| Thursday, 25th December 2025, 10:10 am

ഏറ്റവും വലിയ ഫെമിനിസ്റ്റ് മൂവിയാണ് കുമ്പളങ്ങി നൈറ്റ്‌സ്; ഒരു വീട്ടില്‍ സ്തീ എത്ര പ്രധാനപ്പെട്ടവളാണെന്ന് ചിത്രം പറയുന്നുണ്ട്: ഷെയ്ന്‍ നിഗം

അശ്വിന്‍ രാജേന്ദ്രന്‍

സിനിമാ പ്രേക്ഷകരില്‍ നിന്നും ഒരുപാട് നിരൂപക പ്രശംസകള്‍ നേടി ഇപ്പോഴും ആരാധകമനസ്സില്‍ സ്ഥാനമുള്ള ചിത്രമാണ് മധു.സി മോഹന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ്. ശ്യാം പുഷ്‌കരന്‍ തിരക്കഥയെഴുതി ഫഹദ് ഫാസില്‍, സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു.

സജി, ബോണി, ബോബി, ഫ്രാങ്കി എന്നിങ്ങനെ നാല് സഹോരങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിലെ ഗാനങ്ങളും ഫഹദ് ഫാസില്‍ അവതരിപ്പിച്ച ഷമ്മി എന്ന കഥാപാത്രവും മലയാള സിനിമയിലെ കള്‍ട്ടായി മാറിയിരുന്നു. കുമ്പളങ്ങിയിലെ ഒരു തുരുത്തില്‍ നാല് ആണുങ്ങള്‍ മാത്രം താമസിക്കുന്ന അച്ചടക്കമില്ലാത്ത വീടും അവരുടെ ജീവിതവും പശ്ചാതലമായാണ് ചിത്രം തുടങ്ങുന്നത്.

ഷെയ്ന്‍ നിഗം. Photo: screen grab/ club fm/ youtube.com

ശേഷം ഒരുപാട് സംഘര്‍ഷങ്ങളിലൂടെ കടന്നുപോയി, ആ ചെറിയ വീട്ടിലേക്ക് തങ്ങള്‍ക്കൊപ്പമെത്തുന്ന സ്ത്രീകള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുന്നതാണ് കഥയുടെ അവസാനം. അച്ഛന്റെ മരണ ശേഷം തങ്ങളെ ഉപേക്ഷിച്ച് പോയ അമ്മയെ തിരിച്ചുവിളിക്കാന്‍ പോകുന്ന സജിയുടെയും ബോബിയുടെയും രംഗങ്ങളടക്കം വലിയ രീതിയില്‍ നിരൂപക പ്രശംസ നേടിയിരുന്നു.

ഒരു കുടുംബത്തില്‍ എത്ര പ്രധാനപ്പെട്ടയാളാണ് സ്ത്രീ എന്ന് പറയാതെ പറഞ്ഞുവെക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന് നടന്‍ ഷെയ്ന്‍ നിഗം പറഞ്ഞിരുന്നു. തന്റെ കാഴ്ച്ചപ്പാടില്‍ ഏറ്റവും വലിയ ഫെമിനിസ്റ്റ് മൂവിയാണ് അത്. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു മെന്‍സ് ഹോസ്റ്റലു പോലെ പരസ്പരം അടിയും വഴക്കുമുണ്ടാക്കി നടന്നിരുന്ന കുടുംബമാണത്.

ഈ പ്രശ്‌നങ്ങള്‍ കാരണമായിരിക്കാം അവരുടെ അമ്മ അവരെ വിട്ട് പോയത്. പക്ഷേ അതേ സ്ഥലത്തേക്ക് സ്ത്രീകള്‍ വരുമ്പോള്‍ അതെങ്ങനെയാണ് ഒരു കുടുംബമായി മാറുന്നതെന്ന് കാണാം. അമ്മ പോയതിന് ശേഷം നഷ്ടപ്പെട്ട അടുക്കും ചിട്ടയും വീണ്ടും തിരിച്ചു വരുന്നത് സ്ത്രീകള്‍ ഇവരുടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോഴാണ്. ഒരു സ്ത്രീ എത്രത്തോളം പ്രധാനപ്പെട്ടവളാണെന്ന് ചിത്രം അടിവരയിടുന്നു.

കുമ്പളങ്ങി നൈറ്റ്‌സ് വണ്‍സ് ഇന്‍ എ ലൈഫ് ടൈം മൂവിയാണ് ഇനി വീണ്ടും അതേ കഥാപാത്രം അത്രയും നാച്ചുറല്‍ ആയി ചെയ്യാന്‍ പറ്റുമോ എന്ന് തനിക്കറിയില്ലെന്നും താരം പറഞ്ഞു. യാതൊരു ബുദ്ധിമുട്ടുമില്ലാതെ പ്രവര്‍ത്തിച്ചവരെല്ലാവരും നൂറു ശതമാനം നല്‍കിയ ചിത്രമാണ് കുമ്പളങ്ങിയെന്നും ഒരു പുഴ ഒഴുകുന്ന പോലെ സംഭവിച്ച ചിത്രമാണതെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

ഹാല്‍. Photo: screen grab/ think music india/ youtube.com

താരത്തിന്റെ പുതിയതായി ഇറങ്ങാനിരിക്കുന്ന ഹാല്‍ ചിത്രത്തിന്റെ വിശേങ്ങള്‍ പങ്കു വെക്കുന്നതിനായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റഫീഖ് വീര സംവിധാനം ചെയ്യുന്ന ഹാലില്‍ സാക്ഷി സിന്‍ഹ, ജോണി ആന്‍ണി, ജോയ് മാത്യൂ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Content Highlight: actor shane nigam talks about kumbalngi nights movie

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more