| Sunday, 9th August 2026, 2:20 pm

കൊട്ടാരം വീട്ടില്‍ അപ്പൂട്ടനില്‍ ജയറാമേട്ടന്‍ ചെയ്തത് പോലെ വന്നില്ലല്ലോ എന്നായിരുന്നു ഓരോ ഷോട്ട് കഴിയുമ്പോഴും എന്റെ ചിന്ത: സത്യരാജ്

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമയുടെ തന്നെ ഗതി മാറ്റിമറിച്ച എസ്.എസ് രാജമൗലിയുടെ ബാഹുബലിയിലെ കട്ടപ്പയെന്ന കഥാപാത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതനായ അഭിനേതാവാണ് സത്യരാജ്. ഭാഷാഭേദമന്യേ ഇന്ത്യയിലെ പല ഇന്‍ഡസ്ട്രികളിലെയും ചിത്രങ്ങളുടെ ഭാഗമായ താരം മലയാളത്തിലും തന്റെ മികവ് കാഴ്ചവെച്ചിട്ടുണ്ട്. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു 2010ല്‍ പുറത്തിറങ്ങിയ ആഗതന്‍ എന്ന ചിത്രത്തിലെ കഥാപാത്രം.

Photo Filimibeat

താരത്തിന്റേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കൃഷ്ണകുമാര്‍ രാംകുമാര്‍ സംവിധാനം ചെയ്ത ജി.ഡി.എന്‍. എഡിസണ്‍ ഓഫ് ഇന്ത്യ എന്ന വിശേഷണത്തിന് ഉടമയായ ജി.ഡി നായിഡുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ നിര്‍ണായക കഥാപാത്രമായാണ് സത്യരാജ് വേഷമിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ മലയാളത്തിലെ ജനപ്രിയ താരം ജയറാമിനെ കുറിച്ച് സത്യരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ജയറാം സാറിന്റെ ആദ്യചിത്രമായ അപരന്‍ മുതല്‍ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും ഞാന്‍ കാണുന്നുണ്ട്. ജയറാം സാറും ഞാനും അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ഹ്യൂമര്‍ സെന്‍സ് അപാരമാണ്. ഇപ്പോള്‍ ഇവിടെ ഉണ്ടായിരുന്നെങ്കില്‍ നമ്മളെ എല്ലാവരെയും ഇമിറ്റേറ്റ് ചെയ്ത് കാണിച്ചേനെ. ഞങ്ങള്‍ രണ്ടുപേരുടെയും സീക്രട്ട് പരസ്പരം അറിയുന്ന വിധത്തില്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്.

Photo: Classic Movies

മാത്രമല്ല ഞാനദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. എത്രയധികം വെറൈറ്റി ചിത്രങ്ങളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ജയറാം സാറിന്റെ ആദ്യകാലത്തെ ചിത്രങ്ങളില്‍ ചെയ്ത നായക വേഷങ്ങളെല്ലാം അത്രയും വെറൈറ്റിയാണ്. കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കില്‍ ഞാനായിരുന്നു അഭിനയിച്ചത്. ചിത്രത്തിലെ ഓരോ ഷോട്ടും കഴിയുമ്പോഴും ജയറാം സാറെ പോലെ ആയില്ലല്ലോ എന്ന് ഞാന്‍ താരതമ്യം ചെയ്യാറുണ്ടായിരുന്നു,’ സത്യരാജ് പറഞ്ഞു.

Content Highlight: Actor Sathyaraj Talks about his relation with Malayalam actor Jayaram

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more