| Wednesday, 1st March 2023, 9:34 pm

പൈസയുമില്ല സിനിമയുമില്ല എന്ന അവസ്ഥയൊക്കെ വന്നിട്ടുണ്ട്; എന്തിനാടാ ഇതൊക്കെ ചെയ്തതെന്ന് ഞാന്‍ തന്നെ ചിന്തിക്കും: സിജു വില്‍സണ്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയും പൈസയുമൊന്നും ഇല്ലാത്ത സാഹചര്യത്തിലൂടെ താന്‍ കടന്നുപോയിട്ടുണ്ടെന്ന് നടന്‍ സിജു വില്‍സണ്‍. ആ സന്ദര്‍ഭങ്ങളിലൊക്കെ പൈസക്ക് വേണ്ടി ഏതെങ്കിലുമൊക്കെ സിനിമ ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ടെന്നും പിന്നീട് അത്തരം ചിന്തകളെ സ്വയം കട്ട് ചെയ്ത് കളയുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നഴ്‌സിങ് എന്ന പ്രൊഫഷന്‍ വേണ്ടെന്ന് വെച്ച് സിനിമയിലേക്ക് വരുമ്പോള്‍ താന്‍ പല തീരുമാനങ്ങളും എടുത്തിരുന്നു എന്നും അതിനനുസരിച്ചാണ് താന്‍ മുമ്പോട്ട് പോകുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. ഐ ആം വിത്ത് ധന്യ വര്‍മ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അങ്ങനെയുള്ള ചിന്തകള്‍ എപ്പോഴെങ്കിലുമൊക്കെ നമ്മുടെ മനസില്‍ വരുമല്ലോ. പാഷന്‍ മാത്രം നോക്കിയിട്ട് കാര്യമില്ല, പൈസക്ക് വേണ്ടി സിനിമ ചെയ്താലോ എന്ന ചിന്തയൊക്കെ നമുക്ക് വരും. കാരണം പൈസയുമില്ല സിനിമയുമില്ല എന്ന അവസ്ഥയൊക്കെ ചിലപ്പോള്‍ വരാറുണ്ട്.

അങ്ങനെയിരിക്കുന്ന സാഹചര്യങ്ങളിലാണ് പൈസക്ക് വേണ്ടി ഒരു സിനിമ ചെയ്താലോ എന്നൊക്കെ ചിന്തിക്കുന്നത്. പക്ഷെ കുറച്ച് കഴിയുമ്പോള്‍ നമ്മള്‍ തന്നെ ആ ചിന്തയെ കട്ട് ചെയ്ത് കളയും. അങ്ങനെയൊക്കെ സിനിമ ചെയ്താല്‍ അത് കണ്ടുകഴിയുമ്പോള്‍ എന്തിനാടാ ഇതൊക്കെ ചെയ്തതെന്ന് ഞാന്‍ തന്നെ ചിന്തിച്ച് പോകും.

നഴ്‌സിങ് എന്ന പ്രൊഫഷനില്‍ നിന്നും സിനിമയിലേക്ക് വരുമ്പോള്‍ ഞാന്‍ പല തീരുമാനങ്ങളും എടുത്തിരുന്നു. എനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യില്ല എന്നൊക്കെ തീരുമാനിച്ചിരുന്നു. സിനിമ ഒരു ബിസിനസ് കൂടിയാണ്, അല്ലെങ്കില്‍ ബിസിനസ് സിനിമയുടെ ഭാഗമാണ് എന്നൊക്കെ എനിക്ക് ഇപ്പോള്‍ അറിയാം.

പക്ഷെ ഞാന്‍ വാസന്തിയെന്ന സിനിമ ചെയ്യുമ്പോള്‍ അതൊന്നും ചിന്തിച്ചിട്ടേയില്ല. ആ സിനിമ ചെയ്യുന്നത് എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടാണ് ഞാന്‍ ആ സിനിമയില്‍ അഭിനയിച്ചത്. സാധാരണ രീതിയില്‍ നിന്നും മാറി സഞ്ചരിക്കുന്ന നല്ലൊരു സിനിമയാണത്,’ സിജു വില്‍സണ്‍ പറഞ്ഞു.

content highlight: actor siju wilson about his film career

We use cookies to give you the best possible experience. Learn more