| Thursday, 19th November 2026, 8:32 pm

'സൂപ്പർമാനെയും സ്പൈഡർമാനെയും പ്രതീക്ഷിച്ച് വരരുത്, 'കോസ്മിക് സാംസൺ' കൊച്ചു ഫാമിലി സിനിമയാണ്'; സന്ദീപ് പ്രദീപ്

അജ്മല്‍ കെ

തന്റെ പുതിയ ചിത്രമായ ‘കോസ്മിക് സാംസൺ’ കാണാൻ പ്രേക്ഷകരെ ക്ഷണിച്ച് നടൻ സന്ദീപ്. നവംബർ 27ന് തിയേറ്ററുകളിലെത്തുന്ന ചിത്രം ഒരു ഫാന്റസി ഫാമിലി ഡ്രാമയാണെന്നും കുടുംബത്തോടൊപ്പം കണ്ടാസ്വദിക്കാൻ കഴിയുന്ന സിനിമയാണെന്നും സന്ദീപ് പറഞ്ഞു. സൂപ്പർമാനെയോ സ്പൈഡർമാനെയോ പോലുള്ള സൂപ്പർഹീറോകളെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ ചിത്രം കാണാൻ വരരുതെന്നും താരം കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സന്ദീപ്.

‘എന്റെ പുതിയ സിനിമ ‘കോസ്മിക് സാംസൺ’ 27ന് റിലീസ് ചെയ്യുകയാണ്. എല്ലാവരും പോയി കാണണം. ഇതൊരു ഫാന്റസി സിനിമയാണ്. ഇതിന് മുമ്പ് ഞാൻ ചെയ്ത ഫാന്റസി ചിത്രം ‘പടക്കളം’ ആയിരുന്നു. ‘മിന്നൽ മുരളി’യുടെ പ്രൊഡ്യൂസേഴ്സാണ് ഈ സിനിമയും നിർമിക്കുന്നത്. 27ന് എല്ലാവരും സിനിമ കാണണം. ഇതൊരു ഫാമിലി സിനിമയാണ്, ഫാമിലി ഡ്രാമയാണ്. സൂപ്പർമാനെയും സ്പൈഡർമാനെയും ഒന്നും പ്രതീക്ഷിച്ച് ആരും വരരുത്. കുടുംബത്തോടൊപ്പം കാണാൻ കഴിയുന്ന ഒരു കൊച്ചു സിനിമയാണിത്. നിങ്ങളുടെ അനിയന്മാരെയൊക്കെ കൂട്ടി സിനിമ കാണാൻ വരണം,’ സന്ദീപ് പറഞ്ഞു.

കോസ്മിക് സാംസൺ. Photo. IMDb

‘കോസ്മിക് സാംസണി’ലെ ആക്ഷൻ രംഗങ്ങൾക്കായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സന്ദീപ് സംസാരിച്ചു. ഇതുവരെ ചെയ്തിട്ടില്ലാത്ത തരത്തിലുള്ള ബോക്സിങ് ഫൈറ്റാണ് ചിത്രത്തിലുള്ളതെന്നും അത് യാഥാർഥ്യമാക്കാൻ ഏറെ പരിശ്രമിക്കേണ്ടി വന്നെന്നും താരം പറഞ്ഞു.

‘ഓരോ സിനിമയ്ക്കും അതിന്റേതായ വ്യത്യാസങ്ങളുണ്ട്. ഇതുവരെ നമ്മൾ ചെയ്യാത്തൊരു സ്റ്റൈൽ ഓഫ് ഫൈറ്റാണ് ഇതിൽ ബോക്സിങ്. അതിനുവേണ്ടി ഒരുപാട് പണിയെടുക്കേണ്ടി വന്നു. ഫൈറ്റ് റിയലാകാൻ വേണ്ടി ഒന്നുരണ്ട് ഇടി ഒക്കെ കൊള്ളേണ്ടി വന്നിട്ടുണ്ട്. അത് വലിയ ബുദ്ധിമുട്ടായിരുന്നു,’ സന്ദീപ് പറഞ്ഞു.

മുൻപ് ചെയ്ത സിനിമകളിലെ കഥാപാത്രങ്ങൾക്കും അതിന്റേതായ ശാരീരിക തയ്യാറെടുപ്പുകൾ ആവശ്യമായിരുന്നുവെന്നും താരം വ്യക്തമാക്കി. ‘എക്കോ’യുടെ ചിത്രീകരണത്തിൽ മലമുകളിലും വെള്ളച്ചാട്ടത്തിനരികിലുമുള്ള സാഹചര്യങ്ങൾ വെല്ലുവിളിയായപ്പോൾ, ‘പടക്കള’ത്തിൽ കഥാപാത്രങ്ങൾ തമ്മിലുള്ള സ്വാപ് എന്ന ആശയത്തിന് അനുസരിച്ചുള്ള ശാരീരിക പ്രകടനങ്ങൾക്കായിരുന്നു പ്രാധാന്യം. ഓരോ സിനിമയുടെയും സ്വഭാവമനുസരിച്ച് വ്യത്യസ്തമായ തയ്യാറെടുപ്പുകളാണ് വേണ്ടിവരുന്നതെന്നും നടൻ പറഞ്ഞു.

കോസ്മിക് സാംസൺ. Photo. IMDb

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന പത്താമത്തെ ചിത്രമാണ് സന്ദീപ് പ്രദീപ് നായകനായി എത്തുന്ന കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ അഭിജിത് ജോസഫ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്.

Content Highlight:  Actor Sandeep invites the audience to watch his new film, ‘Cosmic Samson’

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more