| Monday, 20th April 2026, 9:33 am

വാഴ 2 കണ്ടു, ഞാനടക്കം പറയാനാഗ്രഹിച്ച ഒരുപാട് കാര്യങ്ങള്‍ സിനിമയിലുണ്ട്: ഷെയ്ന്‍ നിഗം

അശ്വിന്‍ രാജേന്ദ്രന്‍

ചെറിയ പ്രായത്തില്‍ തന്നെ മലയാള സിനിമയില്‍ നായകനായി പ്രത്യേക ഫാന്‍ബേസ് സൃഷ്ടിച്ചെടുത്ത അഭിനേതാവാണ് ഷെയ്ന്‍ നിഗം. മികച്ച കഥാപാത്രങ്ങളിലൂടെ മികച്ച ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കുമ്പളങ്ങി നൈറ്റ്‌സ്, പറവ, ആര്‍.ഡി.എക്‌സ് തുടങ്ങി ഒട്ടനവധി സിനിമകളാണ് പ്രേക്ഷകരുടെ ഫേവറിറ്റ് ലിസ്റ്റിലുള്ളത്. ഇക്കൂട്ടത്തില്‍ ഇടം നേടാനായാണ് ഷെയ്ന്‍ പൊലീസ് വേഷത്തിലെത്തുന്ന ദൃഢം മെയ് 8ന് തിയേറ്ററുകളിലേക്കെത്തുന്നത്.

ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന വാഴ 2വിനെ ക്കുറിച്ച് ഷെയ്ന്‍ നിഗം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. സവിന്‍ സാ സംവിധാനം ചെയ്ത് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ശ്രദ്ധേയരായ ഹാഷിറും ടീമും പ്രധാനവേഷത്തിലെത്തിയ വാഴ 2 കഴിഞ്ഞ ദിവസം 200 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.

ഷെയ്ന്‍ നിഗം. Photo: Screen Grab/ Cue Studio/ Youtube.com

‘വാഴ 2 ഞാന്‍ കണ്ടു. എനിക്ക് വളരെയധികം സന്തോഷം തോന്നിയത് എന്താണെന്ന് വെച്ചാല്‍ നമ്മള്‍ കുറെകാലമായി കണ്ട് പഴകിയ സിനിമകളില്‍ നിന്നും ഒരുപാട് ഫ്രെഷായ പരിപാടി അവര്‍ ചെയ്തു. അതായത് അതിന്റെ വണ്‍ലൈന്‍ കഥയിലല്ല. മേക്കിങ്ങിലും അവരുടെ അഭിനയത്തിലുമെല്ലാം ഒരു ഫ്രെഷ് എയര്‍ കിട്ടിയ ഫീല്‍ അതിലുണ്ടായി. ആ സിനിമയിലൂടെ കൊടുക്കുന്ന മെസേജ് ഇന്നത്തെ ജനറേഷന് വളരെ ആവശ്യമുള്ളതാണെന്ന് ആ സിനിമ കണ്ടപ്പോള്‍ എനിക്ക് തോന്നി.

ഇന്നത്തെ തലമുറ കാണേണ്ട പടമാണത്. അവരെ ശരിക്കും ചിത്രത്തില്‍ റെപ്രസെന്റ് ചെയതിട്ടുണ്ട്. അവര്‍ പറയാനാഗ്രാഹിച്ച ഒരുപാട് കാര്യങ്ങള്‍ അതിലുണ്ട്. ഞാനടക്കമുള്ളവര്‍ കടന്നുപോയ ഒരു സമയമാണത്. യൂത്തിന് ഏറ്റവും ദേഷ്യമുള്ള ഒരു സമയമുണ്ടാവുമല്ലോ. ആ സമയത്ത് നമ്മുടെ അഗ്രഷനെ മുതലെടുക്കുന്ന കുറച്ച് ആള്‍ക്കാര്‍ ഉണ്ട്. ആ സമൂഹത്തിനെതിരെയും അതിന് ശേഷം നമ്മളെ സമൂഹം നോക്കി കാണുന്ന രീതിയെയും ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു.

മാത്രമല്ല ഇവരുടെ എല്ലാവരുടെയും പെര്‍ഫോമന്‍സ് ഒന്നിനൊന്ന് മെച്ചമാണെന്ന് പറയാം. നമുക്ക് ഒരാളെ മാത്രമായിട്ട് പറയാന്‍ പറ്റില്ല. എല്ലാവരും ചിത്രത്തിലേക്ക് ഭയങ്കരമായിട്ട് ഇന്‍ ആണ്. അവര്‍ അഭിനയിക്കുകയാണെന്ന് തോന്നാത്ത രീതിയിലാണ് സിനിമയിലെ പ്രകടനം. ചിത്രം കണ്ട് സമയം പോകുന്നത് അറിയില്ല. കൊമേഷ്യാലിറ്റിയുടെ കൂടെ നല്ലൊരു കണ്ടെന്റ് കൂടെ അവര്‍ കൊടുത്തു എന്നതാണ് അവരുടെ വിജയം,’ ഷെയ്ന്‍ നിഗം പറഞ്ഞു.

വാഴ 2. Photo: The Hindu

നവാഗതനായ മാര്‍ട്ടിന്‍ ജോസഫ് സംവിധാനം ചെയ്യുന്ന ദൃഢം സിനിമയില്‍ എസ്.ഐ. വിജയ് രാധാകൃഷ്ണനെന്ന കഥാപാത്രമായാണ് ഷെയ്ന്‍ നിഗം പ്രത്യക്ഷപ്പെടുന്നത്. കൊറോണ പേപ്പേഴ്‌സ്, വേല എന്നീ ചിത്രങ്ങള്‍ക്ക് ശേഷം താരം പൊലീസ് വേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യകത ദൃഢത്തിനുണ്ട്.

Content Highlight: Actor Shane Nigam talks about Hit Movie Vaazha 2

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more