| Saturday, 7th January 2023, 11:10 am

അന്ന് പലരും എന്നെ കളിയാക്കി, സഹായത്തിന് വന്നത് ഗീത മാത്രമായിരുന്നു: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നായര്‍ സാബ് എന്ന സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ചില സംഭവങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ സിദ്ദീഖ്. അവിടെ വെച്ച് നടി ഗീതയുമായുണ്ടായ പരിചയത്തെ കുറിച്ചും താരം പറഞ്ഞു. ആ സെറ്റില്‍ വരുന്നതിന് മുമ്പ് ഗീതക്ക് തന്നെ അറിയില്ലായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ നല്ല അടുപ്പത്തിലാണെന്നും സിദ്ദീഖ് പറഞ്ഞു.

നായര്‍ സാബിന്റെ ഷൂട്ട് കഴിഞ്ഞ് കാശ്മീരില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരാന്‍ തനിക്ക് മാത്രം ടിക്കറ്റ കിട്ടിയില്ലെന്നും, ടിക്കറ്റ് ശരിയാക്കി തന്ന് സഹായിച്ചത് ഗീതയാണെന്നും സിദ്ദീഖ് പറഞ്ഞു. പിന്നീട് ഒന്ന് രണ്ട് സിനിമകളില്‍ ജോഡിയായി അഭിനയിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചാനല്‍ കേരളക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗീതയുടെ കൂടെ വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ഞാന്‍ അഭിനയിച്ചിട്ടുള്ളത്. നായര്‍ സാബിന്റെ ഷൂട്ടിനായി കാശ്മീരില്‍ പോയി. അവിടെ നിന്നും തിരിച്ച് വരുമ്പോള്‍ എന്റെ ടിക്കറ്റ് മാത്രം ഓക്കെ ആയില്ല. അന്നാണെങ്കില്‍ തീവ്രവാദമൊക്കെയുള്ള സമയമാണ്.

മുകേഷും മണിയന്‍ പിള്ള രാജുവും വന്നിട്ട് പറഞ്ഞു, ഇവിടെ വെച്ച് തീവ്രവാദികള്‍ വെടി വെച്ചാല്‍ ഈ നമ്പറില്‍ വിളിക്കണമെന്നൊക്കെ. അതൊക്കെ കേട്ട് ഞാന്‍ പേടിച്ച് നില്‍ക്കുകയാണ്. എല്ലാവരും കൂടെ എന്നെ കളിയാക്കാനും തുടങ്ങി. ഓരോരുത്തരും അവരുടെ ടിക്കറ്റുമായി പോകുമ്പോള്‍ ഞാന്‍ മാത്രം ഇങ്ങനെ നില്‍ക്കുകയാണ്.

ആ സിനിമയില്‍ അഭിനയിക്കുന്നതിന് മുമ്പ് എന്നോട് ഗീത സംസാരിച്ചിട്ടില്ല. എപ്പോഴെങ്കിലും ഗുഡ്‌മോര്‍ണിങ് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്ക് സംശയമാണ്. ഞാന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്തുപറ്റിയെന്ന് ഗീത ചോദിച്ചു. അന്നുവരെ എന്നെ അവര്‍ക്ക് അറിയുക പോലുമില്ലായിരുന്നു. ടിക്കറ്റ് ഇതുവരെ ഓക്കെയായില്ല എന്ന് ഞാന്‍ പറഞ്ഞു.

‘ഓക്കെ അല്ലയാ, ഇങ്ങ് കൊട്’ എന്നും പറഞ്ഞ് ശ്രീനഗര്‍ എയര്‍പോട്ടില്‍ പോയി എയര്‍പോട്ട് മാനേജരോട് സംസാരിച്ച് അഞ്ച് മിനിട്ട് കൊണ്ട് ടിക്കറ്റ് ഓക്കെയാക്കി തന്നു. ഗീത വളരെ പവര്‍ഫുള്ളായ ഒരു സ്ത്രീയാണ്. ഒരാളോട് എന്തെങ്കിലും കാര്യങ്ങളൊക്കെ പ്രസന്റ് ചെയ്യാന്‍ അവര്‍ക്ക് നല്ല മിടുക്കാണ്.

ഉപ്പുകണ്ടം ബ്രദേഴ്‌സ് എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ തമ്മില്‍ നല്ല അടുപ്പമാണ്. അവര്‍ ഇപ്പോള്‍ താമസിക്കുന്നത് അമേരിക്കയിലാണ്. ഇടക്കാലത്ത് ഏതോ ഒരു സിനിമയിലും ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്,’ സിദ്ദീഖ് പറഞ്ഞു.

ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ഉപ്പുകണ്ടം ബ്രദേഴ്‌സ്, ജോണി ആന്റണി സംവിധാനം ചെയ്ത മാസ്‌റ്റേഴ്‌സ് എന്നീ സിനിമകളിലും ഇരുവരും ജോഡിയായി അഭിനയിച്ചിട്ടുണ്ട്.

content highlight: Actor sidhique talks about actrss geetha

Latest Stories

We use cookies to give you the best possible experience. Learn more