| Tuesday, 9th June 2026, 8:18 pm

ലാലേട്ടനെ നോക്കി നിന്ന് സീനില്‍ അഭിനയിക്കാന്‍ മറന്നുപോയി; ദൃശ്യം 3 അനുഭവം പങ്കുവെച്ച് ശിവ ഹരിഹരന്‍

അശ്വിന്‍ രാജേന്ദ്രന്‍

2019ല്‍ പുറത്തിറങ്ങിയ മനോഹരം എന്ന വിനീത് ശ്രീനിവാസന്‍ നായകനായ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ശിവ ഹരിഹരന്‍. എന്നാല്‍ താരം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത് 2022ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് സഹനടനായെങ്കിലും അബ്രഹാം ഓസ്‌ലെര്‍, ആലപ്പുഴ ജിംഖാന, ബള്‍ട്ടി, വലതുവശത്തെ കള്ളന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ശിവ ശ്രദ്ധേയമായ വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ജീത്തു ജോസഫ് സംവിധാനം ചെയ്ത് മെയ് 21ന് തിയേറ്ററുകളിലെത്തി ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറിയ ദൃശ്യം 3. മലയാളത്തിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ഫ്രാഞ്ചൈസിയായ ദൃശ്യത്തിന്റെ മൂന്നാം ഭാഗമായെത്തിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു ബെസ്റ്റ് പെര്‍ഫോമന്‍സിന് കൂടിയായിരുന്നു സാക്ഷ്യം വഹിച്ചത്.

ശിവ ഹരിഹരന്‍ അല്ലു അര്‍ജുനൊപ്പം. Photo: NDTV

ചിത്രത്തിലൂടെ മോഹന്‍ലാല്‍ എന്ന മലയാളത്തിന്റെ മഹാനടനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് ശിവ ഹരിഹരന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ മോഹന്‍ലാലിനെ കണ്ടപ്പോള്‍ എല്ലാം മറന്നുപോയെന്ന് ശിവ പറയുന്നു. സെറ്റില്‍ വെച്ച് ടേക്ക് പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ലാല്‍ സാര്‍ എങ്ങനെയാണ് അഭിനയിക്കുന്നതെന്നും അദ്ദേഹം കൈ കൊണ്ട് എന്താണ് ചെയ്യുന്നതെന്നും താന്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് പറയുകയാണ് താരം. പെട്ടെന്ന് പിന്നില്‍ നിന്നും ജീത്തു ജോസഫ് കട്ട് വിളിച്ചു പറഞ്ഞപ്പോഴായിരുന്നു തനിക്ക് ബോധം വന്നതെന്നും അഭിനയിക്കണമല്ലോ എന്ന് അപ്പോഴാണ് ആലോചിച്ചതെന്നും ശിവ തമാശയോടെ ഓര്‍ത്തെടുക്കുന്നു. ഇത്രകാലം ആരാധിച്ച ഒരാളെ മുന്നില്‍ കണ്ടപ്പോഴുള്ള എക്‌സൈറ്റ്‌മെന്റില്‍ താന്‍ നോക്കി നിന്നുപോയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദൃശ്യം 3. Photo: District

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ തിയേറ്ററുകളിലെത്തിയ ചിത്രം മൂന്ന് ദിവസത്തിനകം നൂറ് കോടി ക്ലബ്ബില്‍ ഇടം പിടിച്ചുകൊണ്ടായിരുന്നു വരവറിയിച്ചത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും ഇതിനോടകം 240 കോടിയോളം സ്വന്തമാക്കിയ ദൃശ്യം 3 മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ നാലാം സ്ഥാനവും സ്വന്തമാക്കിയിരിക്കുകയാണ്.

Content Highlight:  Actor Shiva Hariharan talks about acting experience with Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more