| Tuesday, 26th May 2026, 12:38 pm

കഥാപാത്രം വര്‍ക്കാതെ വന്നപ്പോഴുള്ള അവരുടെ ഫ്രസ്‌ട്രേഷന്‍ ഞാന്‍ കണ്ടിട്ടുണ്ട്; ഞാന്‍ ഒരൊറ്റ സിനിമ കൊണ്ട് വേള്‍ഡ് ഫേമസ് ആയി: റോഷന്‍ ബഷീര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയില്‍ അധികം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും ഒരൊറ്റ കഥാപാത്രം കൊണ്ട് പ്രേക്ഷകമനസ്സുകളില്‍ ഇടം നേടിയ താരമാണ് റോഷന്‍ ബഷീര്‍.

ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ദൃശ്യ’ത്തിലെ വരുണ്‍ പ്രഭാകര്‍ എന്ന ഒരൊറ്റ കഥാപാത്രം റോഷന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. ദൃശ്യം തന്റെ കരിയറില്‍ വരുത്തിയ വലിയ മാറ്റങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം.

‘എന്നെ സംബന്ധിച്ച് ‘ദൃശ്യം’ എന്ന് പറയുന്ന സിനിമ ഒരു ഹ്യൂജ് പ്ലസ് ആണ്. കാരണം മലയാളത്തില്‍ വളരെ കുറച്ച് സിനിമകള്‍ മാത്രം ചെയ്ത ഒരാളാണ് ഞാന്‍. പക്ഷേ ഒരൊറ്റ സിനിമ കൊണ്ട് തന്നെ… സത്യം പറഞ്ഞു കഴിഞ്ഞാല്‍ ഇങ്ങനെ ഒരു നടന്‍ വേറെ ഉണ്ടാവുമോ? നിങ്ങള്‍ തന്നെ ചിന്തിച്ചു നോക്കൂ, ഒരു സിനിമ കൊണ്ട് അതിലെ കഥാപാത്രം കൊണ്ട് വേള്‍ഡ് ഫേമസ് ആവുക, എല്ലാ വര്‍ഷവും ആ ക്യാരക്ടര്‍ ആഘോഷിക്കപ്പെടുക എന്നത് വലിയ കാര്യമാണ്.’

തന്റെ കഥാപാത്രത്തെ വെച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകളെയും റീല്‍സുകളെയും വളരെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ പറയുന്നു.

‘ഞാന്‍ ഇപ്പോള്‍ വരുന്ന വഴിക്ക് ഷൈന്‍ ചേട്ടനോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഷൈന്‍ ചേട്ടന്‍ പറഞ്ഞു, ‘ഈ സിനിമ ഇറങ്ങി കഴിഞ്ഞാല്‍ നിനക്ക് ഒരുപാട് ഗുണമുണ്ടാകും, അതുപോലെ തന്നെ ആള്‍ക്കാര്‍ നിന്നെ പിടിച്ച് എയറില്‍ വിടും. അത് നിന്നോടുള്ള ദേഷ്യമല്ല, അത് നിന്നോട് പേഴ്‌സണലി ഉള്ള ഒരു വൈരാഗ്യമല്ല. അത് നീ എന്നുള്ള ഒരാള്‍ അങ്ങനെ ഒരു സ്‌പേസില്‍ ഉള്ളതുകൊണ്ടും നിനക്ക് കിട്ടുന്ന ഒരു ആഘോഷമാണത്. അത് നീ പ്ലസ് ആക്കി എടുത്തു കഴിഞ്ഞാല്‍ അത് ഭയങ്കര ഒരു സംഭവമാണ്’ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര പോസിറ്റീവ് ആയിട്ട് തോന്നി.’ റോഷന്‍ പറഞ്ഞു.

സിനിമയില്‍ അവസരങ്ങള്‍ക്കായി കഷ്ടപ്പെടുന്ന സുഹൃത്തുക്കളെ കാണുമ്പോള്‍ തനിക്ക് കിട്ടിയ ഭാഗ്യം എത്രത്തോളം വലുതാണെന്ന് ബോധ്യപ്പെടാറുണ്ടെന്നും റോഷന്‍ പറയുന്നു.

‘എനിക്ക് ഒരുപാട് നടന്മാരായ സുഹൃത്തുക്കളുണ്ട്. അവരൊക്കെ വളരെ കഷ്ടപ്പെട്ട് ഒരു കഥാപാത്രമായി വന്ന് ഒരു സിനിമയില്‍ അഭിനയിച്ചിട്ട് അത് വര്‍ക്ക് ആവാതെ പോകുമ്പോള്‍ അവര്‍ക്കുണ്ടാകുന്ന ഫ്രസ്‌ട്രേഷന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അപ്പോള്‍ അവരൊക്കെ എന്നോട് പറയുന്ന കാര്യം, ‘എടാ നീ ഒരു പരിപാടി ചെയ്തിട്ട് അത് ശരിക്കും അങ്ങട്ട് ബഹിരാകാശത്തേക്ക് പോയി, അത് ഭയങ്കര സംഭവമാണെന്ന്’. റോഷന്‍ പറഞ്ഞു.

റോഷന്‍ ബഷീര്‍ Photo:Milestone Makers

ഷൂട്ടിങ് സമയത്ത് ഈ കഥാപാത്രത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും റോഷന്‍ വെളിപ്പെടുത്തി. ലാലേട്ടന്റെ കഥാപാത്രത്തോട് എതിര്‍ത്തു നില്‍ക്കുന്ന, കഥയെ മുന്നോട്ട് നയിക്കുന്ന കേന്ദ്രബിന്ദുവാണ് വരുണ്‍ എന്ന് സിനിമ റിലീസായ ശേഷമാണ് മനസ്സിലായത്.

‘നമ്മള്‍ ആ സിനിമ അഭിനയിക്കുന്ന സമയത്ത് എനിക്കറിയില്ലായിരുന്നു ഈ ക്യാരക്ടര്‍ ദൃശ്യത്തില്‍ എങ്ങനെയാണ് കണക്ടഡ് എന്ന്. ഇത് ഇറങ്ങിയതിനുശേഷമാണ് ഇതാണ് പരിപാടി എന്നും, ഈ ക്യാരക്ടറാണ് സിനിമയുടെ നെടുംതൂണ് എന്നും അതിന്റെ ബേസ് എന്നും അറിഞ്ഞത്. അത് അറിഞ്ഞപ്പോള്‍ ഭയങ്കര പോസിറ്റീവ് ആയിരുന്നു.

ദൃശ്യം സിനിമയില്‍ മോഹന്‍ലാല്‍ Photo: Aashivad Cinemas

ലാലേട്ടനെ പോലത്തെ ഒരു വലിയൊരു ആര്‍ട്ടിസ്റ്റിന്റെ സിനിമയില്‍ ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കുക, അതായത് ലാലേട്ടന്‍ ക്യാരി ചെയ്യുന്നത് ആ ഒരു കഥാപാത്രത്തിലൂടെയാണ്, അവരുടെ ലൈഫ് സഞ്ചരിക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്. അതിന്റെ സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടായി, അതിന്റെ തേര്‍ഡ് പാര്‍ട്ട് വന്നു. അതൊക്കെ നോക്കുമ്പോള്‍ എന്നെ സംബന്ധിച്ച് ഭയങ്കര ഒരു പ്ലസ് ആണത്,’ റോഷന്‍ ബഷീര്‍ പറഞ്ഞു.

Content Highlight: Actor Roshan Basheer about Drishyam Movie and His Character

Latest Stories

We use cookies to give you the best possible experience. Learn more