| Saturday, 4th July 2026, 11:00 pm

സുപ്രിയ അടുത്ത സുഹൃത്താണ്, അവര്‍ സിനിമയെ നോക്കിക്കാണുന്ന രീതി ഭയങ്കര ഇഷ്ടമാണ്: റോഷന്‍ മാത്യു

അശ്വിന്‍ രാജേന്ദ്രന്‍

2015 ല്‍ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തില്‍ ചെറുതെങ്കിലും ശ്രദ്ധേയമായ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് റോഷന്‍ മാത്യു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ പുതിയ നിയമം, ആനന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്. പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ പ്രത്യക്ഷപ്പെട്ട റോഷന്‍ ഇന്ന് മലയാളത്തിലെ മികച്ച യുവ നായക നടന്മാരിലൊരാളാണ്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ആക്ഷന്‍ ചിത്രം ചത്താ പച്ചയില്‍ താരം പ്രധാനവേഷത്തിലെത്തിയിരുന്നു.

ഉയിര്‍. Photo: District

ഷാഹി കബീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത റോന്ത് എന്ന ചിത്രത്തിന് ശേഷം റോഷന്‍ മാത്യു വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് എം. പത്മകുമാര്‍ സംവിധാനം ചെയ്ത ഉയിര്‍. ജൂണ്‍ 26ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം സ്വന്തമാക്കി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ നിര്‍മാതാവും നടന്‍ പൃഥ്വിരാജ് സുകുമാരന്റെ പങ്കാളിയുമായ സുപ്രിയയെ കുറിച്ച് റോഷന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

സുപ്രിയ തന്റെ അടുത്ത സുഹൃത്താണെന്നും കുരുതി ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് സുപ്രിയയുമായി കൂടുതല്‍ സൗഹൃദത്തിലാകുന്നതെന്നും റോഷന്‍ മാത്യു പറഞ്ഞു. നല്ല സംഭാഷണങ്ങളാണ് അവരുമായി നടക്കാറുള്ളതെന്നും സുപ്രിയ സിനിമയെ നോക്കിക്കാണുന്ന രീതിയും സിനിമയെ കുറിച്ച് സംസാരിക്കുന്ന രീതിയും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും റോഷന്‍ മാത്യു പറഞ്ഞു.

പൃഥ്വിരാജും സുപ്രിയയും. Photo: X.com

ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എം.പത്മകുമാര്‍ സംവിധാനം ചെയ്ത ഉയിരില്‍ അജീബ് എന്ന പൊലീസ് ഓഫീസറായാണ് റോഷന്‍ മാത്യു വേഷമിടുന്നത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ബൈജു സന്തോഷ്, വിനീത് തട്ടില്‍, ദിവ്യ.എം. നായര്‍, സന്തോഷ് ത്രിവിക്രമന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. കൂര്‍ഗ്ഗ്, തലശ്ശേരി, പാലക്കാട്, കൊച്ചി, മുംബൈ തുടങ്ങി രാജ്യത്തെ അഞ്ച് വിവിധ സ്ഥലങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

Content Highlight: Actor Roshan Mathew Talks about Supriya menon

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more