മലയാളികളുടെ ഇഷ്ട ചിത്രങ്ങളിലൊന്നായ എന്റെ വീട് അപ്പൂന്റേവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. അഭിനേതാവിന് പുറമെ തിരക്കഥാകൃത്തായും തിളങ്ങിയ വിഷ്ണു ശ്രദ്ധിക്കപ്പെടുന്നത് നാദിര്‍ഷാ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ്. തിയേറ്ററുകളില്‍ വലിയ രീതിയില്‍ ഹിറ്റായ ചിത്രത്തിന്റെ തിരക്കഥ രചിച്ചത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു. ഇരുവരും ചേര്‍ന്ന് തിരക്കഥയൊരുക്കി തിയേറ്ററുകളില്‍ ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു 2015ല്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണി.
വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്. Photo: X.com
നാദിര്‍ഷയുടെ ആദ്യ സംവിധാന സംരഭമായ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത് മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ തുടങ്ങിയവരായിരുന്നു. ചിത്രത്തിന്റെ കഥ ആദ്യം പറയാനായി തീരുമാനിച്ചത് സംവിധായകന്‍ ജിസ് ജോയിയുടെ അടുത്തായിരുന്നുവെന്നും എന്നാല്‍ അതിന് മുമ്പ് നാദിര്‍ഷയുടെ അടുത്ത് കഥ പറയാനായി പോകുകയും അദ്ദേഹം ചിത്രം ചെയ്യുകയുമായിരുന്നെന്ന് പറയുകയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. നളന്‍ ഷൈന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ദിവസം വൈകുന്നേരം ബിബിന്‍ എന്നെ വിളിച്ചു. ജിസ് മോന്‍ ചേട്ടനും നാദിര്‍ഷിക്കയും സ്‌ക്രിപ്റ്റ് ഉണ്ടെങ്കില്‍ പറയാന്‍ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. നമുക്ക് പറഞ്ഞാലോ എന്ന് ചോദിച്ചു. ജിസ്‌മോന്‍ ചേട്ടന്‍ അപ്പോള്‍ ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രം ചെയ്ത് ഹിറ്റടിച്ചിരിക്കുകയായിരുന്നു. ആദ്യം നമുക്ക് നാദിര്‍ഷിക്കയുടെ അടുത്ത് റിഹേഴ്‌സല്‍ പോലെ പറഞ്ഞ് നോക്കിയിട്ട് ജിസ്‌മോന്‍ ചേട്ടന്റെ അടുത്ത് പോകാം എന്നാണ് ഞാന്‍ പറഞ്ഞത്. കാരണം നാദിര്‍ഷക്കയ്ക്ക് ഇഷ്ടപ്പെടാന്‍ സാധ്യതയില്ലെന്നാണ് ഞാന്‍ കരുതിയത്.
Photo: SunNXT
അങ്ങനെ നാഷിക്കയുടെ അടുത്ത് ചെന്നപ്പോള്‍ ചുരുക്കി കഥ ഒന്ന് പറയാന്‍ പറഞ്ഞു. അയ്യോ ഇക്ക അങ്ങനെ ഞങ്ങള്‍ക്ക് പറയാന്‍ അറിയില്ല, ഞങ്ങള്‍ വായിക്കാം എന്ന് പറഞ്ഞു. അങ്ങനെ കുറച്ച് ഭാഗം വായിക്കാന്‍ പറഞ്ഞ് വായിച്ച് തുടങ്ങിയതാണ്, പക്ഷേ നിര്‍ത്താന്‍ പറയാന്‍ പുള്ളിയ്ക്ക് തോന്നിയില്ല. അവസാനം വരെ വായിച്ച് രണ്ടര മണിക്കൂര്‍ കഴിഞ്ഞ് പുള്ളി എഴുന്നേറ്റിട്ട് നേരെ കൈ തന്നു. ഇന്‍ഷാ അല്ലാഹ് എന്റെ ആദ്യ സിനിമയായി ഞാനിത് ചെയ്യുന്നു എന്ന് പറഞ്ഞു. ഷേക്ക് ഹാന്‍ഡ് കൊടുത്ത് കഴിഞ്ഞിട്ടാണ് ഇത് എല്ലാം റെഡിയായോ എന്ന് ഞാനും ബിബിനും ആലോചിക്കുന്നത്,’ വിഷ്ണു പറഞ്ഞു.
Content Highlight: Actor script writer Vishnu Unnikrishnan talks about Nadirsha and Jis Joy