എഡിറ്റിങ് ടേബിളില്‍ നിന്ന് ക്യാമറയ്ക്ക് മുന്നിലെത്തി മലയാള സിനിമയിലെ ശ്രദ്ധേയനായ യുവതാരമായി മാറിയ നടനാണ് സംഗീത് പ്രതാപ്. ‘പ്രേമലു’യിലെ അമല്‍ ഡേവിസ് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംഗീത്, സ്വാഭാവികമായ അഭിനയശൈലിയിലൂടെയാണ് ഓരോ കഥാപാത്രത്തെയും വേറിട്ടതാക്കുന്നത്.
‘ബ്രൊമാന്‍സ്’, ‘തുടരും’, ഹൃദയപൂര്‍വം, ബേബി ഗേള്‍ തുടങ്ങിയ സിനിമകളിലൂടെ തുടര്‍ന്ന് ശ്രദ്ധ നേടിയ താരം, ‘ബെത്‌ലഹേം കുടുംബ യൂണിറ്റില്‍’ നിവിന്‍ പോളിയുടെ അനുജനായ ജോയലായും പ്രേക്ഷകരുടെ കയ്യടി നേടി.
ജോയല്‍ എന്ന കഥാപാത്രത്തിന്റെ യാത്രയെക്കുറിച്ചും, ആ കഥാപാത്രം തനിക്ക് ലഭിച്ചില്ലായിരുന്നെങ്കില്‍ ബെത്‌ലഹേമില്‍ ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന മറ്റൊരു കഥാപാത്രത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംഗീത് പ്രതാപ്.
‘ഐ ആം വിത്ത് ധന്യ വര്‍മ’ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംഗീത് സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രത്തെക്കുറിച്ചും സംസാരിച്ചത്.
ആദ്യമായി കഥ കേള്‍ക്കുമ്പോള്‍ ജോയല്‍ എന്ന കഥാപാത്രത്തെ അത്രത്തോളം കണക്ട് ചെയ്യാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് സംഗീത് പറയുന്നത്.
‘ഞാന്‍ ആദ്യം ഈ കഥ മുഴുവന്‍ കേട്ടു. ഗിരീഷേട്ടന്‍ കഥ പറയുമ്പോള്‍ ജസ്റ്റിന്റെയും ആഷ്ലിയുടെയും കൂടെയാണ് സിനിമ ട്രാവല്‍ ചെയ്യുന്നത്. എന്നോട് ജോയല്‍ എന്ന കഥാപാത്രമാണെന്ന് പറഞ്ഞു. കുറച്ച് ഡെപ്ത്തുള്ള കഥാപാത്രമാണെന്നും പറഞ്ഞു. ഞാന്‍ ചില ഡൗട്ടുകള്‍ ചോദിച്ചപ്പോള്‍ ഇത് ഭയങ്കര ഡെപ്ത്തുള്ള കഥാപാത്രമാണെന്നും നീ തന്നെ ഇത് ചെയ്യണമെന്നും ഗിരീഷേട്ടന്‍ പറഞ്ഞു. കുറച്ച് ഇമോഷണല്‍ സൈഡുണ്ടെന്നും പറഞ്ഞു,’ സംഗീത് പറയുന്നു.
എന്നാല്‍ കഥ കേള്‍ക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ആഴം തനിക്ക് പൂര്‍ണമായി മനസിലായില്ലെന്നും പിന്നീട് തിരക്കഥ വായിച്ചപ്പോഴാണ് ജോയലിന്റെ യാത്ര വ്യക്തമായതെന്നും സംഗീത് പറയുന്നു.
‘കഥ കേട്ടപ്പോള്‍ എനിക്ക് അത്ര കണക്ടായില്ല. സ്ട്രെയിറ്റായിട്ടുള്ള ഇമോഷണല്‍ ജേര്‍ണിയുള്ള കഥയാണെന്നാണ് തോന്നിയത്. കാറില്‍ ഇരുന്നുള്ള ഇവരുടെ സീനുകളായിരിക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. കഥ പറയുമ്പോഴും ഗിരീഷേട്ടന്‍ എക്സ്പ്ലെയിന്‍ ചെയ്തപ്പോഴും എനിക്ക് അത്ര കിട്ടിയില്ല. പിന്നെ ഞാന്‍ കഥ വായിച്ചപ്പോഴാണ് ഈ കഥാപാത്രത്തിന്റെ ജേര്‍ണി കിട്ടിയത്,’ അദ്ദേഹം പറഞ്ഞു.
വലിയ ഉത്തരവാദിത്തങ്ങളൊന്നും ഏറ്റെടുക്കാതെ, ജോലിക്ക് പോലും കൃത്യമായി പോകാത്ത ഒരാളില്‍ നിന്ന് തീരുമാനങ്ങളെടുക്കാന്‍ പഠിക്കുന്ന വ്യക്തിയിലേക്കുള്ള ജോയലിന്റെ മാറ്റമാണ് തന്നെ കഥാപാത്രത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചതെന്നും സംഗീത് പറയുന്നു.
‘വലിയ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ, ജോലിക്ക് പോലും കൃത്യമായി പോകാത്ത ആളാണ് ജോയല്‍. അവിടെ നിന്ന് ഒരു ട്രാന്‍സിഷന്‍ ഈ കഥാപാത്രത്തിനുണ്ട്. ഡിസിഷന്‍ മേക്കിങ്ങിലും ജസ്റ്റിന്‍ ചേട്ടന്റെ കൂടെ നില്‍ക്കുമ്പോഴുമൊക്കെ ഇവര്‍ തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങുണ്ട്. ഇവര്‍ എങ്ങനെയുള്ള ചേട്ടനും അനുജനുമായിരുന്നു എന്ന് ആളുകള്‍ക്ക് മനസിലാകുന്നത് ആ കാറിലെ സീക്വന്‍സില്‍ നിന്നാണ്,’ സംഗീത് പറഞ്ഞു.
ജോയല്‍ എന്ന കഥാപാത്രത്തെ കൂടുതല്‍ മനസിലാക്കുന്നതില്‍ സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ എഴുത്തിനുള്ള പങ്കും സംഗീത് എടുത്തുപറയുന്നുണ്ട്.
‘ഗിരീഷേട്ടന്റെ എഴുത്തിന്റെ ഭംഗി ഭയങ്കരമാണ്. പ്രത്യേകിച്ച് അദ്ദേഹം എടുത്തുവെക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. അതിന് ഭയങ്കര ഡെപ്ത്തുണ്ടാകും,” സംഗീത് പറയുന്നു.
അതേസമയം, ‘ബെത്ലഹേം കുടുംബ യൂണിറ്റില്‍’ തനിക്ക് വ്യക്തിപരമായി ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ജോയലിന്റേതല്ലെന്നും സംഗീത് പറയുന്നു. ശ്യാം മോഹന്‍ അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയില്‍ താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഈ സിനിമയില്‍ എനിക്ക് പേഴ്സണലായി ഇഷ്ടപ്പെട്ട കഥാപാത്രം ശ്യാമിന്റേതാണ്. ഭയങ്കര രസമുള്ള കഥാപാത്രമാണ്. ചെയ്യുമോ എന്ന് ചോദിച്ചാല്‍ അതും ഗ്ലിക്സണിന്റേതും എനിക്ക് ഭയങ്കര ഇഷ്ടമുള്ള കഥാപാത്രങ്ങളാണ്. തിയേറ്ററില്‍ ഞാന്‍ ഭയങ്കരമായി എന്‍ജോയ് ചെയ്തത് അവരുടെ കഥാപാത്രങ്ങളാണ്. പിന്നെ ജസ്റ്റിന്‍ നമുക്ക് ഭയങ്കര ഇഷ്ടമുള്ള ആള്‍ തന്നെയാണ്,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Actor Sangeet Prathap on His Favourite Character on Betlahem Kudumba Unit