| Sunday, 6th September 2026, 2:25 pm

മൈസൂർപാക്ക് സ്റ്റാർ, മൈസൂർ ബോയ് എന്നൊക്കെയാണ് അറിയപ്പെടുന്നത്, ഇത്രയും ശ്രദ്ധിക്കപ്പെടുമെന്ന് കരുതിയില്ല; റോഷൻ ഷാനവാസ്‌

അജ്മല്‍ കെ

ജിത്തു മാധവൻ സംവിധാനം ചെയ്ത ‘ആവേശ’ത്തിലൂടെ മലയാളികൾക്ക് പരിചിതനായ നടനാണ് റോഷൻ ഷാനവാസ്. പൈങ്കിളി, നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്, മോളിവുഡ് ടൈംസ് തുടങ്ങിയ ചിത്രങ്ങളിലും റോഷൻ വേഷമിട്ടുണ്ട്. ഇപ്പോഴിതാ ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ലെ ഗ്ലിക്സണിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയാണ് റോഷൻ.

ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 200 കോടി നേട്ടവുമായി മുന്നേറുന്നതിനിടെ, ചിത്രത്തിലെ ഗ്ലിക്സൺ എന്ന കഥാപാത്രത്തിന് ലഭിക്കുന്ന സ്വീകാര്യതയെക്കുറിച്ച് മനസുതുറക്കുകയാണ് താരം. ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ സിനിമയിലെ ഗ്ലിക്സൺ എന്ന കഥാപാത്രം കരിയറിലെ തന്നെ നല്ലൊരു ബ്രേക്ക് ആയിരുന്നുവെന്ന് നടൻ റോഷൻ. ‘ആവേശം’ കഴിഞ്ഞ് തനിക്ക് ലഭിച്ച ഏറെ പോപ്പുലറായ കഥാപാത്രങ്ങളിലൊന്നാണ് ഗ്ലിക്സണെന്നും, പ്രേക്ഷകർ കഥാപാത്രത്തെ ഇത്രയധികം സ്വീകരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും റോഷൻ പറഞ്ഞു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. Screen Grab/ Youtube

‘ഗ്ലിക്സൺ കരിയറിലെ തന്നെ നല്ലൊരു വേഷമായായിരുന്നു. ‘ആവേശം’ കഴിഞ്ഞിട്ട് കിട്ടുന്ന അത്രയും പോപ്പുലറായ ഒരു കഥാപാത്രമാണത്. ആളുകൾക്ക് ഇത്രയും ഇഷ്ടപ്പെട്ട ഒരു കഥാപാത്രം ഗ്ലിക്സൺ ആയിരിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഒരുപാട് മെസേജുകളും കോളുകളും വരുന്നുണ്ട്. സിനിമ കണ്ടിറങ്ങുന്ന ചേട്ടന്മാരും ചേച്ചിമാരും പ്രായമായവരും കുട്ടികളുമൊക്കെ നേരിട്ട് വന്ന് നന്നായിട്ടുണ്ടെന്ന് പറയുന്നുണ്ട്. അതൊക്കെ കാണുമ്പോൾ ഭയങ്കര സന്തോഷമാണ്,’ റോഷൻ പറഞ്ഞു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ചെയ്യുമ്പോഴുള്ള തന്റെ ഏറ്റവും വലിയ വിശ്വാസം സംവിധായകൻ ഗിരീഷ് എ.ഡിയോടൊപ്പമുള്ള പ്രവർത്തനമായിരുന്നുവെന്നും റോഷൻ വ്യക്തമാക്കി. ഗിരീഷ് എഡി തന്റെ ക്രാഫ്റ്റിൽ ഒരു കഥാപാത്രത്തെയും വെറുതെ എഴുതിവെക്കില്ലെന്ന ഉറപ്പുണ്ടായിരുന്നു. സിനിമ ഹിറ്റാകുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഗ്ലിക്സണെ പ്രേക്ഷകർ ഇത്രയധികം ഏറ്റെടുക്കുമെന്ന് കരുതിയിരുന്നില്ല എന്നും താരം വ്യക്തമാക്കി.

‘പടം ഹിറ്റാകുമെന്ന് ഉറപ്പുണ്ടായിരുന്നു. പക്ഷേ എന്റെ കഥാപാത്രമായ ഗ്ലിക്സനെ ആളുകൾ ഇത്രയും അധികം സ്വീകരിക്കുമെന്നൊന്നും കരുതിയിരുന്നില്ല. അത് ഭയങ്കര അൺഎക്സ്പെക്ടഡ് ആയിരുന്നു. ‘മൈസൂർ പാക്ക്’ എന്നൊക്കെയുള്ള കാര്യങ്ങൾ റിലീസ് ആയപ്പോഴേക്കും ഞാൻ മറന്നുപോയിരുന്നു. അതൊക്കെ ഇത്രയും ഹിറ്റാകുമെന്ന് ചിന്തിച്ചിട്ടുപോലുമില്ല. ചിലപ്പോൾ ഗിരീഷേട്ടൻ നേരത്തെ അത് അറിഞ്ഞിട്ടുണ്ടായിരിക്കും, എനിക്ക് അറിയില്ലായിരുന്നു,’ റോഷൻ കൂട്ടിച്ചേർത്തു.

ബെത്‌ലഹേം കുടുംബ യൂണിറ്റ്. Photo. IMDb

ഗ്ലിക്സണെ അവതരിപ്പിക്കുമ്പോൾ കഥാപാത്രത്തിന്റെ സ്വഭാവത്തിലേക്ക് കൂടുതൽ മാറേണ്ടി വന്നില്ലെന്നും റോഷൻ പറഞ്ഞു. പെൺകുട്ടികളുടെ കാര്യത്തിൽ കുറച്ച് താത്പര്യമുള്ള ആളാണ് ഗ്ലിക്സൺ. കഥാപാത്രത്തിന്റെ ആ സ്വഭാവവും മറ്റുള്ളവരോടുള്ള സമീപനവുമെല്ലാം ഗിരീഷ് എഡി പറഞ്ഞുതന്ന രീതിയിൽ ചെയ്യുകയായിരുന്നു എന്നും താരം പറഞ്ഞു.

’90 ശതമാനം ആളുകളോടും പുച്ഛമുള്ള ആളാണ് ഗ്ലിക്സൺ. അയാളുടെ ലോകത്ത് അയാൾ തന്നെയാണ് ആൺ ഹീറോ. അങ്ങനെയാണ് ആ കഥാപാത്രം ചെയ്തത്,’ റോഷൻ പറഞ്ഞു.

Content Highlight: Actor Roshan Shanavas talks about his role as Glikson in the Bethlehem family unit

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more