ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടനാണ് ശിവദാസ് കണ്ണൂര്‍. യഥാര്‍ത്ഥ ജീവിതത്തിലും പോലീസുകാരനായ ശിവദാസ് തന്റെ ആദ്യ ചിത്രത്തിലും പൊലീസുകാരനായാണ് വേഷമിട്ടത്. ചിത്രത്തിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരം കക്ഷി അമ്മിണിപ്പിള്ള, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.
ശിവദാസ് കണ്ണൂര്‍. Photo: Zonekerala.com
നവാഗതനായ ജോഫിന്‍.ടി ചാക്കോ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി 2021ല്‍ പുറത്തിറങ്ങിയ ദ പ്രീസ്റ്റ് എന്ന ചിത്രത്തില്‍ ശിവദാസ് കണ്ണൂര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തില്‍ ഡി.വൈ.എസ്.പി ശേഖര്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ശിവദാസ് വേഷമിട്ടത്. ആന്റോ ജോസഫ് നിര്‍മിച്ച ചിത്രത്തിലേക്ക് തന്നെ റെക്കമെന്റ് ചെയ്തത് മമ്മൂട്ടി ആയിരുന്നു എന്ന് പറയുകയാണ് ശിവദാസ്. മൂവി വേള്‍ഡ് ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരത്തിന്റെ പ്രതികരണം.
‘ചിത്രത്തില്‍ അഭിനയിക്കാനായി അവിചാരിതമായി എനിക്ക് ഒരു കോള്‍ വരികയായിരുന്നു. മമ്മൂക്ക നായകനാകുന്ന ചിത്രത്തിലേക്ക് ആണെന്നും ഒന്നാം തീയതി മുതല്‍ എറണാകുളത്ത് ഷൂട്ട് തുടങ്ങുമെന്നുമാണ് പറഞ്ഞത്. കേട്ടപ്പോള്‍ തന്നെ ഞാന്‍ വരാം എന്ന് പറഞ്ഞു. സിനിമയുടെ പൂജയുടെ സമയത്താണ് മമ്മൂക്കയെ കാണുന്നത്. അദ്ദേഹം ഇറങ്ങി വന്നപ്പോള്‍ സദസ് മുഴുവന്‍ നിശബ്ദമായി. പൂജ സമയത്ത് വിളക്കില്‍ അഞ്ച് തിരി ഉണ്ടായിരുന്നു. മമ്മൂക്കയും ജഗദീഷ് ഏട്ടനും മാനേജര്‍ സാറും എല്ലാം കത്തിച്ച് കഴിഞ്ഞ് ഒരു തിരി ബാക്കി വന്നപ്പോള്‍ എന്നോട് കത്തിക്കാനാണ് പറഞ്ഞത്. എങ്ങനെയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്നൊന്നും എനിക്കറിയില്ലായിരുന്നു. പൂജ കഴിഞ്ഞ് ഞാന്‍ മമ്മൂക്കയുടെ അടുത്തേക്ക് ഓടിപ്പോയി പറഞ്ഞു, തൊണ്ടിമുതലിന് ശേഷം ഞാന്‍ വേറെയും ചില ചിത്രങ്ങളിലും കൂടി അഭിനയിച്ചിട്ടുണ്ടെന്ന്.
ദ പ്രീസ്റ്റ്. Photo: IMDB
അതെല്ലാം കേട്ടിട്ട് എന്നെ ഒന്ന് നോക്കിയ ശേഷം ഒന്നും പറയാതെ പോകുക മാത്രമാണ് ചെയ്തത്. കഥ പറയാനായി സംവിധായകന്‍ വിളിച്ചപ്പോള്‍ എന്നെ എങ്ങനെയാണ് ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തതെന്ന് ഞാന്‍ ചോദിച്ചു. അതിന് അദ്ദേഹം പറഞ്ഞ മറുപടിയാണ് എന്നെ ഞെട്ടിച്ചത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ കോമഡി സീന്‍ കണ്ടിട്ട് മമ്മൂക്കയാണ് എന്നെ കാസ്റ്റ് ചെയ്തത് എന്നാണ് പറഞ്ഞത്. മമ്മൂക്ക കാസ്റ്റ് ചെയ്ത ഞാന്‍ അങ്ങോട്ട് പോയി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട് എന്ന് പറയുമ്പോള്‍ അദ്ദേഹം പ്രതികരിക്കാത്തതില്‍ അതിശയമില്ല. അതോടെ എനിക്ക് മനസിലായി മമ്മൂക്ക എല്ലാ സിനിമയും കാണാറുണ്ടെന്ന് ‘ ശിവദാസ് പറഞ്ഞു.
Content Highlight: Actor Sivadas Kannur talks about his experience with Mammootty