നേരം’ എന്ന ചിത്രത്തിലെ പാട്ടുകളിലൂടെയും ‘പ്രേമം’ സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് ശബരീഷ് വര്‍മ്മ.
‘പിസ്ത’, ‘മലരേ’ തുടങ്ങിയ തരംഗം സൃഷ്ടിച്ച ഗാനങ്ങളുടെ വരികളെഴുതിയും ആലാപന മികവു കൊണ്ടും ശ്രദ്ധേയനായ ശബരീഷ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ടര്‍ബോ’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളേയും അവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ ജീവിതത്തില്‍ സംഗീതം എങ്ങനെയാണ് സ്വാധീനം ചെലുത്തിയതെന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശബരീഷ്. താന്‍ ജനിച്ചുവളര്‍ന്നത് ഒരു കള്‍ട്ടിലാണെന്നും അന്ന് പാടിയ ഭജനകളാണ് പിന്നീട് തന്റെ വോക്കല്‍ ട്രെയിനിങ്ങായി മാറിയതെന്നും ഷെഫ് നളനുമായി നടത്തിയ അഭിമുഖത്തില്‍ താരം പറയുന്നു.
‘ഞാനൊരു കള്‍ട്ടിലാണ് ജനിച്ചുവളര്‍ന്നത്. അച്ഛനും അമ്മയുമൊക്കെ സത്യ സായ്ബാബയുടെ ഭക്തരായിരുന്നു. സത്യസായ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടായിരുന്നു അച്ഛന്റെ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍. മെഡിക്കല്‍ ക്യാമ്പുകള്‍, ബുധനാഴ്ചകളിലും ഞായറാഴ്ചകളിലും പറവൂരുള്ള മെഡിക്കല്‍ കോളേജിലെ ടി.ബി വാര്‍ഡില്‍ ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്യല്‍ എന്നിങ്ങനെ പലതരത്തിലുള്ള പ്രവര്‍ത്തനങ്ങളുണ്ടായിരുന്നു.
ശബരീഷ് photo: instagram
അതിനൊക്കെ ഞാന്‍ പോയിട്ടുണ്ട്. ജയില്‍ ഭജനകളൊക്കെ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ആലുവ സബ് ജയിലില്‍ പോയി ഭജന ചെയ്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് ഭജന വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. കാരണം ആഴ്ചയില്‍ മൂന്ന് നാല് ഹൗസ് ഭജന്‍സ്, സത്യസായ് സമിതിയില്‍ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന ഭജനകള്‍, പിന്നെ വര്‍ഷത്തിലൊരിക്കല്‍ 24 മണിക്കൂറും നടക്കുന്ന ഗ്ലോബല്‍ ഭജന. ഇതിലൊക്കെ ഞാന്‍ വളരെ കാര്യമായി തന്നെ പങ്കെടുക്കുമായിരുന്നു,’ ശബരീഷ് പറയുന്നു.
ശാസ്ത്രീയമായി പാട്ട് പഠിച്ചില്ലെങ്കിലും ഭജനകളിലൂടെയാണ് താന്‍ സംഗീതം വശമാക്കിയതെന്ന് ശബരീഷ് പറയുന്നു. ‘ഞാന്‍ മൃദംഗം പഠിച്ചതാണ്. അപ്പോള്‍ ഭജനയില്‍ ഇരുന്ന് ഡോലക്കും ഗിഞ്ചറും കൊട്ടി വായിക്കുക, പാടുക… ഇത് എന്റെ വോക്കല്‍ ട്രെയിനിങ് ആയി മാറി.
നമ്മള്‍ അറിയാതെ തന്നെ അത് സംഭവിച്ചു. പാട്ടുപഠിക്കാന്‍ പോയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ‘പോയി’ എന്ന് പറയാം.”ഞാന്‍ പാടുമല്ലോ പിന്നെ എന്തിനാണ് എന്ന ചിന്തയായിരുന്നു അന്ന്. ഇന്നും ഏകദേശം അങ്ങനെ തന്നെ. എനിക്ക് അറിയാവുന്ന പോലെ പാടുക എന്നുള്ളത് മാത്രമായിരുന്നു.
അതൊക്കെ എന്നെ ഭയങ്കരമായി സഹായിച്ചിട്ടുണ്ട്. ഈ ഭജന എന്ന് പറയുമ്പോള്‍ അത് ഭയങ്കരമായി ക്ലാസിക്കലായി നില്‍ക്കുന്ന ഒന്നാണ്. അത് എങ്ങനെയാണ് റെന്‍ഡറിങ് എന്നൊക്കെ നമ്മള്‍ അറിയാതെ തന്നെ പഠിച്ചു എന്നതാണ് സത്യം.’ ശബരീഷ് പറഞ്ഞു.
Content Highlight: Actor Shabareesh about his Childhood and Bhajans