| Monday, 20th April 2026, 11:57 am

ഭരതനാട്യം മൂന്നാം ഭാഗം കുച്ചിപ്പുഡി, കഥകളി ,ഒപ്പന, മാർഗംകളി എന്നൊന്നുമല്ല, ആ ഇംഗ്ലീഷ് പേരായിരിക്കും: സൈജു കുറുപ്പ്

നന്ദന എം.സി

വലിയ താരനിരയോ പ്രമോഷനുകളോ ഒന്നുമില്ലാതെ, ചിത്രത്തിന്റെ നിലവാരത്തിനനുസരിച്ച് ബോക്സ് ഓഫീസിൽ വൻവിജയം നേടുന്ന പ്രവണതയാണ് ഇന്ന് മലയാള സിനിമയിൽ വ്യക്തമായി കാണുന്നത്. മികച്ച ഉള്ളടക്കമാണ് വിജയത്തിന്റെ പ്രധാന ഘടകമെന്ന് ഈ ചിത്രങ്ങൾ വീണ്ടും തെളിയിക്കുന്നു.

ഒന്നാം ഭാഗം വലിയ പരാജയമായിരുന്നിട്ടും, പിന്നീട് പുറത്തിറങ്ങിയ രണ്ടാം ഭാഗവും മൂന്നാം ഭാഗവും വൻവിജയം നേടിയ ആട് ഇതിന് മികച്ച ഉദാഹരണമാണ്. അതുപോലെ, സൈജു കുറുപ്പ് നായകനായെത്തിയ ഭരതനാട്യം തിയേറ്ററിൽ പരാജയപ്പെട്ടെങ്കിലും, ഒ.ടി.ടി പ്ലാറ്റ്ഫോമുകളിൽ മികച്ച പ്രതികരണം നേടി. തുടർന്ന് പുറത്തിറങ്ങിയ രണ്ടാം ഭാഗമായ മോഹിനിയാട്ടം തിയേറ്ററുകളിൽ വലിയ വിജയമായി മുന്നേറുകയാണ്.

മോഹിനിയാട്ടം, Photo: YouTube/ Screengrab

ഇതിനോടൊപ്പം, ഇൻസ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധ നേടിയ യുവാക്കളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ വാഴ 2 വും തിയേറ്ററുകളിൽ വൻ വിജയമാണ് നേടുന്നത്. 200 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം ഇപ്പോഴും വിജയകരമായ പ്രദർശനം തുടരുകയാണ്.

ഇത്തരം സിനിമകളുടെ വിജയം മലയാള സിനിമ ഇൻഡസ്ട്രിയുടെ പ്രത്യേകതയെയാണ് അടിവരയിടുന്നത്. വലിയ താരനിരയോ വിപുലമായ പ്രമോഷനുകളോ ഇല്ലാതെ തന്നെ, നല്ല കഥയും അവതരണവുമുള്ള ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുക്കുന്ന പ്രവണതയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

ഇപ്പോഴിതാ, മോഹിനിയാട്ടം സിനിമയെ കുറിച്ച് മലയാള മനോരമ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ സൈജു കുറുപ്പ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

ഒരു പരാജയപ്പെട്ട സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കാനുള്ള ആത്മവിശ്വാസം തനിക്ക് ആട് സിനിമയിൽ നിന്നാണ് ലഭിച്ചതെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, പ്രേക്ഷകർ കരുതുന്നതുപോലെ ഭരതനാട്യം മൂന്നാം ഭാഗം കുച്ചിപ്പുടി, കഥകളി, ഒപ്പന, മാർഗംകളി തുടങ്ങിയ പേരുകളല്ലെന്നും താരം വ്യക്തമാക്കി.

‘ഭരതനാട്യത്തിൻ്റെ മൂന്നാം ഭാഗത്തിന്റെ പേര് കുച്ചിപ്പുഡി, കഥകളി ,ഒപ്പന, മാർഗംകളി എന്നൊന്നുമായിരിക്കില്ല. മോഹിനിയാട്ടത്തിന് ആദ്യമിട്ട ഇംഗ്ലിഷ് പേരായിരിക്കാം. അതിനാൽ ആ പേരിപ്പോൾ രഹസ്യമായിരിക്കട്ടെ.

ആ ഇംഗ്ലിഷ് പേരിലും മോഹിനിയാട്ടത്തിലും താളം ചവിട്ടി നിന്ന സംവിധായകൻ കൃഷ്‌ണദാസ് മുരളിയോട് മിഥുൻ മാനുവൽ തോമസാണ് പറഞ്ഞത് മോഹിനിയാട്ടത്തിൽ ഉറപ്പിക്കാൻ.

ഭരതനാട്യം, Photo: YouTube/ Screengrab

ഭരതനാട്യത്തിന്റെ ട്രാക്കിലല്ല ഇതെന്ന് സംവിധായകൻ കൃഷ്ണ‌ദാസ് മുരളി ആദ്യമേ പറഞ്ഞിരുന്നു. ഡാർക്ക് ഹ്യൂമറിൻ്റെ വഴിയായിരുന്നു. നൂൽ പാലത്തിലൂടെ നടക്കുന്നത് പോലെയാണ് ആ സഞ്ചാരം. ഭയമുണ്ടായിരുന്നു.

ഏറ്റവും ഭയം ഫാമിലി തീം പോകും എന്നതായിരുന്നു. പക്ഷേ കഥ നടക്കുന്നത് ഫാമിലിക്കുള്ളിലായതിനാൽ അതു പ്രശ്‌നമാകില്ലായിരിക്കും എന്നു തോന്നി,’ സൈജു കുറുപ്പ് പറഞ്ഞു.

ഒന്നാം ഭാഗം പൂർണ പരാജയമായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം എടുക്കാനുള്ള ധൈര്യം ‘ആടാ’ണ് തന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ആട് ഒന്ന് തിയേറ്ററിൽ വിജയമല്ലായിരുന്നു. പക്ഷേ രണ്ടാം ഭാഗം വൻ വിജയമായി.

ഭരതനാട്യം തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും ഒ.ടി.ടിയിൽ വിജയമായിരുന്നു. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് 100 മില്യൻ സ്ട്രീമിങ് മിനിറ്റ് നേടിയ സിനിമയായിരുന്നു. അതും തനിക്ക് ധൈര്യം നൽകിയെന്നും സൈജു കുറുപ്പ് കൂട്ടിച്ചേർത്തു.

Content Highlight: Actor Saiju Kurup reveals the name of Bharatanatyam Part 3

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more