| Tuesday, 5th August 2025, 4:07 pm

നമ്മളൊക്കെ ഒരു ദിവസം കൊണ്ടാണ് സ്റ്റാറായത്; മോഹന്‍ലാല്‍ അങ്ങനെയല്ല: ശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1980കളില്‍ ഏറെ താര പരിവേഷമുണ്ടായിരുന്ന നടനാണ് ശങ്കര്‍. മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഒരു തലൈ രാഗം എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം തന്റെ സിനിമാകരിയര്‍ ആരംഭിക്കുന്നത്.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പമാണ് ശങ്കര്‍ മലയാള സിനിമയില്‍ എത്തുന്നത്. ആ കാലത്ത് മോഹന്‍ലാലും ശങ്കറും ഒരുമിച്ച് അഭിനയിച്ച സിനിമകളൊക്കെ മലയാളത്തില്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഇപ്പോള്‍ യെസ് 27 എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനെ കുറിച്ച് സംസാരിക്കുകയാണ് ശങ്കര്‍. മോഹന്‍ലാലിനെ കുറിച്ച് പറയാതിരിക്കാന്‍ സാധിക്കില്ലെന്നും താന്‍ എപ്പോഴും എല്ലാവരോടും അദ്ദേഹത്തെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ടെന്നും ശങ്കര്‍ പറയുന്നു.

‘ഒരു നടന്‍ എന്ന നിലയില്‍ മോഹന്‍ലാല്‍ ഒരു ജീനിയസ് തന്നെയാണ്. ലാല്‍ ഓരോ സിനിമയിലും വ്യത്യസ്തമായിട്ടാണ് ചെയ്യുക. അന്ന് നെഗറ്റീവ് ക്യാരക്ടറില്‍ നിന്നും പെട്ടെന്ന് കോമഡിയിലേക്കും സീരിയസ് റോളുകളിലേക്കും കയറി വന്നു. ലാലിന് നല്ല സബ്ജെക്ടുകളും കിട്ടി.

അതിലൂടെയാണ് ലാല്‍ മാറ്റങ്ങള്‍ കൊണ്ടുവന്നത്. നമ്മുടെ ചാര്‍ട്ട് ഒറ്റയടിക്കാണ് മുകളിലേക്ക് കയറി പോയത്. പക്ഷെ ലാലിന്റേത് അങ്ങനെയല്ല. അദ്ദേഹം പതുക്കെ പതുക്കെയാണ് കയറി വരുന്നത്. അവസാനം ടോപ്പില്‍ എത്തുകയും ചെയ്തു. നമ്മളൊക്കെ ഒരു ദിവസം കൊണ്ടാണ് സ്റ്റാറായത്,’ ശങ്കര്‍ പറയുന്നു.

മോഹന്‍ലാലും ശങ്കറും ഒന്നിച്ച് 1983ല്‍ പുറത്തിറങ്ങിയ ചിത്രമാണ് എങ്ങനെ നീ മറക്കും. സിനിമയുടെ ക്ലൈമാക്സില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മരണപ്പെടുകയായിരുന്നു. വലിയ ഹിറ്റായ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

എന്നാല്‍ ഈ സിനിമയില്‍ കഥാപാത്രങ്ങളെ ശരിക്കും പ്ലേസ് ചെയ്തത് മറ്റൊരു രീതിയിലായിരുന്നുവെന്നും ശങ്കര്‍ അഭിമുഖത്തില്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ തന്റെ കഥാപാത്രം മരിക്കുന്ന തരത്തിലായിരുന്നു ആ സിനിമ ആദ്യം തീരുമാനിച്ചതെന്നും പക്ഷെ അവസാനം മാറ്റി തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എപ്പോഴും സിനിമയില്‍ സിമ്പതി ഫാക്ടറുണ്ടാകുമെന്നും സിനിമയില്‍ മോഹന്‍ലാലിന്റെ ശംഭുവെന്ന കഥാപാത്രത്തിന് സിമ്പതി ലഭിച്ചുവെന്നും അത് കുറച്ചധികം പ്രേക്ഷകരിലേക്ക് അദ്ദേഹത്തിന്റെ കഥാപാത്രത്തെ എത്തിച്ചുവെന്നും ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Shankar Talks About Mohanlal

We use cookies to give you the best possible experience. Learn more