| Sunday, 8th November 2026, 5:45 pm

'സീരിയസ് കഥാപാത്രങ്ങൾ മാത്രമല്ല ചെയ്യുന്നത്, എന്റെ തുടക്കം തന്നെ കോമഡിയിലൂടെയായിരുന്നു’; സാഗർ സൂര്യ

അജ്മല്‍ കെ

സീരിയസ് കഥാപാത്രങ്ങൾ മാത്രമാണ് താൻ തെരഞ്ഞെടുക്കുന്നതെന്ന ധാരണ ശരിയല്ലെന്ന് നടൻ സാഗർ സൂര്യ. ഹാസ്യപരിപാടികളിലൂടെയാണ് തന്റെ അഭിനയജീവിതം തുടങ്ങിയതെന്നും ഇതുവരെ ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമായ സിനിമകളിലെ കഥാപാത്രങ്ങൾ വ്യത്യസ്ത സ്വഭാവത്തിലുള്ളവയാണെന്നും സാഗർ പറഞ്ഞു. ഓരോ കഥാപാത്രത്തിനും വേണ്ടി താൻ നടത്തുന്ന തയ്യാറെടുപ്പുകളെക്കുറിച്ചും അഭിനയത്തിലെ തന്റെ രീതികളെക്കുറിച്ചും മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘നമ്മൾ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് സീരിയസ് റോളുകൾ ചെയ്യണം എന്ന രീതിയിലൊന്നുമല്ല. എന്റെ തുടക്കം തന്നെ ഹ്യൂമർ പരിപാടിയിലൂടെയായിരുന്നു. ‘തട്ടീം മുട്ടീം’ ആണ് എന്റെ തുടക്കം. ഒന്നോ രണ്ടോ വർഷത്തോളം കോമഡി കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. ഇപ്പോൾ ‘പണി’ കഴിഞ്ഞിട്ടാണെങ്കിലും ‘പ്രകമ്പനം’ ഒരു ഹ്യൂമർ പരിപാടിയായിരുന്നു. അതിനും നല്ല സ്വീകാര്യത ലഭിച്ചു.

സാഗർ സൂര്യ. Photo. Screen Grab/ Youtube.com

ഇപ്പോൾ ചെയ്യുന്ന സിനിമകളുടെ ശൈലികളിലും മാറ്റമുണ്ട്. അതുകൊണ്ട് ഞാൻ സീരിയസ് കഥാപാത്രങ്ങൾ മാത്രമാണ് ചെയ്യുന്നതെന്ന് തോന്നുന്നില്ല. ഇനി വരാനിരിക്കുന്ന സിനിമകളിലും അങ്ങനെയല്ല,’ സാഗർ പറഞ്ഞു.

അഭിനയരംഗത്ത് നിലനിൽക്കണമെങ്കിൽ കഠിനാധ്വാനം ആവശ്യമാണെന്ന ബോധ്യം തനിക്കുണ്ടെന്നും സാഗർ പറയുന്നു. ചില അഭിനേതാക്കൾ വളരെ അനായാസമായാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്നും നടി ലെന അത്തരത്തിലൊരാളാണെന്നും താരം ചൂണ്ടിക്കാട്ടി.

‘ഭയങ്കരമായി അധ്വാനിച്ചാൽ മാത്രമേ ഇവിടെ നല്ല രീതിയിൽ മുന്നോട്ടുപോകാൻ കഴിയൂ എന്നൊരു ബോധ്യം എനിക്കുണ്ട്. ചിലരൊക്കെ വളരെ ഈസിയായിട്ടാണ് അഭിനയിക്കുന്നത്. ലെന ചേച്ചി അങ്ങനെയാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചേച്ചി എപ്പോഴും പറയും, ‘ഞാൻ ഡയറക്ടറുടെ ആക്ടറാണ്. ഡയറക്ടർ എന്താണോ പറയുന്നത്, അത് ചെയ്യാനാണ് എനിക്ക് കൂടുതൽ ഇഷ്ടം’ എന്ന്.

ഞാൻ ആണെങ്കിൽ ചേച്ചിയോട് ഒരുപാട് കാര്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കും. ഇത്രയും കാലത്തെ അനുഭവം എങ്ങനെയാണ്, എങ്ങനെയാണ് ഇത്ര അനായാസമായി കാര്യങ്ങൾ ചെയ്യുന്നത് എന്നൊക്കെ ചോദിക്കാറുണ്ട്. അതെല്ലാം അറിയാൻ എനിക്ക് വലിയ കൗതുകമാണ്,’ സാഗർ പറഞ്ഞു.

അതേസമയം, ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കാൻ താൻ പിന്തുടരുന്ന രീതി ചിലപ്പോൾ തനിക്ക് തന്നെ ബുദ്ധിമുട്ടുണ്ടാക്കാറുണ്ടെന്നും സാഗർ തുറന്നുപറഞ്ഞു. പ്രത്യേകിച്ച് വൈകാരികമായ രംഗങ്ങൾ ചെയ്യുമ്പോൾ അതിനായി വലിയ രീതിയിൽ മാനസികമായി തയ്യാറെടുക്കേണ്ടിവരാറുണ്ടെന്നാണ് താരം വ്യക്തമാക്കി.

‘ഞാൻ ഭയങ്കര ക്യൂരിയസാണ്. അതുപോലെ തന്നെ ടെൻസ്ഡുമാണ്. ഞാൻ കഥാപാത്രങ്ങൾക്കായി തയ്യാറെടുക്കുന്ന രീതിയും അങ്ങനെയാണ്. ചില ഇമോഷണൽ സീനുകളൊക്കെ ചെയ്യുമ്പോൾ ഒരുപാട് എഫർട്ട് എടുത്താണ് ചെയ്യുന്നത്. ചില സമയത്ത് അത് എനിക്ക് തന്നെ വളരെ ബാഡ് ആണെന്ന് തോന്നാറുണ്ട്. കാരണം, ഒരുപാട് ആലോചിച്ചും മാനസികമായി എന്നെത്തന്നെ തളർത്തിയുമൊക്കെയാണ് അത്തരം രംഗങ്ങൾ ചെയ്യുന്നത്.

സാഗർ സൂര്യ. Photo. Facebook.com

ഇപ്പോൾ ചെയ്യുന്ന സിനിമകളിലാണെങ്കിലും ഞാൻ ഇത്തരമൊരു പ്രോസസിലൂടെയാണ് കടന്നുപോകുന്നത്,’ സാഗർ സൂര്യ വ്യക്തമാക്കി.

Content Highlight: Actor Sagar Surya states that the perception that he only chooses serious characters is incorrect

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more