1980കളില്‍ മമ്മൂട്ടിയെക്കാളും മോഹന്‍ലാലിനെക്കാളും വലിയ താരമൂല്യമുള്ള മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറായിരുന്നു ശങ്കര്‍. 1980ല്‍ തമിഴില്‍ പുറത്തിറങ്ങിയ ഒരു തലൈ രാഗത്തിലൂടെയും മലയാളത്തില്‍ പുറത്തിറങ്ങിയ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെയും ശങ്കര്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. പിന്നീട് സംവിധായകനായും നിര്‍മാതാവായും താരം സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ശങ്കര്‍. Photo: Telugu Movie
എണ്‍പതുകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യതയും സ്റ്റാര്‍ഡവും പിന്നീട് തുടരാന്‍ ശങ്കറിന് സാധിച്ചിരുന്നില്ല. തുടര്‍ച്ചയായി പരാജയ ചിത്രങ്ങളുടെ ഭാഗമായ താരം പിന്നീട് മലയാള സിനിമയിലെ മുന്‍നിരയില്‍ നിന്നും പിന്തള്ളപ്പെടുകയായിരുന്നു. എങ്കിലും സഹനടനായും ചെറിയ റോളുകളിലും താരം സജീവമായിരുന്നു. അടുത്തിടെ വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ മാറിനിന്നതിനെ കുറിച്ചും സംവിധാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതിനെ കുറിച്ചും ശങ്കര്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘സിനിമയില്‍ എനിക്ക് സങ്കടങ്ങള്‍ ഉണ്ടായിട്ടില്ല. കാരണം ഞാന്‍ എല്ലാത്തില്‍ നിന്നും മാറി നിന്നു. നമുക്ക് ഇത്രയെല്ലാം മതി എന്ന് ഞാന്‍ സ്വയം തീരുമാനിച്ചു. 1994-95 കാലഘട്ടത്തില്‍ ഇനി സിനിമ മതി, ഇത്രയൊക്കെയേ നമ്മുടെ ടൈം ഉള്ളൂ എന്ന് തീരുമാനിച്ച് ഞാന്‍ മാറി നിന്നു. അങ്ങനെ വിചാരിച്ച് ഞാന്‍ മാറി നില്‍ക്കുമ്പോഴാണ് എന്നെ അന്വേഷിച്ച് ഒരു സിനിമ വരുന്നത്. അത് ഷൂട്ടിങ്ങെല്ലാം തുടങ്ങി ഒരു സ്‌റ്റേജ് കഴിഞ്ഞപ്പോള്‍ പ്രൊഡ്യൂസറുടെ കൈയില്‍ ഫണ്ട് ഇല്ലാത്തത് കൊണ്ട് നിന്നുപോയി. നല്ല പാട്ടുകളും ഹ്യൂമറും റൊമാന്‍സുമെല്ലാം ഉള്ള ചിത്രമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത് നിന്നുപോയി.
സിനിമകള്‍ വിജയിക്കുന്നത് നമ്മുടെഒരു കാലവും സമയുമെല്ലാം ആശ്രയിച്ചാണ്. എല്ലാവരും സിനിമയെടുക്കുന്നുണ്ട് അതില്‍ എത്ര സിനിമ വിജയിക്കുന്നുണ്ട്?. അങ്ങനെയാണ് സംവിധാനത്തില്‍ എന്തെങ്കിലും ക്രിയേറ്റീവായി ചെയ്യാന്‍ സാധിച്ചാല്‍ അതില്‍ വിജയം കണ്ടെത്താം എന്ന് എനിക്ക് തോന്നുന്നത്. അങ്ങനെ അതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു,’ശങ്കര്‍ പറയുന്നു.
Photo: FilmBiopsy/ Facebook.com
1994ല്‍ നിര്‍മാതാാവ് സുരേഷ് കുമാര്‍, സുരേഷ് ഗോപി നായകനായ തക്ഷശില എന്ന ചിത്രത്തിലേക്ക് തന്നെ വിളിച്ചെന്നും എന്നാല്‍ ഷൂട്ടിങ്ങിനായി കുളു മണാലിയിലെത്തിയ ശേഷം ചിത്രത്തിന്റെ കഥയില്‍ മാറ്റങ്ങള്‍ സംഭവിച്ചുവെന്നും ശങ്കര്‍ ഓര്‍ത്തെടുക്കുന്നു. ചിത്രത്തില്‍ തനിക്ക് പ്രധാന്യമുള്ള വേഷമായിരുന്നെങ്കിലും പിന്നീട് മാറ്റങ്ങള്‍ സംഭവിച്ച് കഥാപാത്രം ചെറുതായിപോയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തില്‍ സിനിമയുടെ കാര്യങ്ങളൊന്നും മുന്‍കൂട്ടി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Shankar talks about the challenges faced by him in Cinema