| Sunday, 17th December 2023, 11:59 am

മൈന്‍ഡ് ചെയ്യാതെ നടന്ന അദ്ദേഹം ലാലുമായുള്ള വീഡിയോ കോള്‍ കണ്ട ശേഷം എന്നെ കാണുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങി: സിദ്ദിഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജീത്തു ജോസഫ് – മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നേര്. ഡിസംബര്‍ 21നാണ് നേര് തിയേറ്ററിലെത്തുന്നത്. ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത്.

മോഹന്‍ലാല്‍, പ്രിയ മണി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയില്‍ നടന്‍ സിദ്ദിഖും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോള്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി സില്ലി മോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കുമ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.

‘ഞാന്‍ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ പോയി. ജീവയാണ് അതില്‍ നായകന്‍. കെ.എസ് രവികുമാര്‍ അതില്‍ മറ്റൊരു കഥാപാത്രം ചെയ്യുന്നുണ്ട്. എനിക്ക് പുള്ളിയെ അറിയാവുന്നത് കൊണ്ട് ഞാന്‍ കണ്ടപ്പോള്‍ ഗുഡ് മോര്‍ണിങ് പറഞ്ഞു. എന്നാല്‍ അയാള്‍ എന്നെ മൈന്‍ഡ് ചെയ്തില്ല. വെറുതെ ഹാ എന്നും പറഞ്ഞ് വിട്ടു. ഒരു ദിവസം ഞങ്ങള്‍ ആ സിനിമയില്‍ അഭിനയിച്ചു. ആ സമയത്തൊന്നും അയാള്‍ എന്നോട് സംസാരിക്കുകയോ എന്നെ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ലായിരുന്നു.

രണ്ടാമത്തെ ദിവസം ലാല്‍ എന്നെ വീഡിയോ കോള്‍ ചെയ്തു. ഞങ്ങള്‍ സാധാരണ ഇടക്ക് വീഡിയോ കോള്‍ ചെയ്യാറുണ്ട്. ലാല്‍ എന്തോ കാര്യം പറയാന്‍ വേണ്ടി എന്നെ വിളിച്ചതാണ്. ആ സമയത്ത് ജീവ എന്റെ തൊട്ടടുത്ത് ഇരിപ്പുണ്ട്. അപ്പോള്‍ ഞാന്‍ ഫോണില്‍ ലാലിനോട് ‘ലാലിന്റെ ഒരു ഫ്രണ്ട് എന്റെ അടുത്ത് ഉണ്ട്’ എന്ന് പറഞ്ഞു. പിന്നെ ആ ഫോണ്‍ ജീവയുടെ നേരെ കാണിച്ചു.

ജീവ ലാലിനെ കണ്ടതും ചാടി എഴുന്നേറ്റ് ലാല്‍ സാര്‍ എന്നും പറഞ്ഞ് സംസാരിച്ചു തുടങ്ങി. കീര്‍ത്തിചക്രയില്‍ അവര്‍ ഒരുമിച്ച് അഭിനയിച്ചതാണ്. കീര്‍ത്തിചക്രയിലെ എന്തോ കാര്യമാണ് അവര്‍ പരസ്പരം സംസാരിച്ചത്.

ഇതുകണ്ട് കെ.എസ് രവികുമാര്‍ എഴുന്നേറ്റ് വന്ന് ഒരു മര്യാദയും ഇല്ലാതെ ഈ ഫോണ്‍ തട്ടിപറിച്ച് ‘ലാല്‍ സാര്‍, എപ്പടി ഇറുക്ക് സാര്‍. റുമ്പ ആസൈ സാര്‍, ഒരു വാട്ടി പാക്കണം എന്ന് ആസൈ സാര്‍’ എന്നും പറയാന്‍ തുടങ്ങി. അപ്പോള്‍ ലാല്‍ പുള്ളിയോട് സംസാരിച്ചു. പിന്നെ ശരണ്യ ഉണ്ടായിരുന്നു, ശരണ്യയോടും ലാല്‍ സംസാരിച്ചു. ഞങ്ങള്‍ അന്ന് സംസാരിച്ചു ഫോണ്‍ വെച്ചു.

പിറ്റേന്ന് മുതല്‍ കെ.എസ് രവികുമാര്‍ എന്നെ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കാന്‍ തുടങ്ങി. ഇന്നലെ വരെ മൈന്‍ഡ് ചെയ്യാതെ നടന്ന ആളാണ്. പിന്നെ ഇടക്ക് പുള്ളി വന്നിട്ട് ‘സാര്‍, ലാല്‍ സാര്‍ കൂപ്പിട്ടാറാ’ എന്ന് ചോദിക്കാന്‍ തുടങ്ങി. അങ്ങനെ എല്ലാ ദിവസവും കൂപ്പിടില്ല, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലേ കൂപ്പിടുള്ളു എന്ന് ഞാന്‍ പറഞ്ഞു. ‘അല്ലൈ, നീങ്ക അവ്‌ളോ ക്ലോസാ സാര്‍’ എന്നൊക്കെ ചോദിച്ചു തുടങ്ങി.

പിന്നെ ഷൂട്ടിങ് അവസാനിക്കും വരെ ഇങ്ങനെ ചോദിക്കാന്‍ തുടങ്ങി. ലാല്‍ സാര്‍ എപ്പടി ഇറുക്ക് എന്ന് ദിവസവും ചോദിക്കും. നമ്മള്‍ ലാലിന്റെ കൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് നമ്മള്‍ക്ക് വാല്യൂ അധികം മനസിലാവില്ല. ഞാന്‍ ലാലിന്റെ വീഡിയോ കോള്‍ കണ്ടാല്‍ എഴുന്നേറ്റ് നില്‍ക്കില്ല. എന്നാല്‍ മറ്റുള്ളവര്‍ക്ക് അങ്ങനെയല്ല,’ സിദ്ദിഖ് പറഞ്ഞു.


Content Highlight: Actor Siddique Talks About Mohanlal And K.S Ravikumar

Latest Stories

We use cookies to give you the best possible experience. Learn more