| Wednesday, 17th December 2025, 2:07 pm

ഭാവി സൂപ്പര്‍സ്റ്റാറിന്റെ കാലിനടുത്തിരുന്ന് കരയുന്നതില്‍ എന്താണ് തെറ്റ്: ശരത് കുമാര്‍

അശ്വിന്‍ രാജേന്ദ്രന്‍

കീര്‍ത്തീശ്വരന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥനും മമിത ബൈജുവും പ്രധാനവേഷത്തിലെത്തി നൂറു കോടിയെന്ന നേട്ടം സ്വന്തമാക്കിയ തമിഴ് ചിത്രമായിരുന്നു ഡ്യൂഡ്. ദുരഭിമാനക്കൊലക്കെതിരെ ശക്തമായ സന്ദേശം നല്‍കിയ ചിത്രത്തില്‍ തമിഴിലെ സീനിയര്‍ നടനായ ശരത്കുമാറും പ്രധാനവേഷത്തിലെത്തിയിരുന്നു.

Photo: screen grab/ think music india/ youtube.com

ചിത്രത്തില്‍ മമിതയുടെ അച്ഛനായി എത്തിയ ശരത്കുമാറിന്റെ കഥാപാത്രം മകളുടെ താഴ്ന്ന ജാതിയില്‍പ്പെട്ട കാമുകനെ കൊല്ലാന്‍ നോക്കുന്നതും പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് പ്രദീപിന്റെ കഥാപാത്രത്തോട് ക്ഷമ ചോദിക്കുന്നതായുമായ രംഗമുണ്ട്. സിനിമയില്‍ പ്രദീപിന്റെ കാലിനടുത്തിരുന്ന് കരയുന്ന രംഗം കണ്ട് തമിഴ് നടി ദേവയാനി തന്നെ വിളിച്ച് ചോദിച്ച കാര്യത്തെക്കുറിച്ച് പറയുകയാണ് ശരത്കുമാര്‍.

ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വി. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കൊമ്പുസീവി എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

Photo: screen grab/ think music india/ youtube.com

‘ഡ്യൂഡിന്റെ റിലീസിന് ശേഷം സിനിമ കണ്ട് ദേവയാനി എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. സിനിമ വളരെ നന്നായിട്ടുണ്ടെന്നും എന്റെ അഭിനയം മികച്ചതായിരുന്നുവെന്നും പറഞ്ഞു. ക്ലൈമാക്‌സ് സീനില്‍ പ്രദീപ് രംഗനാഥന്റെ കാലിനടുത്തിരുന്ന് കരയുന്ന രംഗം എങ്ങനെയാണ് അഭിനയിച്ചത് എന്നായിരുന്നു അവര്‍ എന്നോട് ചോദിച്ചത്. ചോദ്യം കേട്ടപ്പോള്‍ എനിക്കതിശയം തോന്നി.

ഞാന്‍ അവരോട് പറഞ്ഞത് ഞാനെന്റെ അനിയത്തിയുടെ മകന്റെ കാലിനടുത്ത് ഇരുന്നല്ലേ കരഞ്ഞത് എന്നാണ്. അതൊരു ക്യാരക്ടര്‍ മാത്രമാണ്. അല്ലാതെ ശരത്കുമാര്‍ എന്ന വ്യക്തി പ്രദീപിന്റെ കാലിനടുത്തിരുന്ന് കരഞ്ഞതല്ല. ഇനിയങ്ങനെ ആണെങ്കില്‍ തന്നെ അപ്കമിങ് സൂപ്പര്‍ സ്റ്റാറിന്റെ അടുത്ത് പോയി കരയുന്നതില്‍ എന്താണ് തെറ്റ്,’ ശരത്കുമാര്‍ തമാശയോടെ ചോദിക്കുന്നു.

ദുരഭിമാനക്കൊലക്കെതിരെ ശക്തമായ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും കാലം മാറുന്നതിനനുസരിച്ച് നമ്മുടെ സംസ്‌കാരത്തിലും മാറ്റം വരുന്നുണ്ടെന്നും ഇത് മികച്ച രീതിയില്‍ സംവിധായകന്‍ ഡ്യൂഡിലൂടെ അവതരിപ്പിച്ചിട്ടുണ്ടെന്നും ശരത്കുമാര്‍ പറഞ്ഞു. നായകവേഷങ്ങളില്‍ മാത്രമേ അഭിനയിക്കൂ എന്ന വാശി തനിക്കില്ലെന്നും അതിനാലാണ് പുതിയ സംവിധായകരുടെ ചിത്രങ്ങളിലും മികച്ച കഥാപാത്രങ്ങള്‍ തനിക്ക് ലഭിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

Photo: screen grab/ think music india/ youtube.com

ഒക്ടോബറില്‍ റിലീസായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും ഒ.ടി.ടി. റിലീസിനു ശേഷം ചിത്രത്തിലെ പല സീനുകളും ട്രോളുകള്‍ക്ക് ഇരയായിരുന്നു. നെറ്റ്ഫ്‌ളിക്‌സിലൂടെ ഒ.ടി.ടി. റിലീസായ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സായ് അഭ്യങ്കറാണ്.

Content Highlight: actor sharath kumar talks about his acting in dude movie with pradeep ranganathan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more