| Tuesday, 4th August 2026, 3:54 pm

അൻപതിലധികം തവണ ആ സിനിമ കണ്ടിട്ടുണ്ട്, അതിൽ നിന്ന് കുറേ പഠിക്കാനുണ്ട്: സിദ്ദിഖ്

അജ്മല്‍ കെ

മലയാള സിനിമയിലെ ശ്രദ്ധേയനായ ഹാസ്യ-സ്വഭാവ നടനാണ് സിദ്ദിഖ്. 300-ലധികം സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം, തന്റെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമയായ യവനികയെക്കുറിച്ചും ആ ചിത്രം തന്നിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സംസാരിക്കുകയാണ്. തന്റെ പുതിയ ചിത്രമായ മധുരമീ ജീവിതത്തിന്റെ പ്രമോഷന്റെ ഭാഗമായി സ്കൈലാർക് പിക്ചേഴ്സ് എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

“എനിക്ക് ഏറ്റവും പ്രിയപ്പെട്ട സിനിമ യവനികയാണ്. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്താണ് ആ സിനിമ ആദ്യമായി കാണുന്നത്. യഥാർത്ഥത്തിൽ വേറൊരു ഹിന്ദി സിനിമ കാണാനാണ് തിയേറ്ററിൽ പോയത്. പക്ഷേ, അതിന് ടിക്കറ്റ് കിട്ടിയില്ല. അപ്പോഴാണ് തൊട്ടപ്പുറത്തെ തിയേറ്ററിൽ യവനികയുടെ പോസ്റ്റർ കണ്ടത്. വേണു നാഗവള്ളി കോട്ട് ധരിച്ച് തോക്ക് പിടിച്ച് നിൽക്കുന്ന ചിത്രവും ഗോപി ചേട്ടന്റെ മുഖവുമായിരുന്നു പോസ്റ്ററിൽ പ്രധാനമായും ഉണ്ടായിരുന്നത്. മമ്മൂക്കയുടെ ഒരു ചെറിയ ചിത്രവും ഉണ്ടായിരുന്നു. അന്ന് മമ്മൂക്ക സിനിമയിൽ ഉയർന്നുവരുന്ന സമയമായിരുന്നു. അങ്ങനെ ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് ഞാൻ യവനിക കാണാൻ കയറിയത്,” സിദ്ദിഖ് പറഞ്ഞു.

മധുരമീ ജീവിതം.Photo: Screengrab/ Youtube

ആദ്യമൊന്നും ആ സിനിമയിലേക്ക് എനിക്ക് ഇൻവോൾവ് ആകാൻ കഴിഞ്ഞില്ല. മനസിൽ മുഴുവൻ കാണാൻ പറ്റാതെ പോയ ആ ഹിന്ദി സിനിമ തന്നെയായിരുന്നു. പക്ഷേ, കുറച്ച് സമയം കഴിഞ്ഞപ്പോൾ യവനിക പതിയെ എന്നെ പിടിച്ചിരുത്താൻ തുടങ്ങി. സിനിമ അവസാനിച്ചപ്പോൾ അത് എനിക്ക് അത്രയും ഇഷ്ടമായി. അതുകൊണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ അടുത്ത ഷോയ്ക്കും ടിക്കറ്റ് എടുത്ത് വീണ്ടും കയറി. ആ സിനിമ ഒരിക്കൽ കൂടി തുടക്കം മുതൽ ആസ്വദിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം എന്നും നടൻ കൂട്ടിചേർത്തു.

സിദ്ദിഖ്.Screengrab/Youtube

“കഴിഞ്ഞ ആഴ്ചയും ഞാൻ യവനിക കണ്ടിരുന്നു. ഏകദേശം അൻപതിലധികം തവണ ആ സിനിമ കണ്ടിട്ടുണ്ടാകും. പലപ്പോഴും അതിലെ ചില രംഗങ്ങൾ മാത്രം വീണ്ടും കാണാറുണ്ട്. ഗോപി ചേട്ടന്റെയും വേണു ചേട്ടന്റെയും ജഗതി ചേട്ടന്റെയും അഭിനയത്തിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. സംവിധായകൻ കെ. ജി. ജോർജുമായി ആ സിനിമയെക്കുറിച്ച് ഞാൻ പലതവണ സംസാരിച്ചിട്ടുണ്ട്. അതിലെ ഓരോ ഷോട്ടും ഓരോ അഭിനേതാവിന്റെയും പ്രകടനവും ഇന്നും പഠിക്കാനുള്ള പാഠങ്ങളാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖ്, വിനയ പ്രസാദ്, പൂജിത മേനോൻ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് മധുരമീ ജീവിതം. ഫാമിലി ഡ്രാമ ഴോണറിൽ ഒരുക്കിയ ചിത്രം മാത്യു സക്കരിയായാണ് സംവിധാനം ചെയ്യുന്നത്. ചിത്രം ഓഗസ്റ്റ് 14 ന് തിയേറ്ററുകളിലെത്തും.

Content Highlight: Actor Siddique shares his experience with his all-time favourite film Yavanika

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more