സിനിമകളില്‍ ഇന്റന്‍സ് ആയിട്ടുള്ള സീനുകള്‍ ചെയ്യാനായി നടത്തുന്ന മാനസികമായ തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ കലാഭവന്‍ ഷാജോണ്‍. ദൃശ്യം പോലുള്ള സിനിമകളില്‍ മോഹന്‍ലാലിനെപ്പോലെ വലിയ താരങ്ങള്‍ക്കൊപ്പം അത്രയും സീരിയസ് ആയ രംഗങ്ങള്‍ എങ്ങനെയാണ് ടെന്‍ഷന്‍ കൂടാതെ ചെയ്തു തീര്‍ക്കുന്നത് എന്ന ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറയുന്നത്.
കാര്യമായ തയ്യാറെടുപ്പുകളൊന്നും നടത്തി നമുക്ക് ക്യാമറയ്ക്ക് മുന്‍പില്‍ നില്‍ക്കാന്‍ കഴിയില്ലെന്നും നമ്മള്‍ അറിയാതെ തന്നെ ആ കഥാപാത്രം നമ്മുടെ ഉള്ളില്‍ ഉണ്ടാകുമെന്നുമായിരുന്നു ഷാജോണിന്റെ മറുപടി.
മോഹന്‍ലാലിനെപ്പോലൊരു മഹാനടന്റെ മുന്‍പിലൊന്നും നമ്മള്‍ക്ക് എന്ത് അഭിനയിക്കണമെന്ന് പ്ലാന്‍ ചെയ്ത് പോയി നില്‍ക്കാനാവില്ലെന്നും ഷാജോണ്‍ പറഞ്ഞു.
ഒപ്പം ദൃശ്യം 3യില്‍ ജോര്‍ജുകുട്ടിയുടെ ഭീഷണിപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ മുഖത്തേക്ക് സിഗരറ്റിന്റെ പുക ഊതുന്ന രംഗം എടുത്തതിനെ കുറിച്ചും ഷാജോണ്‍ സംസാരിച്ചു.
‘ നമ്മള്‍ തമാശയൊക്കെ പറഞ്ഞിട്ടൊക്കെ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. നമ്മള്‍ ആ സമയത്ത് അതങ്ങ് ചെയ്തു പോവുകയാണ്. അത് എങ്ങനെയാണെന്ന് ചോദിച്ചാല്‍ അതിനൊരു വ്യക്തമായ മറുപടി പറയാനില്ല.
കലാഭവന്‍ ഷാജോണ്‍, മോഹന്‍ലാല്‍ photo: X.com,
നമ്മള്‍ അറിയാതെ നമ്മളില്‍ ആ ക്യാരക്ടര്‍ ഉണ്ടാകും. നമ്മള്‍ ഒരു ക്യാരക്ടറിനെ ഇഷ്ടപ്പെട്ടാണ് ചെയ്യുന്നുണ്ടെങ്കില്‍ നമ്മള്‍ അറിയാതെ ആ ക്യാരക്ടര്‍ നമ്മളില്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. അതുവരെ ചെയ്യാത്ത ചില മാനറിസങ്ങള്‍ ആ സമയത്ത് വരും. നോട്ടവും സംസാരവുമെല്ലാം. ഞാന്‍ ഒരിക്കലും സഹദേവനെ പോലെ പെരുമാറുന്ന ഒരാളോ അങ്ങനെ സംസാരിക്കുന്ന ഒരാളോ ഒന്നുമല്ല, എന്നെ അറിയാവുന്നവര്‍ക്ക് അറിയാം. പക്ഷേ ആ സ്‌ക്രിപ്റ്റ് വായിച്ചു കഴിയുമ്പോള്‍ ഓട്ടോമാറ്റിക് ആയിട്ട് നമ്മളിലേക്ക് ഒരാള്‍ ഇങ്ങനെ വരും.
നമ്മള്‍ ഡയലോഗ് പറഞ്ഞു വരുമ്പോഴോ നമ്മള്‍ തല്ലുമ്പോഴോ ഒക്കെ അതുണ്ടാകും. മോഹന്‍ലാലിനെ പോലെ നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ കാണുന്ന, കണ്ടു പരിചയിച്ച ഒരാളുടെ മുന്നിലൊക്കെ നിന്നിട്ട് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്‌തൊന്നും അഭിനയിക്കാന്‍ പറ്റില്ല. അതൊക്കെ ഒരു ദൈവാനുഗ്രഹമാണ്.
ദൃശ്യം 3 യില്‍ നിന്നുള്ള രംഗം photo: X.com
ലാലേട്ടന്റെ കുത്തിന് പിടിക്കുക, മുഖത്തോട്ട് സിഗരറ്റ് ഊതുക എന്നൊക്കെ പറയുമ്പോള്‍ നമുക്ക് ഉള്ളില്‍ ഒരു പേടി ഉണ്ടാകും. പക്ഷേ എന്തോ ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ ആ പേടി അങ്ങനെ വരില്ല, അത് നമ്മള്‍ അഭിനയിച്ചു പോകും. അതൊരു ദൈവാനുഗ്രഹവും പിന്നെ അതുപോലുള്ള സീനിയേഴ്‌സിന്റെ ഒക്കെ ഒരു സപ്പോര്‍ട്ടുമാണ്.
നമ്മള്‍ തെറ്റിച്ചാലും അവര്‍ അങ്ങനെ ദേഷ്യപ്പെടില്ല, നമ്മളെ കംഫര്‍ട്ട് ആക്കും എന്ന് നമുക്കറിയാം. ദൃശ്യം 3 യില്‍ ആ സിഗരറ്റ് മുഖത്തോട്ട് ഊതുന്ന രംഗമുണ്ടല്ലോ. അത് ഷൂട്ട് ചെയ്യുന്ന സമയത്ത് കാറ്റുണ്ട്. തുടര്‍ച്ചയായി സിഗരറ്റ് വലിക്കുന്ന ഒരാളല്ല ഞാന്‍. നമ്മള്‍ സിനിമയ്ക്ക് വേണ്ടി വലിക്കുന്നതാണ്.
ആ സീനില്‍ സിഗരറ്റ് ഊതുമ്പോള്‍ ആ പുകയ്ക്ക് പ്രോപ്പര്‍ ആയിട്ട് ഒരു തിക്‌നെസ്സ് വേണം, അത് ഊതിക്കഴിഞ്ഞാല്‍ സസ്റ്റെയിന്‍ ചെയ്ത് തന്നെ പുക ലാലേട്ടന്റെ മുഖത്തോട്ട് പോകണം. അതൊന്നും ചിലപ്പോള്‍ പെട്ടെന്ന് വരില്ല. ആറോ ഏഴോ തവണ ലാലേട്ടന്റെ മുഖത്തോട്ട് ഊതിക്കാണും.
ഓരോ തവണ കഴിയുമ്പോഴും സോറി ലാലേട്ടാ എന്ന് പറയുമ്പോള്‍ മോനെ നീ പോടാ… നീ ഊത്… ഊത്… ഇനിയും ഊതിക്കോ, ചുമ്മാ വന്ന് ഊത്…’ എന്ന് പറഞ്ഞ് ഇങ്ങനെ നില്‍ക്കും. അതൊക്കെയാണ് അവരുടെ സപ്പോര്‍ട്ട്.
ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു എന്ന് ചോദിച്ചാല്‍ അതിനൊരു മറുപടിയില്ല, മുകളിലിരുന്ന് ആരോ കണ്‍ട്രോള്‍ ചെയ്യുന്ന കാര്യമാണ്. സംഭവിച്ചു പോകുന്നതാണ്’, ഷാജോണ്‍ പറഞ്ഞു.
Content Highlight: Actor Shajon about Cigerette scene on Drishyam 3