| Monday, 21st September 2026, 2:10 pm

എന്റെ വിക്ക് ഒരു ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്, അഭിനയിക്കുമ്പോൾ എനിക്ക് വിക്ക് ഉണ്ടാകാറില്ല; സജൽ സുദർശൻ

അജ്മല്‍ കെ

2021ൽ പുറത്തിറങ്ങിയ ഉടുമ്പ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന യുവനായകനാണ് സജൽ സുദർശൻ. തുടർന്ന് ഓ സിൻഡ്രെല്ല, കായ്പോള തുടങ്ങിയ ചിത്രങ്ങളിലും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലോ ആൻഡ് ഓർഡർ തുടങ്ങിയ ചിത്രത്തിലും നടൻ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും കുട്ടിക്കാലം മുതൽ താൻ നേരിട്ടിരുന്ന വിക്കിനെ ഒരു പരിമിതിയായി കാണാതെതു കൊണ്ടാണ് സിനിമയിലേക്ക് എത്താൻ കാരണമായതെന്നും തുറന്നു പറയുകയാണ് നടൻ. ജാങ്കോ സ്പേസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സജലിന്റെ പ്രതികരണം.

സജൽ സുദർശൻ. Photo. Screen Grab/ Youtube

‘സിനിമ എന്നൊരു മാന്ത്രിക ലോകം എനിക്ക് കാണിച്ചുതന്നത്, അല്ലെങ്കിൽ എന്നെ പരിചയപ്പെടുത്തിയത് എന്റെ പപ്പയാണ്. അങ്ങനെ എനിക്ക് ഒരു അവസരം കിട്ടി. ആ സിനിമയിൽ സംവിധായകനെ കണ്ടപ്പോൾ,അദ്ദേഹം കഥാപാത്രത്തിന് വിക്കുള്ള ഒരാളെ കൊടുക്കാം, അതാകുമ്പോൾ സേഫും ഈസിയും ആണെന്നുള്ള ഒരു തീരുമാനത്തിലേക്ക് എത്തിയിരുന്നു,’ സജൽ പറഞ്ഞു.

എന്നാൽ അഭിനയിക്കാൻ തുടങ്ങിയപ്പോൾ കാര്യങ്ങൾ താൻ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായിരുന്നു. രണ്ടാമത്തെ ദിവസം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ വിക്ക് ഉണ്ടായിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘രണ്ടാമത്തെ ദിവസം അഭിനയിക്കാൻ നിൽക്കുന്ന സമയത്ത് എനിക്ക് വിക്ക് ഉണ്ടായിരുന്നില്ല. ക്യാമറയുടെ മുന്നിൽ ഞാൻ വിക്കിയില്ല. എനിക്ക് തന്നെ അതൊരു അത്ഭുതവും മാജിക്കുമായി തോന്നിയിരുന്നു. ഇതെങ്ങനെയാണ് എന്നൊരു ചിന്ത എനിക്കും തോന്നിപ്പോയി. ഞാൻ ഒരു കാലത്ത് സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന കാര്യം ഒരു സമയത്ത് പോസിബിൾ ആയി. അത് ഭയങ്കര എക്സൈറ്റിങ് ആയിരുന്നു. അപ്പോൾ എന്നോട് തന്നെ എന്നെക്കുറിച്ച് ആലോചിക്കുമ്പോൾ, ‘ഇത്രയേ ഉണ്ടായിരുന്നുള്ളൂ കാര്യം’ എന്നൊരു തോന്നലുണ്ടായി. അതിനുശേഷമാണ് അഭിനയമെന്ന ആർട്ടിനോടും ക്രാഫ്റ്റിനോടും ഇഷ്ടം തോന്നിയത്,’ സജൽ കൂട്ടിച്ചേർത്തു.

ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോഴെല്ലാം സന്തോഷം ലഭിക്കുന്നുണ്ടെന്നും ഓരോ തവണയും സെഞ്ചുറി അടിക്കുന്നതുപോലെയാണ് അനുഭവപ്പെടുന്നതെന്നും സനൽ പറയുന്നു.

‘എനിക്ക് ഇനിയും അഭിനയിക്കണം, കുറെ പടങ്ങൾ ചെയ്യണം എന്നൊക്കെ തോന്നി. കാരണം ഇത് എന്നെ ഭയങ്കരമായി എക്സൈറ്റ് ചെയ്യിപ്പിക്കുന്നുണ്ട്. ഞാൻ ഓരോ തവണയും ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോഴും എനിക്ക് സന്തോഷം കിട്ടുന്നുണ്ട്. ഓരോ സമയവും ഒരു സെഞ്ചുറി അടിക്കുന്ന ഫീലാണ് എനിക്ക് അഭിനയിക്കുമ്പോൾ കിട്ടുന്നത്,’ നടൻ വ്യക്തമാക്കി.

തന്റെ വിക്കിനെക്കുറിച്ച് ആത്മവിശ്വാസം നൽകിയത് പപ്പയായിരുന്നുവെന്നും സനൽ ഓർത്തെടുക്കുന്നു. സ്കൂളിൽ നിന്ന് വീട്ടിലെത്തുമ്പോൾ പലപ്പോഴും വിഷമിച്ചിരിക്കുന്ന തന്നെ ആശ്വസിപ്പിച്ചിരുന്നത് പപ്പയായിരുന്നു.

‘എന്റെ ഏറ്റവും വലിയ സ്ട്രെങ്ത് എന്ന് പറയുന്നത് എന്റെ പപ്പയാണ്. ഞാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ ഭയങ്കര ഓഫ് ആയിരിക്കും. പാപ്പ വന്ന് എന്തുപറ്റിയെടാ, എന്താണെന്ന് ചോദിക്കും. അന്ന് എന്റെ വിക്ക് ഒരു ഭാഗ്യമായി കാണണം എന്ന് പപ്പ പറയുമായിരുന്നു. അന്നൊക്കെ എന്നെ സമാധാനിപ്പിക്കാൻ പറയുന്നതാണ് എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്. പക്ഷേ കുറെ കാലം കഴിഞ്ഞപ്പോഴാണ്, ഈ വിക്ക് എന്നൊരു സാധനം ഉള്ളിലുള്ളതുകൊണ്ടാണ് ഞാൻ ശ്രമിക്കാൻ വേണ്ടി ട്രൈ ചെയ്തതെന്ന് മനസിലായത്. അല്ലെങ്കിൽ ഞാൻ എന്റെ കംഫർട്ട് സോൺ നോക്കി ഇരുന്നുപോകുന്ന ഒരാളായി മാറിയേനെ,’ സജൽ പറഞ്ഞു.

ലോ ആൻഡ് ഓർഡർ. Photo. IMDb

അതുകൊണ്ടുതന്നെ തന്റെ വിക്ക് ഒരു കുറവല്ലെന്നും മറിച്ച് ഭാഗ്യമാണെന്നും സനൽ പറഞ്ഞു.

‘എന്റെ വിക്ക് എന്ന് പറയുന്നത് എന്റെ ഭാഗ്യമായിട്ടാണ് ഞാൻ കാണുന്നത്. ആ ഭാഗ്യം കൊണ്ടുതന്നെയാണ് ഞാൻ സിനിമയിലേക്ക് വന്നിരിക്കുന്നത്,’ നടൻ വ്യക്തമാക്കി.

Content Highlight: Actor Sajal opens up about how his limitations became the reason for his success

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more