| Saturday, 29th August 2026, 9:44 am

നസ്‌ലെന്റെയും മാത്യുവിന്റെയും വിജയം എനിക്ക് ഭയങ്കര പേഴ്സണലാണ്; സംഗീത് പ്രതാപ്

അജ്മല്‍ കെ

തന്റെ അടുത്ത സുഹൃത്തുക്കളായ നസ്‌ലെൻ, മാത്യു തോമസ് എന്നിവരുടെ വിജയത്തിൽ തനിക്ക് തോന്നുന്ന സന്തോഷത്തെക്കുറിച്ച് മനസുതുറന്ന് നടൻ സംഗീത് പ്രതാപ്. സിനിമാ മേഖലയിൽ ഒരുമിച്ച് വളരുന്നവർക്കിടയിൽ മത്സരബോധവും ഈഗോയും സ്വാഭാവികമാണെന്ന് പറയപ്പെടുമ്പോഴും, തങ്ങൾക്കിടയിൽ അത്തരമൊരു മത്സരമില്ലെന്നും പരസ്പര വിജയത്തിൽ ആത്മാർഥമായി സന്തോഷിക്കുന്നവരാണ് തങ്ങളെന്നും സംഗീത് പറഞ്ഞു.

തൊട്ടുമുൻപുള്ള സീനിയേഴ്‌സ് ആയിട്ടുള്ള ചില താരങ്ങൾക്കിടയിൽ ഈഗോയും പരസ്പര മത്സരവും ഉണ്ടായിരുന്നുവെന്ന് അവർ തന്നെ തുറന്ന് പറയുന്നത് കണ്ടപ്പോൾ തനിക്ക് അതിശയമാണ് തോന്നിയതെന്നും സംഗീത് വ്യക്തമാക്കി. എന്നാൽ താനും നസ്‌ലെനും മാത്യുവും തമ്മിലുള്ള ബന്ധത്തിൽ പരസ്പര മത്സരത്തേക്കാൾ പിന്തുണയ്ക്കാണ് പ്രാധാന്യമെന്നും താരം പറഞ്ഞു.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com

‘നമ്മുടെ തൊട്ടുമുന്നിലുള്ള സീനിയേഴ്‌സായിട്ടുള്ള ചില ചേട്ടന്മാർ തന്നെ ഓപ്പൺ ആയി ഈഗോ വർക്ക് ചെയ്യുന്നതിനെക്കുറിച്ചും കൂടെയുള്ളവരോട് കോംപറ്റിറ്റീവ് ആകുന്നതിനെക്കുറിച്ചുമൊക്കെ പറയാറുണ്ട്. അത് കേൾക്കുമ്പോൾ എനിക്ക് ഭയങ്കര സർപ്രൈസാണ്. ഞങ്ങൾ തമാശയ്ക്ക് പോലും പറയാറുണ്ട്, ഹെൽത്തിയായിട്ട് പോലും ഞങ്ങൾക്കിടയിൽ കോംപറ്റീഷൻ ഇല്ലെന്ന്,’ സംഗീത് പറഞ്ഞു.

നസ്‌ലെന്റെയും മാത്യുവിന്റെയും വിജയം തനിക്ക് വ്യക്തിപരമായ സന്തോഷമാണെന്നും ഇരുവർക്കും തന്റെ വിജയത്തിൽ അതേ സന്തോഷം തന്നെയാണെന്നും സംഗീത് പറഞ്ഞു. ഒരാളുടെ നേട്ടത്തിൽ മറ്റൊരാൾ ആത്മാർഥമായി സന്തോഷിക്കുന്നതിലെ വ്യത്യാസം ഞങ്ങൾക്ക് പരസ്പരം തിരിച്ചറിയാൻ കഴിയുമെന്നും താരം വ്യക്തമാക്കി.

‘നസ്‌ലെൻ ആണെങ്കിലും മാത്യു ആണെങ്കിലും, എനിക്ക് എപ്പോഴും ഇവരുടെ സക്സസ് ഭയങ്കര പേഴ്സണലാണ്. അവർക്കും അത് അങ്ങനെ തന്നെയാണ്. ഒരുപാട് പേർ നമ്മുടെ സക്സസിൽ സന്തോഷിക്കുകയും അത് ഷെയർ ചെയ്യുകയും ചെയ്യും. പക്ഷേ ആരാണ് ജനുവിനായി നമ്മളോട് സന്തോഷിക്കുന്നത് എന്നതിൽ ഒരു ചെറിയ വ്യത്യാസമുണ്ട്. ആ ജനുവിനിറ്റിയുടെ തിളക്കം അവരുടെ കണ്ണിൽ കാണാൻ പറ്റും. അത് ഇവരിൽ ഞാൻ കാണാറുണ്ട്,’ സംഗീത് പറഞ്ഞു.

സൗഹൃദം നിലനിർത്തുന്നതിലും തങ്ങൾ പരസ്പരം മുൻകൈ എടുക്കാറുണ്ടെന്നും സംഗീത് പറഞ്ഞു. എത്ര തിരക്കിലായാലും സുഹൃത്തുക്കളിൽ ആരെങ്കിലും കുറച്ച് ദിവസത്തേക്ക് വിളിച്ചില്ലെങ്കിൽ താൻ അങ്ങോട്ട് വിളിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

സിനിമയിൽ ഒരേ മേഖലയിൽ സജീവമായതിനാൽ പ്രൊഫഷണൽ തലത്തിൽ ചില മത്സരങ്ങൾ സ്വാഭാവികമായി ഉണ്ടാകാമെങ്കിലും, അത് വ്യക്തിബന്ധത്തെ ബാധിക്കാറില്ലെന്നും സംഗീത് പറഞ്ഞു. തനിക്ക് ലഭിക്കുന്ന പല അവസരങ്ങളും മാത്യുവിനും നസ്‌ലെനും വേണ്ടി ആലോചിച്ചിരുന്നതോ അവരുമായി പങ്കുവെച്ചിരുന്നതോ ആയിരിക്കുമെന്നും താരം വ്യക്തമാക്കി.

സംഗീത് പ്രതാപ്. Photo: Screen grab/ Youtube.com

‘ഇത് ശരിക്കും കോംപറ്റിറ്റീവ് ആയിട്ടുള്ള സ്ഥലമാണ്. എനിക്ക് വരുന്ന പല പ്രൊജക്റ്റും മാത്യുവിനും നസ്‌ലെനും പ്ലാൻ ചെയ്തതായിരിക്കും. അല്ലെങ്കിൽ അത് അങ്ങോട്ടും ഇങ്ങോട്ടും ഷെയർ ചെയ്ത് പോകേണ്ട ഒരു സ്ഥലമാണ്. എന്നാലും നമ്മുടെ കൂടെയുള്ളവരുടെ സക്സസ് നമുക്ക് വ്യക്തിപരമായി ഭയങ്കര ബെറ്ററായി തോന്നാറുണ്ട്,’ സംഗീത് പറഞ്ഞു.

Content Highlight: Actor Sangeeth Prathap talks about his friendship with Naslen and Mathew Thomas

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more