| Tuesday, 17th November 2026, 7:15 pm

‘രാമനാകാൻ രൺബീർ ആപ്റ്റാണോ, സീതയാകാൻ സായ് പല്ലവി ആപ്റ്റാണോ എന്നതിലല്ല കാര്യം’; ഇതുപോരാ, അതുപോരാ എന്നതിനപ്പുറം സിനിമയെ ആഘോഷിക്കണം: ശരത് ദാസ്

അജ്മല്‍ കെ

മലയാള ചലച്ചിത്ര- ടെലിവിഷൻ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ് ശരത് ദാസ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സീരിയലായ ശ്രീമഹാഭാഗവതത്തിൽ ശ്രീ കൃഷ്ണനായി വേഷമിട്ടുകൊണ്ടാണ് നടൻ ശ്രദ്ധയനാവുന്നത്. തുടർന്ന് നിരവധി ടെലിവിഷൻ പാരമ്പരകളിലും നിറ സാന്നിധ്യമായിരുന്നു നടൻ. കൂടാതെ ഉണ്ണി മുകുന്ദൻ, സിദ്ധാർത്ഥ് ഭരതൻ, നരേൻ, സിദ്ധാർത്ഥ് തുടങ്ങിയ നടന്മാർക്ക് ശരത് ഡബ്ബിങ് ചെയ്തിട്ടുണ്ട്. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം രണ്ട് തവണ നടൻ കരസ്ഥമാക്കിയിട്ടുണ്ട്.

എന്നാൽ ഇപ്പോഴിതാ ‘രാമായണ’ സിനിമയിൽ രാമനായി വേഷമിട്ട രൺബീർ കപൂറിന് മലയാളത്തിൽ ശബ്ദം നൽകിയതിന്റെ അനുഭവം പങ്കുവെക്കുകയാണ് നടൻ ശരത് ദാസ്. രാമനായി രൺബീർ കപൂർ എത്തുമ്പോൾ താരം ആ വേഷത്തിന് അനുയോജ്യനാണോ, സീതയായി എത്തുന്ന സായ് പല്ലവി ആ കഥാപാത്രത്തിന് ചേരുമോ എന്നിങ്ങനെയുള്ള ചർച്ചകൾക്കപ്പുറം കഥാപാത്രങ്ങളുടെ ഗുണങ്ങളിലേക്കാണ് പ്രേക്ഷകർ ശ്രദ്ധിക്കേണ്ടതെന്ന് പറയുകയാണ് ശരത് ദാസ്. രാമനെയും സീതയെയും പുറമെയുള്ള രൂപത്തിന്റെ അടിസ്ഥാനത്തിലല്ല, അവരുടെ ഗുണങ്ങളിലൂടെയാണ് കാണേണ്ടതെന്നും ശരത് ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ശരത് ദാസ്. Photo. Screen Grab/ Youtube

‘രാമനായി രൺബീർ ആപ്റ്റാണോ, സീതയായി സായ് പല്ലവി ആപ്റ്റാണോ എന്നൊക്കെയായിരുന്നു എല്ലാവരുടെയും ചോദ്യങ്ങൾ. അതിലേക്ക് കൂടുതൽ പോകാതെ രാമന്റെ ഗുണങ്ങളിലേക്ക് ശ്രദ്ധിക്കുകയാണ് വേണ്ടത്. കാരണം ഇത് പുറമെയുള്ള ഭംഗിയിലോ രൂപത്തിലോ ഒതുങ്ങുന്ന കാര്യമല്ല. രാമായണത്തെ നമ്മൾ ഈശ്വരീയമായ ഒരു കാഴ്ചപ്പാടിലാണ് കാണേണ്ടത്. ആ കഥാപാത്രങ്ങളുടെ ഗുണങ്ങളാണ് പ്രധാനപ്പെട്ടത്.
പണ്ടുള്ള ഗുരുനാഥന്മാർ പറയാറുള്ളത് രാമായണം എന്ന വാക്കിന് നമ്മുടെ ഉള്ളിലെ ഇരുട്ട് മാറുക എന്നൊരു അർത്ഥം കൂടിയുണ്ടെന്നാണ്. അതുകൊണ്ട് രാമന്റെ ഗുണങ്ങളിലേക്കാണ് നമ്മൾ നോക്കേണ്ടത്,’ ശരത് ദാസ് പറഞ്ഞു.

രാമനെയും സീതയെയും നേരിട്ട് കണ്ടിട്ടുള്ളവരല്ല നമ്മളെന്നും അതിനാൽ അവരുടെ രൂപത്തെക്കുറിച്ചുള്ള തർക്കങ്ങൾക്കപ്പുറം കഥാപാത്രങ്ങളുടെ മൂല്യങ്ങളാണ് മനസിലാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നമ്മൾ സീതയെ നേരിട്ട് കണ്ടിട്ടില്ല, രാമനെയും കണ്ടിട്ടില്ല. അതുകൊണ്ട് ഇന്നത്തെ കാലത്ത് ആർക്കും മനസുകൊണ്ട് രാമനാകാം, സീതയാകാം. എല്ലാവരും സീതയാകണം എന്നാണ് എനിക്ക് പറയാനുള്ളത്. ഈ സിനിമയ്ക്കായി അണിയറപ്രവർത്തകരുടെയും അഭിനേതാക്കളുടെയും ഭാഗത്തുനിന്ന് അത്രത്തോളം സമർപ്പണമുണ്ടായിട്ടുണ്ട്. വെറുമൊരു സിനിമയിൽ അഭിനയിക്കുന്നതുപോലെയല്ല അവർ ഇതിൽ പ്രവർത്തിച്ചിരിക്കുന്നത്. വലിയൊരു ഭക്തിയോടെയാണ് അവർ ഈ സിനിമ ചെയ്തിരിക്കുന്നത്. അങ്ങനെയൊരു സമർപ്പണം ഉണ്ടായിരിക്കുമ്പോൾ ഇതുപോരാ, അതുപോരാ എന്ന വിമർശനങ്ങൾക്കപ്പുറം കൂടി നമ്മൾ ചിന്തിക്കണം,’ ശരത് പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള ഒരു വലിയ സിനിമാ നിർമാണ സംരംഭമാണ് ‘രാമായണം’ എന്നും ഹോളിവുഡിനോട് കിടപിടിക്കുന്ന സാങ്കേതിക മികവ് ചിത്രത്തിനുണ്ടെന്നും ശരത് അഭിപ്രായപ്പെട്ടു. ക്രിസ്റ്റഫർ നോളനൊപ്പം പ്രവർത്തിച്ചിട്ടുള്ളവർ ഉൾപ്പെടെയുള്ളവരാണ് ചിത്രത്തിന്റെ പിന്നണിയിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാമായണ. Photo. Screen Grab/ Youtube

‘ഇത് ഭാരതത്തിന്റെ ഒരു പ്രൊഡക്ടാണ്. ഹോളിവുഡിൽ പ്രവർത്തിച്ചിട്ടുള്ളവരും ക്രിസ്റ്റഫർ നോളന്റെ കൂടെ ജോലി ചെയ്തിട്ടുള്ളവരുമൊക്കെയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്. അപ്പോൾ ഇനി അവർ ഇങ്ങോട്ട് വരട്ടെ. നമ്മൾ അങ്ങോട്ട് പോകേണ്ട ആവശ്യമില്ല. ഹോളിവുഡിന്റെ നിലവാരത്തിലുള്ള മികവും സാങ്കേതികവിദ്യയും നമ്മുടെ സിനിമയിലും ഉണ്ടെന്ന് കാണിച്ചുതരുന്ന ചിത്രമാണിത്. അതിനെ നമ്മൾ ആഘോഷിക്കുകയും കണ്ട് ആസ്വദിക്കുകയും വേണം. അല്ലാതെ നെഗറ്റീവ് കാര്യങ്ങൾ മാത്രം ചികഞ്ഞുപോകാതിരിക്കുന്നതാണ് നല്ലത്,’ ശരത് ദാസ് പറഞ്ഞു.

Content Highlight: Actor Sharath Das shares his experience of providing the Malayalam voice for Ranbir Kapoor, who played the role of Rama in the film ‘Ramayana’.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more