്പിക്കുന്ന തമാശ നിറഞ്ഞ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നവാസിന്റെ ഗംഭീര മേക്കോവര്‍ കൂടിയായിരുന്നു കുരുതിയിലേക്ക്. വലിയ അഭിനന്ദനമാണ് കുരുതിയിലെ ഒരൊറ്റ കഥാപാത്രത്തിലൂടെ നവാസിനെ തേടിയെത്തിയത്.

ഒട്ടു നിനച്ചിരിക്കാത്ത സമയത്താണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലേക്ക് തന്നെ വിളിക്കുന്നതെന്നും അഭിനയിക്കാനൊന്നും അറിയില്ലെന്നായിരുന്നു അന്ന് താന്‍ നല്‍കിയ മറുപടിയെന്നും പറയുകയാണ് നവാസ്.

സുഡാനി ഫ്രം നൈജീരിയയിലേക്ക് സക്കരിയ വിളിച്ച അനുഭവവും സൗബിന്‍ ഷാഹിറിനെ പിറകിലിരുത്തി ഓട്ടോ ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്തപ്പോഴുണ്ടായ രസകരമായ സംഭവത്തെ കുറിച്ചും മനസുതുറക്കുകയാണ് നവാസ്. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ആദ്യ ചിത്രത്തെ കുറിച്ച് നവാസ് സംസാരിച്ചത്.

”കോമഡി റിയാലിറ്റി ഷോയുടെ ഫൈനലിന്റെ തലേദിവസമാണ് സക്കരിയ സാര്‍ എന്നെ ആദ്യമായി വിളിക്കുന്നത്. സുഡാനി ഫ്രം നൈജീരിയയില്‍ റോളുണ്ടെന്ന് പറഞ്ഞു. ഫൈനലിന്റെ തിരക്ക് കാരണം അധികമൊന്നും സംസാരിക്കാനായില്ല. കോമഡി ഷോയില്‍ ജനപ്രിയ താരമെന്ന അവാര്‍ഡ് കിട്ടി. അതിന്റെ പിറ്റേ ദിവസം സക്കരിയ സാറിനെ അങ്ങോട്ട് വിളിച്ചു. എനിക്ക് അഭിനയിക്കാനൊന്നും അറിയില്ലെന്ന് പറഞ്ഞു. നവാസ് ഇങ്ങോട്ട് വന്നാല്‍ മതി, ബാക്കിയൊക്കെ ഞാന്‍ നോക്കിക്കോളാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കുറച്ചുദിവസത്തിനുശേഷം അദ്ദേഹം എന്നെ വീണ്ടും വിളിച്ചു. നാളെയാണ് ഷൂട്ടിങ് തുടങ്ങുന്നതെന്ന് പറഞ്ഞു. ആ സമയം ഞാന്‍ ഭാര്യയുടെ പ്രസവത്തിനായി ആശുപത്രിയിലായിരുന്നു. ഭാഗ്യത്തിന് ഭാര്യ അന്നുതന്നെ പ്രസവിച്ചു. പിറ്റേന്ന് ഞാന്‍ നേരെ ലൊക്കേഷനിലെത്തി. അവിടെ എന്നെ കൈയടിച്ച് അദ്ദേഹം സ്വീകരിച്ചു. എല്ലാവരോടും എനിക്ക് പെണ്‍കുട്ടി പിറന്നെന്നും അറിയിച്ചു. അതോടെ തന്നെ എന്റെ കുറേ ടെന്‍ഷന്‍ കുറഞ്ഞു.

സിനിമയില്‍ ഓട്ടോക്കാരന്റെ റോളാണെന്ന് അറിഞ്ഞിരുന്നു. ഓട്ടോ ഓടിക്കാന്‍ പഠിക്കണമെന്നും സക്കരിയ നേരത്തെ പറഞ്ഞു. അതുകൊണ്ട് ഓട്ടോ ഓടിക്കാന്‍ കുറച്ചൊക്കെ പഠിച്ചു. ഞാന്‍ ഓട്ടോ ഓടിച്ച് മുന്നോട്ട് കുറച്ചുദൂരം പോവുന്നതാണ് ആദ്യത്തെ രംഗം, ഓട്ടോയുടെ പിന്നില്‍ സൗബിന്‍ ഇരിക്കുന്നുണ്ട്. ഞാന്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്തു. ആക്‌സിലേറ്ററും കൊടുത്തു. പക്ഷെ വണ്ടി മുന്നോട്ടുപോയില്ല. പകരം പിന്നോട്ട് പാഞ്ഞു.

”ഈ മച്ചാന് ഓട്ടോ ഓടിക്കാന്‍ അറിയില്ലട്ടോ…” എന്നു പറഞ്ഞ് സൗബിന്‍ വണ്ടിയില്‍ നിന്ന് ചാടിയിറങ്ങി. ഞാനും സൗബിന്‍ ചേട്ടന്റെ പിന്നാലെ ഓടി. ഞാന്‍ ടെന്‍ഷനടിക്കാന്‍ തുടങ്ങിയപ്പോഴെക്കും സൗബിന്‍ എന്റെയടുത്തേക്ക് വന്നുപറഞ്ഞു, ”മച്ചാനെ, 20 ടേക്ക് വരെ നമുക്ക് പോവാം. അതുവരെ നിന്നോട് ആരും ഒന്നും പറയൂലാ…” അതോടെ എനിക്ക് കുറച്ച് സമാധാനമായി. പക്ഷെ രണ്ടാമത്തെ ടേക്കില്‍ തന്നെ സംഭവം ഒക്കെയായി,” നവാസ് പറയുന്നു.

സൂഫിയും സുജാതയും, ഹലാല്‍ ലൗ സ്റ്റോറി, പച്ചമാങ്ങ, കപ്പേള തുടങ്ങി നിരവധി ചിത്രങ്ങളില്‍ നവാസ് ഇതിനകം വേഷമിട്ടു കഴിഞ്ഞു. നാരദന്‍, മധുരം, ഹിഗ്വിറ്റ, ഫോര്‍, എന്റെ മാവും പൂക്കും, ബൈനറി, മാഹി തുടങ്ങിയവയാണ് ഇനി നവാസിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Soubin Shahir Share a Funny Shooting Experiance with Soubin Shahir

Latest Stories

We use cookies to give you the best possible experience. Learn more